ആദ്യചിത്രം ബോക്‌സ് ഓഫീസില്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും തന്റെ രണ്ടാമത്തെ ചിത്രം വമ്പന്‍ ഹിറ്റാക്കി മാറ്റിയ സംവിധായകനാണ് ഡൊമിനിക് അരുണ്‍. തരംഗത്തിന്റെ പരാജയത്തിന് ശേഷം ഡൊമിനിക് ഒരുക്കിയ ലോകഃ ചാപ്റ്റര്‍ വണ്‍ തിയേറ്ററുകളെ ഇളക്കിമറിച്ച് മുന്നോട്ട് കുതിക്കുകയാണ്. പല കളക്ഷന്‍ റെക്കോഡുകളും ഇതിനോടകം ലോകഃക്ക് മുന്നില്‍ മുട്ടുമടക്കിയിരിക്കുകയാണ്.
ബെംഗളൂരുവില്‍ കൂട്ടുകാരോടൊപ്പം അടിച്ചുപൊളിച്ച് നടക്കുന്ന സണ്ണിയുടെ എതിര്‍ ഫ്‌ളാറ്റില്‍ പുതിയ താമസക്കാരി വരുന്നതും പിന്നീട് നടക്കുന്ന കാര്യങ്ങളുമാണ് ചിത്രം പറയുന്നത്. നസ്‌ലെനാണ് സണ്ണിയായി വേഷമിട്ടത്. അപ്പുറത്തെ ഫ്‌ളാറ്റിലേക്ക് സണ്ണിയും സുഹൃത്തും നോക്കുന്ന സീനുകളിലെ കോമഡിയെല്ലാം തിയേറ്ററില്‍ നല്ല രീതിയില്‍ വര്‍ക്കൗട്ടായിരുന്നു. ഈ സീനിനെക്കുറിച്ചെല്ലാം സംസാരിക്കുകയാണ് സംവിധായകന്‍ ഡൊമിനിക് അരുണ്‍.
‘ആ സ്ട്രീറ്റ് സെറ്റിങ്ങിന്റെ ഐഡിയ എനിക്ക് കിട്ടിയത് വന്ദനത്തില്‍ നിന്നാണ്. അത്രയും സിമ്പിളായിട്ടുള്ള റഫറന്‍സാണത്. അപ്പുറത്തെ അപ്പാര്‍ട്‌മെന്റിലേക്ക് നോക്കുന്നതൊക്കെ വന്ദനമാണ്. ഞാന്‍ പ്രിയദര്‍ശന്റെ ഹാര്‍ഡ്‌കോര്‍ ഫാനാണ്. പുള്ളിയുടെ സിനിമകളൊക്കെയാണ് കുട്ടിക്കാലത്ത് കൂടുതലും കണ്ടിട്ടുള്ളത്. അദ്ദേഹത്തിന്റെ വര്‍ക്കുകളെല്ലാം എന്നെ ഇന്‍സ്പയര്‍ ചെയ്തിട്ടുണ്ട്.
ഈ പടത്തില്‍ ഇതുപോലെ ബോയ് നെക്‌സ്റ്റ് ഡോര്‍, ഗേള്‍ നെക്‌സ്റ്റ് ഡോര്‍ എന്ന കൊണ്‍സെപ്റ്റ് വന്നപ്പോള്‍ അതിന് റഫറന്‍സായി എന്റെ മനസില്‍ വന്ന പടം വന്ദനമാണ്. ബാംഗ്ലൂരില്‍ നടക്കുന്ന കഥ, അവിടെയുള്ള സ്ട്രീറ്റ്. വന്ദനം തന്നെ പിടിക്കാം, സെറ്റ് എന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നു. എന്നാല്‍ പൂര്‍ണമായും അത് കോപ്പി ചെയ്തില്ല,’ ഡൊമിനിക് അരുണ്‍ പറയുന്നു.
ആ ഒരു പോര്‍ഷനിലേക്ക് തങ്ങളുടേതായിട്ടുള്ള എന്തെങ്കിലും മാറ്റം വരുത്തണമായിരുന്നെന്നും അതിന് വേണ്ടി ചെറിയ എഫര്‍ട്ടുകള്‍ ഇട്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അങ്ങനെ ചെയ്തില്ലായിരുന്നെങ്കില്‍ കോപ്പിയടി എന്ന ചീത്തപ്പേര് വന്നേനെയെന്നും ഡൊമിനിക് പറഞ്ഞു.തങ്ങളുടെ വേര്‍ഷനിലുള്ള സെറ്റിങ് കൊണ്ടുവരിക എന്നതായിരുന്നു പ്ലാനെന്നും അദ്ദേഹം പറയുന്നു.
കല്യാണി പ്രിയദര്‍ശനാണ് ലോകഃയിലെ പ്രധാനവേഷം കൈകാര്യം ചെയ്തിരിക്കുന്നത്. സണ്ണി എന്ന കഥാപാത്രമായി മികച്ച പ്രകടനം നസ്‌ലെനും കാഴ്ചവെച്ചു. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫറര്‍ സിനിമാസാണ് ലോകഃ നിര്‍മിച്ചിരിക്കുന്നത്. ഇതിനോടകെ 90 കോടിക്കുമുകളില്‍ ചിത്രം ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയിട്ടുണ്ട്.
Content Highlight: Dominic Arun saying Apartment idea in Lokah movie was inspired from Vandanam movie