ആ സിനിമ ഇന്നും ഹൃദയത്തിൽ തങ്ങിനിൽക്കുന്ന ചിത്രം; അത്തരത്തിലുള്ള നല്ല കഥാപാത്രങ്ങൾ ചെയ്യണം: ദിവ്യ ഉണ്ണി
Entertainment
ആ സിനിമ ഇന്നും ഹൃദയത്തിൽ തങ്ങിനിൽക്കുന്ന ചിത്രം; അത്തരത്തിലുള്ള നല്ല കഥാപാത്രങ്ങൾ ചെയ്യണം: ദിവ്യ ഉണ്ണി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 13th June 2025, 10:50 pm

തൊണ്ണൂറുകളില്‍ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നായികയായിരുന്നു ദിവ്യ ഉണ്ണി. ഒരു മികച്ച നര്‍ത്തകി കൂടിയായ ദിവ്യ മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളിലായി ഏകദേശം 50 സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. പ്രണയവര്‍ണ്ണങ്ങള്‍, ചുരം, ആകാശഗംഗ തുടങ്ങിയ നിരവധി സിനിമകളിലെ അഭിനയത്തിലൂടെയാണ് ദിവ്യ ശ്രദ്ധിക്കപ്പെടുന്നത്.

ചുരുങ്ങിയകാലം കൊണ്ട് മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയവരുടെ നായികയായി അഭിനയിക്കാൻ ദിവ്യ ഉണ്ണിക്ക് ഭാഗ്യം ലഭിച്ചു. ഇപ്പോൾ തിരിച്ചുവരവിനെപ്പറ്റി സംസാരിക്കുകയാണ് ദിവ്യ ഉണ്ണി.

വർഷങ്ങൾക്ക് ശേഷവും താൻ ചെയ്ത കഥാപാത്രങ്ങൾക്ക് ലഭിക്കുന്ന സ്വീകാര്യത വളരെ വലുതാണെന്നും ഇനിയും അത്തരത്തിലുള്ള നല്ല കഥാപാത്രങ്ങൾ ചെയ്യണമെന്നുണ്ടെന്നും ദിവ്യ ഉണ്ണി പറയുന്നു.

താൻ ബോധപൂർവം അതിൽ നിന്ന് മാറി നിൽക്കുന്നതല്ലെന്നും ഓർമിക്കപ്പെടുന്ന കഥാപാത്രത്തിലൂടെ തിരിച്ചുവരണമെന്നാണ് ആഗ്രഹമെന്നും അവർ പറഞ്ഞു.

മനസിൽ തട്ടുന്ന കഥാപാത്രങ്ങൾ കിട്ടിയാൽ തീർച്ചയായും ചെയ്യുമെന്നും നൃത്തം ആധാരമാക്കിയുള്ള സിനിമകൾ ചെയ്യാൻ താത്പര്യമുണ്ടെന്നും നടി പറഞ്ഞു. ‘മണിച്ചിത്രത്താഴ്’ പോലുള്ള സിനിമകൾ ഇന്നും ഹൃദയത്തിൽ തങ്ങിനിൽക്കുന്ന ചിത്രമാണെന്നും അവർ കൂട്ടിച്ചേർത്തു. ഗൃഹലക്ഷ്മിയോട് സംസാരിക്കുകയായിരുന്നു അവർ.

‘വർഷങ്ങൾക്കിപ്പുറവും ഞാൻ ചെയ്ത കഥാപാത്രങ്ങൾക്ക് ലഭിക്കുന്ന സ്വീകാര്യത വളരെ വലുതാണ്. ഇനിയും അത്തരത്തിലുള്ള നല്ല കഥാപാത്രങ്ങൾ ചെയ്യണമെന്നുണ്ട്. ഞാൻ ബോധപൂർവം അതിൽ നിന്ന് മാറി നിൽക്കുന്നതല്ല. ഓർമിക്കപ്പെടുന്ന കഥാപാത്രത്തിലൂടെയാവണം തിരിച്ചു വരവ് എന്ന് ആഗ്രഹമുണ്ട്.

സ്ക്രിപ്റ്റ് കേൾക്കുന്നുണ്ട്. മനസിൽ തട്ടുന്ന കഥാപാത്രങ്ങൾ കിട്ടിയാൽ തീർച്ചയായും ചെയ്യും. നൃത്തം ആധാരമാക്കിയുള്ള സിനിമകൾ ചെയ്യാനും താത്പര്യമാണ്. ‘മണിച്ചിത്രത്താഴ്’ പോലുള്ള സിനിമകൾ ഇന്നും ഹൃദയത്തിൽ തങ്ങിനിൽക്കുന്നവയാണല്ലോ,’ ദിവ്യ ഉണ്ണി പറയുന്നു.

Content Highlight: Divya Unni Talking About Coming back to Malayalam Cinema