'തോളില്‍ കയ്യിട്ട് നടന്നവന്റെ കുത്തിന് ആഴമേറും', 'എല്ലാത്തിനും പിന്നില്‍ അബിന്‍ വര്‍ക്കി'; യൂത്ത് കോണ്‍ഗ്രസില്‍ ചേരിപ്പോര്
Kerala News
'തോളില്‍ കയ്യിട്ട് നടന്നവന്റെ കുത്തിന് ആഴമേറും', 'എല്ലാത്തിനും പിന്നില്‍ അബിന്‍ വര്‍ക്കി'; യൂത്ത് കോണ്‍ഗ്രസില്‍ ചേരിപ്പോര്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 22nd August 2025, 7:00 pm

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണ പരാതികള്‍ക്കും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ പദവിയിലെ രാജിക്കും പിന്നാലെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ചേരിപ്പോര്.

ഇപ്പോള്‍ നടക്കുന്ന വിവാദങ്ങള്‍ക്ക് പിന്നില്‍ അബിന്‍ വര്‍ക്കിയാണെന്ന് ആരോപിച്ച് ഒരു വിഭാഗമെത്തിയതോടെയാണ് നേതാക്കള്‍ ചേരി തിരിഞ്ഞ് ആരോപണ പ്രത്യാരോപണങ്ങള്‍ നടത്തിയത്. ഇതോടെ ചര്‍ച്ചകള്‍ വിലക്കി വാട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്‍ ഓണ്‍ലി ആക്കി.

ഒന്നിന് പിന്നാലെ ഒന്ന് എന്നോണം രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ യുവതികള്‍ പരാതി ഉന്നയിച്ചതിന് പിന്നാലെയാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ചേരിപ്പോര് ശക്തമായത്. വിഷയത്തില്‍ സ്ത്രീപക്ഷ നിലപാട് സ്വീകരിച്ചവര്‍ക്കെതിരെ കടുത്ത ആക്രമണവുമായി ഒരു വിഭാഗം രംഗത്തെത്തുകയായിരുന്നു.

അബിന്‍ വര്‍ക്കി, വി.പി. ദുല്‍ഖിഫില്‍, സ്നേഹ എന്നിവര്‍ക്കെതിരെയാണ് ഗ്രൂപ്പില്‍ ആക്രമണമുണ്ടായത്. രാഹുലിനെ സംഘടനയ്ക്കുള്ളില്‍ നിന്ന് തന്നെ ഒറ്റുകൊടുത്തു എന്നായിരുന്നു ഗ്രൂപ്പില്‍ ആരോപണമുണ്ടായത്.

രാഹുല്‍ പദവിയില്‍ തുടരരുതെന്ന് പരസ്യമായി ആവശ്യപ്പെട്ട സ്ത്രീപക്ഷ നിലപാട് സ്വീകരിച്ച യുവനേതാക്കള്‍ക്ക് നേരെ രൂക്ഷമായ അധിക്ഷേപവും ആക്രമണവുണ്ടായി. ഇവരെ ആക്രമിച്ചപ്പോള്‍ ചില നേതാക്കള്‍ മൗനം പാലിക്കുകയും മറ്റു ചിലര്‍ പ്രതിരോധവുമായി രംഗത്ത് വരികയുമായിരുന്നു.

ബാഹുബലിയെ പിന്നില്‍ നിന്നും കുത്തുന്ന കട്ടപ്പയുടെ ചിത്രം പങ്കുവെച്ചാണ് ചിലര്‍ പ്രതിഷേധമറിയിച്ചത്. തോളില്‍ കയ്യിട്ട് നടന്നവന്റെ കുത്തിന് ആഴമേറുമെന്നാണ് അടിക്കുറിപ്പോടെയായിരുന്നു ഈ ചിത്രം പങ്കുവെച്ചത്

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹികളുടെ ഗ്രൂപ്പില്‍ ചേരിപ്പോരിന് തുടക്കമിട്ടത് രാഹുല്‍ അനുകൂല പക്ഷത്തുള്ളവരാണെന്നാണ് ഒരു വിഭാഗം പറയുന്നത്.

ചതിയുടെ മുഖ്യ ആയുധം അവന്റെ കള്ളച്ചിരിയാണ്, തിരിച്ചറിയാന്‍ കഴിയാത്ത ചിരി. ആട്ടിന്‍തോലിന് പകരം പച്ചതത്തയുടെ കുപ്പായമണിഞ്ഞ ചെന്നായ എന്നൊക്കെയാണ് ചില ഭാരവാഹികള്‍ സഹഭാരവാഹികളെ വിശേഷിപ്പിച്ചിരിക്കുന്നത്. കൊളുത്തി വിട്ടവര്‍ കൂടെ നിന്നവര്‍ തന്നെയെന്നും ഗ്രൂപ്പില്‍ ആക്ഷേപം ഉയര്‍ന്നിരുന്നു.

എന്നാല്‍ ചേരിപ്പോര് രൂക്ഷമായതോടെ യൂത്ത് കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വം ഇടപെട്ട് സംസ്ഥാന ഔദ്യോഗിക ഗ്രൂപ്പ് തന്നെ പൂട്ടിച്ചിരിക്കുകയാണ്. ജനറല്‍ സെക്രട്ടറി പുഷ്പലത ഗ്രൂപ്പ് അഡ്മിന്‍ ഒണ്‍ലിയാക്കി മാറ്റി.

 

Content highlight: Dispute in Youth Congress State Committee’s WhatsApp group over Rahul Mamkoottathil issue