കൊച്ചി: നടനും ബി.ജെ.പി നേതാവുമായ കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പുകേസിൽ മുന്‍ ജീവനക്കാര്‍ക്ക് മുന്‍കൂര്‍ ജാമ്യം നിഷേധിച്ച് ഹൈക്കോടതി. മൂന്ന് വനിതാ ജീവനക്കാര്‍ക്കെതിരെയായിരുന്നു ദിയ കൃഷ്ണയുടെ പരാതി. ഇവരില്‍ വിനീത, രാധു എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തള്ളിയത്.
രണ്ട് പേരാണ് കോടതിയെ സമീപിച്ചിരുന്നത്. ജീവനക്കാരെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പൊലീസ് കോടതിയെ അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയത്. നേരത്തെ വിചാരണകോടതിയും ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടര്‍ന്നാണ് ഇരുവരും ഹൈക്കോടതിയെ സമീപിച്ചത്.
അതേസമയം തങ്ങളെ തട്ടിക്കൊണ്ടുപോയെന്ന് കാണിച്ച് ജീവനക്കാര്‍ നല്‍കിയ പരാതിയില്‍ കൃഷ്ണകുമാറിനും കുടുംബത്തിനും കോടതി ജാമ്യം അനുവദിച്ചിരുന്നു. പരാതിയില്‍ തിരുവനന്തപുരം മ്യൂസിയം പൊലീസ് കൃഷ്ണകുമാറിനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. കൃഷ്ണകുമാറും ദിയയും കൃഷ്ണകുമാറിന്റെ സുഹൃത്ത് സന്തോഷുമായിരുന്നു കേസിലെ പ്രതികള്‍.
എന്നാല്‍ കൃഷ്ണകുമാറിനും കുടുംബത്തിനും എതിരെ തെളിവുകള്‍ കണ്ടെത്താനായില്ലെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിക്കുകയായിരുന്നു. പിന്നാലെ ഹൈക്കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു. നിലവില്‍ വനിതാ ജീവനക്കാര്‍ വീണ്ടും തിരിച്ചടി നേരിട്ടിരിക്കുകയാണ്.
മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ, കേസ് അന്വേഷണവുമായി ജീവനക്കാര്‍ സഹകരിച്ചില്ലെങ്കില്‍ അറസ്റ്റിനും സാധ്യതയുണ്ട്. ദിയ കൃഷ്ണയുടെ സ്ഥാപനത്തില്‍ നിന്നും 69 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് ഇവര്‍ക്കെതിരായ കേസ്.
വിനീത, ദിവ്യ ഫ്രാന്‍ക്ലിന്‍, രാധു എന്നിവര്‍ക്കെതിരെയാണ് ദിയ പരാതി നല്‍കിയിരുന്നത്. സ്ഥാപനത്തിലെത്തുന്ന ഉപഭോക്താക്കളില്‍ നിന്നും ജീവനക്കാര്‍ സ്വന്തം ക്യൂആര്‍ കോഡ് ഉപയോഗിച്ച് പണം വാങ്ങുകയായിരുന്നുവെന്നായിരുന്നു ദിയയുടെ പരാതി.
അതേസമയം കസ്റ്റമറില്‍ നിന്ന് തങ്ങളുടെ അക്കൗണ്ടിലേക്ക് പണം വാങ്ങിയാല്‍ മതിയെന്ന് ദിയ തന്നെയാണ് പറഞ്ഞതെന്നും നികുതി പ്രശ്നങ്ങള്‍ ഉള്ളതുകൊണ്ടാണ് അങ്ങനെ നിര്‍ദേശിച്ചതെന്നുമാണ് ജീവനക്കാര്‍ ആരോപിച്ചിരുന്നത്.
എന്നാല്‍ ദിയയുടെ കടയില്‍ നിന്നും ജീവനക്കാരികള്‍ പണം തട്ടിയെടുത്തതിന് തെളിവുണ്ടെന്നാണ് പൊലീസ് കോടതിയെ അറിയിച്ചത്. ജീവനക്കാരുടെ ബാങ്ക് രേഖകള്‍ ദിയയുടെ ആരോപണം ശരിവെക്കുന്നതാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.
Content Highlight: Financial fraud through QR code; No anticipatory bail for employees of Diya Krishna’s firm