അന്ന് മമ്മൂക്ക വിളിച്ചു; ചെറിയ രംഗമായിരുന്നെങ്കിലും സ്‌ക്രീനില്‍ കണ്ടപ്പോള്‍ ഇഷ്ടമായി: ദിവ്യ പിള്ള
Entertainment
അന്ന് മമ്മൂക്ക വിളിച്ചു; ചെറിയ രംഗമായിരുന്നെങ്കിലും സ്‌ക്രീനില്‍ കണ്ടപ്പോള്‍ ഇഷ്ടമായി: ദിവ്യ പിള്ള
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 27th May 2025, 10:26 pm

വിനീത് കുമാര്‍ സംവിധാനം ചെയ്ത അയാള്‍ ഞാനല്ല എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്കെത്തിയ നടിയാണ് ദിവ്യ പിള്ള. ജീത്തു ജോസഫ് സംവിധാനം ചെയ്ത പൃഥ്വിരാജ് ചിത്രം ഊഴമാണ് നടിയുടെ കരിയറില്‍ വഴിത്തിരിവായത്.

പിന്നീട് നിരവധി സിനിമകളില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ ദിവ്യയ്ക്ക് സാധിച്ചു. മംഗളവാരം എന്ന തെലുങ്ക് ചിത്രത്തിലെ നടിയുടെ പ്രകടനം നിരവധി പ്രശംസ നേടി കൊടുത്തിരുന്നു.

മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡീനോ ഡെന്നിസ് സംവിധാനം ചെയ്ത ബസൂക്കയിലും ദിവ്യ പിള്ള ഒരു പ്രധാനവേഷത്തില്‍ എത്തിയിരുന്നു. എന്നാല്‍ മാസ്റ്റര്‍പീസ് ആയിരുന്നു ദിവ്യയുടെ ആദ്യ മമ്മൂട്ടി ചിത്രം. നടിയുടെ കരിയറിലെ മൂന്നാമത്തെ സിനിമയായിരുന്നു ഇത്.

ഇപ്പോള്‍ ഊഴത്തിന് ശേഷം മാസ്റ്റര്‍പീസില്‍ അഭിനയിച്ചതിനെ കുറിച്ച് പറയുകയാണ് ദിവ്യ പിള്ള. സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

ഊഴം എന്ന സിനിമ കഴിഞ്ഞപ്പോഴാണ് എനിക്ക് ഇനിയും സിനിമ ചെയ്യാനാവുമെന്ന് തോന്നിയത്. പക്ഷേ അപ്പോഴേക്കും കമ്പനിയില്‍ എനിക്ക് പ്രൊമോഷന്‍ ആയിരുന്നു. അപ്പോള്‍ സിനിമയില്‍ നിന്ന് തത്കാലം വിട്ടുനിന്ന് കരിയറില്‍ ശ്രദ്ധിക്കാന്‍ തുടങ്ങി.

ഓഫീസില്‍ നിന്ന് രണ്ടുമൂന്ന് ദിവസം ലീവെടുത്ത് നാട്ടില്‍ വന്ന് ചെയ്ത ചിത്രമാണ് മാസ്റ്റര്‍പീസ്. മാസ്റ്റര്‍പീസില്‍ പോലീസ് വേഷം ചെയ്യുമ്പോള്‍ മുകേഷേട്ടനും രണ്‍ജി പണിക്കര്‍ സാറും കുറേ ടിപ്പുകള്‍ പറഞ്ഞുതന്നിരുന്നു.

ചെറിയ രംഗമായിരുന്നെങ്കിലും സ്‌ക്രീനില്‍ കണ്ടപ്പോള്‍ ഒരുപാട് ഇഷ്ടമായി. മമ്മൂക്ക വിളിച്ചിരുന്നു. ജയറാം സാറിനൊപ്പം ഗ്രേറ്റ് ഗ്രാന്‍ഡ് ഫാദറിലായിരുന്നു അഭിനയിച്ചത്. അദ്ദേഹത്തിന്റെ മിക്ക സിനിമകളിലെയും ഡയലോഗുകള്‍ എനിക്ക് കാണാപാഠമാണ്,’ ദിവ്യ പിള്ള പറയുന്നു.

Content Highlight: Divya Pillai Talks About Masterpiece Movie And Mammootty