എഡിറ്റര്‍
എഡിറ്റര്‍
മിതാലി രാജിന്റെ കയ്യില്‍ നിന്നും ഓട്ടോഗ്രാഫ് എഴുതി വാങ്ങി ദിയ; സദസ്സിലിരുന്ന് മൊബൈലില്‍ പകര്‍ത്തി അമ്മ ജ്യോതിക, വീഡിയോ കാണാം
എഡിറ്റര്‍
Tuesday 7th November 2017 7:19pm

മുംബൈ: കഴിഞ്ഞ ലണ്ടന്‍ ലോകകപ്പോടെ ഇന്ത്യന്‍ വനിതാ ക്രിക്കറ്റിന്റെ മുഖം ആകെ മാറിയിരിക്കുകയാണ്. പുരുഷ താരങ്ങളെപ്പോലെ തന്നെ വനിതാ താരങ്ങള്‍ക്കും രാജ്യത്ത് ആരാധകരുണ്ടായിരിക്കുകയാണ്. ക്യാപ്റ്റന്‍ മിതാലിയും ഹര്‍മന്‍പ്രീതും സ്മൃതി മന്ദാനയുമെല്ലാം ഇന്ന് ലേഡി സൂപ്പര്‍ സ്റ്റാറുകളാണ്. കൂട്ടത്തില്‍ മുന്നില്‍ നായിക മിതാലിയാണെന്ന് പറയാം. സച്ചിന് കിട്ടിയതുപോലെയുള്ള ആരാധക പിന്തുണയാണ് ഇന്ന് മിതാലിയ്ക്ക് ഇന്ത്യയിലുള്ളത്.

മിതാലിയുടെ റെക്കോര്‍ഡുകളും പ്രകടനവും അതിന് കരുത്ത് പകരുന്നുണ്ട്. മിതാലിയുടെ വാക്കുകള്‍ തന്നെ കടമെടുത്താല്‍ താന്‍ സച്ചിനോ ധോണിയോ ഒന്നുമല്ല മിതാലിയാണെന്ന് അറിയാമെങ്കിലും ആരാധകര്‍ ഇന്നും താരതമ്യം ചെയ്യുന്നത് തുടരുകയാണ്. എന്നാല്‍ കളിക്കളത്തില്‍ മാത്രമല്ല പുറത്തും മിതാലി സൂപ്പറാണ്. തന്റെ ആരാധകരെ പ്രത്യേകിച്ചും കൊച്ചു പെണ്‍കുട്ടികളെ തിരിച്ച് സ്‌നേഹിക്കാനും താരത്തിന് നന്നായി അറിയാം.

ഇവിടെ മിതാലിയുടെ മനസ്സ് കീഴടക്കിയിരിക്കുകയാണ് ദിയ സൂര്യ എന്ന കൊച്ചു മിടുക്കി. ഏതാണിവള്‍ എന്നല്ലേ? പറഞ്ഞാല്‍ അറിയും. തെന്നിന്ത്യന്‍ താരങ്ങളായ സൂര്യയുടെയും ജ്യോതികയുടെയും മകളാണ്. ഒരു പുരസ്‌കാര ദാനച്ചടങ്ങിലായിരുന്നു മിതാലിയും ദിയയും തമ്മില്‍ കണ്ടുമുട്ടിയത്.


Also Read: ‘ഒരു രാത്രി മദ്യപിച്ച് ലക്കില്ലാതെ അയാളെന്റെ മുറിയിലേക്ക് കടന്നു വന്നു’; തന്നെ സംവിധായകന്‍ പിന്നാലെ നടന്ന് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന വെളിപ്പെടുത്തലുമായി സ്വരാ ഭാസ്‌കര്‍


ചടങ്ങിനിടെ ഓട്ടോഗ്രാഫ് വേണമെന്ന് പറഞ്ഞ് അവതാരകരാണ് രസകരമായ സംഭവത്തിന് തുടക്കമിട്ടത്. ഒരു ആരാധികയ്ക്ക് ഓട്ടോഗ്രാഫ് നല്‍കണമെന്ന് പറഞ്ഞപ്പോള്‍ മിതാലി സമ്മതിച്ചു. പിന്നാലെ ഒരു കൊച്ചു ബാറ്റ് വേദിയിലെത്തിച്ച അവതാരകര്‍ മിതാലിയോട് ഒപ്പിടാന്‍ പറഞ്ഞു. താരം അനുസരിച്ചു.

എന്താണ് സംഭവിക്കുന്നതെന്ന് മിതാലി അമ്പരന്ന് നില്‍ക്കുമ്പോള്‍ അവര്‍ അതു വെളിപ്പെടുത്തി. മിതാലിയുടെ ആരാധിക മറ്റാരുമല്ല, വേദിക്ക് തൊട്ടുമുമ്പിലിരുന്ന ദിയയാണെന്ന്. പിന്നാലെ ദിയ വേദിയിലേക്ക് എത്തി. മിതാലിയെ വലിയ ഇഷ്ടമാണെന്നും കസിന്‍ പറഞ്ഞാണ് മിതാലിയെക്കുറിച്ചറിഞ്ഞതെന്നും വനിതാ ലോക കപ്പ് ഫൈനല്‍ ടെലിവിഷനില്‍ കണ്ടെന്നും ദിയ പറഞ്ഞു.

അതേസമയം, മിതാലിയെ വലിയ ഇഷ്ടമാണെങ്കിലും ക്രിക്കറ്റല്ല ബാഡ്മിന്റനാണ് തനിക്ക് ഇഷ്ടപ്പെട്ട കായിക ഇനമെന്ന് പറയാന്‍ ദിയ മടിച്ചില്ല. മകള്‍ക്ക് മിതാലിരാജ് സമ്മാനം നല്കുന്നത് സദസ്സിലിരുന്ന് ജ്യോതിക മൊബൈലില്‍ പകര്‍ത്തുന്നുണ്ടായിരുന്നു.

Advertisement