മുസ്‌ലിം സ്ത്രീകള്‍ക്ക് അനുകൂലമായുള്ള വിവാഹ മോചന നിയമം; ഹൈക്കോടതി വിധിക്കെതിരെ ഹരജിയുമായി കാന്തപുരം വിഭാഗം
Kerala News
മുസ്‌ലിം സ്ത്രീകള്‍ക്ക് അനുകൂലമായുള്ള വിവാഹ മോചന നിയമം; ഹൈക്കോടതി വിധിക്കെതിരെ ഹരജിയുമായി കാന്തപുരം വിഭാഗം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 3rd April 2024, 8:00 am

തിരുവനന്തപുരം: മുസ്‌ലിം സ്ത്രീകള്‍ക്ക് ഭര്‍ത്താവിന്റെ സമ്മതമില്ലാതെ സ്വന്തം നിലക്ക് വിവാഹ മോചനം നേടാമെന്ന കേരള ഹൈക്കോടതി വിധിക്കെതിരെ ഹരജിയുമായി കേരള മുസ്‌ലിം ജമാഅത്ത് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ വിഭാഗം. മുസ്‌ലിം സ്ത്രീകള്‍ക്ക് കോടതിയുടെ ഇടപെടല്‍ ഇല്ലാതെ തന്നെ വിവാഹ മോചനം നേടാമെന്നാണ് ഹൈക്കോടതി വിധിച്ചത്.

വിധിയെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജിയില്‍ സുപ്രീം കോടതി കേരള മുസ്‌ലിം ജമാഅത്തിന് നോട്ടീസ് അയച്ചു. 2021ലാണ് വിഷയത്തില്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കിയതെന്നും, കക്ഷി ഇതിനോടകം തന്നെ പുനര്‍ വിവാഹം ചെയ്തിട്ടുണ്ടാകുമെന്നും ജസ്റ്റിസുമാരായ എ.എസ്.ബൊപ്പണ്ണ, സഞ്ജയ് കുമാര്‍ എന്നിവരടങ്ങുന്ന ബെഞ്ച് നിരീക്ഷിച്ചു.

ഇതിന്റെ അടിസ്ഥാനത്തിലാണ് ഹരജിയില്‍ മുസ്‌ലിം ജമാഅത്തിന് നോട്ടീസ് അയക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചത്. ഇസ്‌ലാമിക ശരീഅത്തിലെ സ്ത്രീകളുടെ വിവാഹമോചന രീതിയായ ‘ഖുല്‍അ്’ സംബന്ധിച്ച ഹൈക്കോടതി വിധി ഇസ്‌ലാമിക വിരുദ്ധമാണെന്നും മുസ്‌ലിം ജമാഅത്ത് അവരുടെ ഹരജിയില്‍ വാദിച്ചു.

വിധി ഈ വിഷയത്തില്‍ സുപ്രീം കോടതിയുടെയും, കേരള, മദ്രാസ് ഹൈക്കോടതിയുടെയും വിധിന്യായങ്ങള്‍ക്ക് എതിരാണെന്നും മുസ്‌ലിം ജമാഅത്തിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ദേവതത്ത് കാമത്ത് പറഞ്ഞു. ഖുല്‍അ് സ്ത്രീകളുടെ അവകാശമായി ഇസ്‌ലാം അംഗീകരിക്കുന്നുണ്ടെന്നും എന്നാല്‍ മതം നിഷ്‌കര്‍ഷിച്ചിട്ടുള്ള നടപടിക്രമങ്ങള്‍ പാലിക്കാതെ ആ രീതി ഉപയോഗിച്ചാല്‍ സാമൂഹികവും മതപരവുമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Content Highlight: Divorce Act in favor of Muslim women; Kanthapuram filed a petition against the High Court verdict