ഒരു പെണ്‍കുട്ടിക്ക് അത്രയും കെയര്‍ ഫ്രീ ആയും സ്വന്തം റൂള്‍സില്‍ ജീവിക്കാനും കഴിയുമെന്ന് തെളിയിച്ച ചിത്രമാണത്: ദിഷ പതാനി
Entertainment
ഒരു പെണ്‍കുട്ടിക്ക് അത്രയും കെയര്‍ ഫ്രീ ആയും സ്വന്തം റൂള്‍സില്‍ ജീവിക്കാനും കഴിയുമെന്ന് തെളിയിച്ച ചിത്രമാണത്: ദിഷ പതാനി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 29th May 2025, 5:34 pm

ബോളിവുഡ് ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ നടിയാണ് ദിഷ പതാനി. 2015ല്‍ പുറത്തിറങ്ങിയ ലോഫര്‍ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് ദിഷ സിനിമ ലോകത്തേക്ക് അരങ്ങേറുന്നത്. മഹേന്ദ്ര സിങ് ധോണിയുടെ ജീവിത കഥ പറയുന്ന എം. എസ്. ധോണി: ദി അണ്‍ടോള്‍ഡ് സ്റ്റോറി എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ ചുവടുറപ്പിക്കാന്‍ താരത്തിന് കഴിഞ്ഞു.

തന്റെ സിനിമകളെ കുറിച്ചും തനിക്ക് ചെയ്യാന്‍ ആഗ്രഹമുള്ള കഥാപാത്രത്തെ കുറിച്ചും സംസാരിക്കുകയാണ് ദിഷ പതാനി. ഫെമിന മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ദിഷ.

‘സത്യം പറഞ്ഞാല്‍, ഞാന്‍ അധികം സിനിമകള്‍ ചെയ്തിട്ടില്ല. പക്ഷേ ഓരോ തവണയും ഒരു സിനിമയില്‍ സൈന്‍ അപ്പ് ചെയ്യുമ്പോള്‍, കഥാപാത്രങ്ങളുടെ വ്യത്യസ്ത തലങ്ങളിലേക്ക് ഞാന്‍ വളരെയധികം ആകര്‍ഷിക്കപ്പെടും. മലങ് എന്ന സിനിമ സ്വാതന്ത്ര്യത്തെക്കുറിച്ചായിരുന്നു.

ഒരു പെണ്‍കുട്ടിക്ക് അത്രയും കെയര്‍ ഫ്രീ ആയും സ്വന്തം റൂള്‍സില്‍ ജീവിതം നയിക്കാനും, അവള്‍ക്ക് സ്വാതന്ത്ര്യം എന്താണ് അര്‍ത്ഥമാക്കുന്നതെന്ന് അവള്‍ക്ക് തന്നെ തീരുമാനിക്കാന്‍ കഴിയുമെന്ന് ഞാന്‍ ആ സിനിമയിലൂടെ മനസിലാക്കി. സയന്‍സ് ഫിക്ഷന്‍-ആക്ഷന്‍ സിനിമയായ കല്‍ക്കി 2898 എ.ഡി എന്ന സിനിമയിലെ എന്റെ കഥാപാത്രം വളരെക്കാലമായി ആരാധിച്ചിരുന്ന ലോകത്തിലേക്ക് ഒരു പെണ്‍കുട്ടി കാലെടുത്തുവയ്ക്കുന്നതിനെ കുറിച്ചായിരുന്നു.

ആ പ്രൊജക്റ്റിന്റെ ഭാഗമാകുക എന്നത് ഒരു സ്വപ്നമായിരുന്നു. കാരണം എനിക്ക് സയന്‍സ് ഫിക്ഷന്‍ ഇഷ്ടമാണ്. അത്തരം സാങ്കല്‍പ്പിക സിനിമകളിലും കഥാപാത്രങ്ങളിലും ഞാന്‍ ജീവിക്കുന്നു. അതിന്റെ ഭാഗമാകുകയും മാനസികമായും ശാരീരികമായും വളരെ ശക്തനായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്യുന്നത് എനിക്ക് വളരെ ഇഷ്ടമുള്ള കാര്യമാണ്.

ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ എനിക്ക് ഇഷ്ടമാണ്. സ്ത്രീകള്‍ വളരെ ശക്തരാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. കൂടുതല്‍ ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ എനിക്ക് ആഗ്രഹമുണ്ട്. സ്‌ക്രീനില്‍ നമുക്ക് അങ്ങനെയുള്ള സ്ത്രീകളെ കുറച്ചുകൂടി മികച്ച രീതിയില്‍ അവതരിപ്പിക്കേണ്ടതുണ്ട്. സ്ത്രീകളില്‍ കുറേകൂടി സോഫ്റ്റ് സൈഡുമുണ്ട്. അതുകൊണ്ടുതന്നെ അവര്‍ മനോഹരമായ സൃഷ്ടിയാണ്,’ ദിഷ പതാനി പറയുന്നു.

Content Highlight: Disha Patani Talks About Her Movie