ഫരീദാബാദ്: ഫരീദാബാദില്‍ സ്ത്രീധനവുമായി ബന്ധപ്പെട്ട പ്രശ്‌നത്തെ തുടര്‍ന്ന് യുവതിയെ വീടിന് മുന്നില്‍ കുഴിച്ചിട്ടതായി പരാതി. സ്ത്രീയെ കൊലപ്പെടുത്തി ഭര്‍ത്താവും കുടുംബവും രണ്ട് മാസത്തോളം വീടിന് മുന്നില്‍ തന്നെ ഒളിപ്പിക്കുകയായിരുന്നുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
യുവതിയെ കാണാനില്ലെന്ന് വീട്ടുകാര്‍ തന്നെ പരാതി നല്‍കി അന്വേഷണ ഉദ്യോഗസ്ഥരെയടക്കം കബളിപ്പിച്ചുവെന്നാണ് വിവരം. ഉത്തര്‍പ്രദേശിലെ ഫിറോസാബാദ് ജില്ലയിലെ ഷിക്കോഹാബാദ് സ്വദേശിയായ തനു കുമാര്‍ എന്ന യുവതിയെയാണ് ഭര്‍ത്താവും കുടുംബവും ചേര്‍ന്ന് കൊലപ്പെടുത്തിയതെന്നാണ് വിവരം.
സംഭവത്തില്‍ പല്ല പൊലീസ് നാല് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. യുവതിയുടെ ഭര്‍ത്താവ് അരുണ്‍ സിങ്, അദ്ദേഹത്തിന്റെ പിതാവ് ഭൂപ് സിങ്, സോണിയ, കാജല്‍ തുടങ്ങിയവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
യുവതിയുടെ പിതാവിന്റെ പരാതിക്ക് പിന്നാലെ വെള്ളിയാഴ്ച രാവിലെ നായിബ് തഹസില്‍ദാര്‍ ജസ്വന്ത് സിങ്ങിന് മുമ്പാകെ വീടിന് മുമ്പിലുള്ള കുഴി കുഴിക്കുകയും യുവതിയുടെ മൃതദേഹം പുറത്തെടുക്കുകയുമായിരുന്നു.
യുവതിയുടെ ഭര്‍ത്താവിനെയും ഭര്‍ത്താവിന്റെ പിതാവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ചോദ്യം ചെയ്യല്‍ തുടരുകയാണെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
രണ്ട് വര്‍ഷം മുമ്പാണ് യുവതി റോഷന്‍ നഗറിലെ അരുണ്‍ സിങ്ങിനെ വിവാഹം കഴിച്ചത്. ഏപ്രില്‍ 23ന് അരുണ്‍ സിങ്ങും പിതാവും ചേര്‍ന്ന് ജെ.സി.ബി വിളിച്ച് വരുത്തി വീടിന് മുന്നില്‍ പത്തടി ആഴമുള്ള കുഴിയെടുക്കുകയും യുവതിയെ അതില്‍ കുഴിച്ചിടുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
രണ്ട് ദിവസത്തിന് ശേഷം യുവതിയെ കാണാനില്ലെന്നും മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തിയാണെന്നും കാണിച്ച് കുടുംബം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
എന്നാല്‍ തന്റെ മകളെ സ്ത്രീധനത്തിന്റെ പേരില്‍ ഉപദ്രവിച്ചിരുന്നുവെന്നും വിവാഹശേഷം ഇക്കാരണത്താല്‍ സ്വന്തം വീട്ടില്‍ നില്‍ക്കേണ്ടി വന്നിട്ടുണ്ടെന്നും യുവതിയുടെ പിതാവ് പറഞ്ഞു. പഞ്ചായത്ത് ഇടപെട്ടതിന് പിന്നാലെയാണ് ഫരീദാബാദില്‍ യുവതി തിരിച്ചെത്തിയതെന്നും പിതാവ് പറഞ്ഞു.
പ്രശ്‌നം പരിഹരിക്കപ്പെട്ടിരുന്നില്ലെന്നും കാണാതായെന്ന് അറിഞ്ഞതോടെ വീട്ടില്‍ പോയിരുന്നുവെന്നും വീടിന് പുറത്ത് കുഴി കണ്ടതോടെ സംശയം ബലപ്പെട്ടെന്നും പിതാവ് പറഞ്ഞു. എന്നാല്‍ ഇത് പൊലീസിനെ അറിയിച്ചെങ്കിലും കാര്യമുണ്ടായില്ലെന്നും ഒരാഴ്ച മുമ്പാണ് പൊലീസ് സംഭവത്തിന്റെ നിജസ്ഥിതി മനസിലാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
പിന്നാലെയാണ് കുഴി പരിശോധിക്കാനുള്ള നടപടി സ്വീകരിച്ചതെന്നാണ് വിവരം. ബാദ്ഷാ ഖാന്‍ സിവില്‍ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം പോലീസ് തനുവിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറിയിട്ടുണ്ട്.
Content Highlight: Dispute over dowry in Faridabad; In-laws bury woman in front of her house