തിയേറ്ററുകളെ ജനസഗാരമാക്കി മുന്നേറുകയാണ് ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്ര. കല്യാണി പ്രിയദര്‍ശന്‍ പ്രധാനവേഷത്തിലെത്തിയ ചിത്രം ഓണം റിലീസുകള്‍ക്കിടയില്‍ ബഹുദൂരം മുന്നിലാണ്. ഇതിനോടകം 50 കോടി ക്ലബ്ബില്‍ ഇടം പിടിച്ച ലോകഃ ഇനിയും ഒരുപാട് മുന്നേറുമെന്നാണ് പലരും വിലയിരുത്തുന്നത്. ഓരോ ദിവസം കഴിയുന്തോറും ചിത്രത്തിന്റെ സ്‌ക്രീനുകള്‍ കൂടിക്കൊണ്ടിരിക്കുകയാണ്.
കല്യാണിക്ക് പുറമെ നസ്‌ലെനും ലോകഃയില്‍ പ്രധാനവേഷം കൈകാര്യം ചെയ്തിട്ടുണ്ട്. ജീവിതത്തെക്കുറിച്ച് വലിയ ലക്ഷ്യങ്ങളൊന്നും ഇല്ലാത്ത സണ്ണി എന്ന യുവാവായാണ് നസ്‌ലെന്‍ വേഷമിട്ടത്. സ്വതസിദ്ധമായ മാനിറസങ്ങള്‍ കൊണ്ട് ആദ്യാവസാനം കൈയടി നേടാന്‍ നസ്‌ലെന് സാധിച്ചു. നസ്‌ലെനെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ ഡൊമിനിക് അരുണ്‍.
‘ഈ പടത്തിന്റെ കഥ നസ്‌ലെനോട് പറഞ്ഞപ്പോള്‍ വേണു എന്ന ക്യാരക്ടറിലേക്കായിരുന്നു അവനെ പരിഗണിച്ചത്. ഇപ്പോള്‍ ചന്തു ചെയ്ത വേഷം ചെയ്യാന്‍ ആദ്യം നസ്‌ലെനെയായിരുന്നു ഉദ്ദേശിച്ചത്. സണ്ണി എന്ന ക്യാരക്ടര്‍ ചെയ്യാന്‍ വേറൊരു നടനെയും പരിഗണിച്ചിരുന്നു. എന്നാല്‍ അയാള്‍ക്ക് ഡേറ്റില്ലാത്തതുകൊണ്ട് സണ്ണിയുടെ ക്യാരക്ടര്‍ നസ്‌ലെനിലേക്ക് എത്തുകയായിരുന്നു.
കഥ പറഞ്ഞപ്പോള്‍ തന്നെ ഞാന്‍ നസ്‌ലെനോട് സൂചിപ്പിച്ചിട്ടുണ്ടായിരുന്നു. ഒന്നുകില്‍ ഈ റോള്‍, അല്ലെങ്കില്‍ സണ്ണി എന്ന ക്യാരക്ടര്‍ നീ ചെയ്യേണ്ടി വരുമെന്ന്. ആ സമയത്ത് പ്രേമലു റിലീസായിട്ടുണ്ടായിരുന്നില്ല. പിന്നീട് കഥ ഡെവലപ്പായപ്പോഴേക്ക് സണ്ണിയുടെ ക്യാരക്ടര്‍ നസ്‌ലെന്‍ ചെയ്യാമെന്ന തീരുമാനത്തിലേക്കെത്തി.
വേണു എന്ന ക്യാരക്ടര്‍ ആര് ചെയ്യുമെന്ന് വിചാരിച്ച് ഇരിക്കുമ്പോഴാണ് കാസ്റ്റിങ് ഡയറക്ടര്‍ ചന്തുവിന്റെ പേര് പറഞ്ഞത്. അങ്ങനെയാണ് ചന്തു ഈ പടത്തിന്റെ ഭാഗമായത്. അരുണ്‍ കുര്യനും ഇപ്പോള്‍ കാണുന്ന റോളല്ലായിരുന്നു. ഇവരുടെ വീട്ടില്‍ എപ്പോഴും ഇരിക്കുന്ന ‘നോബഡി’ എന്ന ക്യാരക്ടറിലേക്കായിരുന്നു അരുണിനെ ഉദ്ദേശിച്ചത്. പിന്നീടാണ് എല്ലാം മാറിയത്,’ ഡൊമിനിക് അരുണ്‍ പറഞ്ഞു.
വേഫറര്‍ സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യചിത്രമായാണ് ലോകഃ ചാപ്റ്റര്‍ വണ്‍ ഒരുങ്ങിയത്. അഞ്ച് ഭാഗങ്ങളുള്ള സിനിമാറ്റിക് യൂണിവേഴ്‌സാണ് ഡൊമിനിക് അരുണ്‍ സൃഷ്ടിച്ചത്. വരും ഭാഗങ്ങളിലെ കഥ എന്തായിരിക്കുമെന്ന സൂചന നല്‍കിക്കൊണ്ടാണ് ചിത്രം അവസാനിച്ചത്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫറര്‍ ഫിലിംസാണ് ചിത്രം നിര്‍മിച്ചത്.
Content Highlight: Dominic Arun saying Naslen was considered in Chandu Salimkumar’s role in Lokah movie