കൊവിഡ് ഡ്യൂട്ടിക്കിടെ മരിച്ച ഡോക്ടര്‍മാര്‍ക്ക് പി.എം.ജി.കെ.വൈ പ്രകാരം ഇന്‍ഷുറന്‍സിന് അര്‍ഹതയുണ്ട്: സുപ്രീം കോടതി
India
കൊവിഡ് ഡ്യൂട്ടിക്കിടെ മരിച്ച ഡോക്ടര്‍മാര്‍ക്ക് പി.എം.ജി.കെ.വൈ പ്രകാരം ഇന്‍ഷുറന്‍സിന് അര്‍ഹതയുണ്ട്: സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 11th December 2025, 10:25 pm

ന്യൂദല്‍ഹി: കൊവിഡ് കാലത്ത് ഡ്യൂട്ടിക്കിടെ മരിച്ച ഡോക്ടര്‍മാര്‍ക്ക് പി.എം.ജി.കെ.വൈ പ്രകാരം ഇന്‍ഷുറന്‍സിന് അര്‍ഹതയുണ്ടെന്ന് സുപ്രീം കോടതി.

ജോലിക്കിടെ മരണപ്പെട്ട ഡോക്ടര്‍മാരുടെ കുടുംബങ്ങള്‍ക്ക് ‘പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന’ ഉറപ്പുനല്‍കുന്ന 50 ലക്ഷം രൂപയുടെ പരിരക്ഷയ്ക്ക് അര്‍ഹതയുണ്ടെന്നാണ് കോടതിയുടെ നിരീക്ഷണം.

ഡോക്ടര്‍മാരോട് സഹായം തേടുന്നതില്‍ ഒരു തടസവും വരുത്താതിരിക്കുക എന്നതാണ് നിയമങ്ങളുടെയും ചട്ടങ്ങളുടെയും ലക്ഷ്യമെന്നും കോടതി ചൂണ്ടിക്കാട്ടി. ബോംബെ ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് പ്രദീപ് അറോറ എന്നയാള്‍ നല്‍കിയ ഹരജി പരിഗണിച്ചുകൊണ്ടായിരുന്നു കോടതിയുടെ പരാമര്‍ശം.

രാജ്യം മുഴുവന്‍ അവര്‍ക്കൊപ്പമുണ്ടെന്ന് ആരോഗ്യ വിദഗ്ധര്‍ക്ക് ഉറപ്പുനല്‍കുക എന്നതാണ് ഇന്‍ഷുറന്‍സ് പദ്ധതിയുടെ ലക്ഷ്യമെന്നും കോടതി പറഞ്ഞു. അതേസമയം സര്‍ക്കാരിന്റെ ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം സ്വകാര്യ മേഖലയിലെ ഡോക്ടര്‍മാര്‍ക്ക് കവറേജ് ലഭിക്കാന്‍ അര്‍ഹതയില്ലെന്നായിരുന്നു ബോംബെ ഹൈക്കോടതിയുടെ വിധി.

ഇതിനെ ചോദ്യം ചെയ്താണ് പ്രദീപ് അറോറ സുപ്രീം കോടതിയെ സമീപിച്ചത്. ഹരജി പരിഗണിച്ച കോടതി ഹൈക്കോടതി വിധി റദ്ദാക്കുകയും ചെയ്തു. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമേ ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യാന്‍ പാടുള്ളൂവെന്നും കോടതി പറഞ്ഞു.

മഹാരാഷ്ട്രയിലെ ഒരു സ്വകാര്യ ക്ലിനിക് നടത്തിയിരുന്ന ഡോക്ടറുടെ മരണമാണ് ഈ സുപ്രധാന വിധിയ്ക്ക് കാരണമായത്. താനെയില്‍ സ്വകാര്യ ക്ലിനിക് നടത്തിയിരുന്ന തന്റെ ഭര്‍ത്താവ് കൊവിഡ് ബാധയെ തുടര്‍ന്നാണ് മരിച്ചതെന്ന് ചൂണ്ടിക്കാട്ടി കിരണ്‍ ഭാസ്‌കര്‍ സുര്‍ഗഡെ എന്ന യുവതിയാണ് ഹൈക്കോടതിയെ സമീപിച്ചത്.

ഇന്‍ഷുറന്‍സ് കമ്പനി ക്ലെയിം നിരസിച്ചതോടെയാണ് യുവതി ഹരജി ഫയല്‍ ചെയ്തത്. സ്വകാര്യ ക്ലിനിക് ആശുപത്രിയായി പരിഗണിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്‍ഷുറന്‍സ് കമ്പനി ക്ലെയിം നിരസിച്ചത്. കമ്പനിയുടെ തീരുമാനം ഹൈക്കോടതിയും ശരിവെക്കുകയായിരുന്നു.

Content Highlight: Doctors who died during Covid duty are eligible for insurance under PMGKY: Supreme Court