സുപ്രീംകോടതിയുടേതല്ല, കേന്ദ്രത്തിന്റെ പടിവാതില്‍ക്കലാണ് നിയമം റദ്ദ് ചെയ്യാനുള്ള വിവേചനാധികാരമുള്ളത്; കാര്‍ഷിക നിയമം സര്‍ക്കാര്‍ റദ്ദ് ചെയ്യണമെന്ന് സുര്‍ജേവാല
national news
സുപ്രീംകോടതിയുടേതല്ല, കേന്ദ്രത്തിന്റെ പടിവാതില്‍ക്കലാണ് നിയമം റദ്ദ് ചെയ്യാനുള്ള വിവേചനാധികാരമുള്ളത്; കാര്‍ഷിക നിയമം സര്‍ക്കാര്‍ റദ്ദ് ചെയ്യണമെന്ന് സുര്‍ജേവാല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 12th January 2021, 11:53 am

ന്യൂദല്‍ഹി: സുപ്രീംകോടതി ഇടപെട്ടാലും കാര്‍ഷിക നിയമം ആത്യന്തികമായി റദ്ദുചെയ്യേണ്ടത് കേന്ദ്രസര്‍ക്കാരാണെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല. കോടതിയേയും കാര്‍ഷിക പ്രതിഷേധത്തില്‍ കോടതിക്കുള്ള ആശങ്കകളേയും തങ്ങള്‍ മാനിക്കുന്നുവെന്നും എന്നാല്‍ നിയമങ്ങള്‍ റദ്ദാക്കാനുള്ള വിവേചനാധികാരം സര്‍ക്കാറിന്റെ പടിവാതില്‍ക്കലാണെന്നും സുര്‍ജേവാല കൂട്ടിച്ചേര്‍ത്തു.

‘ഞങ്ങള്‍ സുപ്രീം കോടതിയെയും അതിന്റെ ആശങ്കയെയും ബഹുമാനിക്കുന്നു… പക്ഷേ ആത്യന്തികമായി നിയമങ്ങള്‍ റദ്ദുചെയ്യേണ്ടതും നിയമങ്ങള്‍ റദ്ദാക്കാനുള്ള വിവേചനാധികാരമുള്ളതും സര്‍ക്കാറിന്റെ പടിവാതില്‍ക്കലാണ്, അല്ലാതെ സുപ്രീം കോടതിയല്ല,” രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു.

കാര്‍ഷിക നിയമത്തില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതിയില്‍ നിന്ന് രൂക്ഷമായ വിമര്‍ശനമാണ് ലഭിച്ചത്.
കര്‍ഷകരുടെ രക്തം കയ്യില്‍ പുരളാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്ന് കോടതി കേന്ദ്രസര്‍ക്കാരിനോട് വ്യക്തമാക്കി. രക്തച്ചൊരിച്ചല്‍ ഒഴിവാക്കാന്‍ ഉത്തരവാദിത്തമുണ്ടെന്നും കോടതി പറഞ്ഞു. ഇന്ത്യയിലെ സുപ്രീംകോടതിയായ തങ്ങള്‍ക്ക് വിഷയത്തില്‍ തീരുമാനമെടുക്കാന്‍ അറിയാമെന്നന്നും കോടതി പറഞ്ഞു.

പല സംസ്ഥാനങ്ങളും കാര്‍ഷിക നിയമത്തിനെതിരെ രംഗത്തുവന്നതും കോടതി ചൂണ്ടിക്കാട്ടി. പല സംസ്ഥാനങ്ങളും എതിര്‍ക്കുന്ന ഭേഗദതിയില്‍ എന്ത് കൂടിയാലോചന നടന്നുവെന്നും കോടതി സര്‍ക്കാരിനോട് ചോദിച്ചു.

സമരം തുടരാന്‍ കര്‍ഷകര്‍ക്ക് അവകാശമുണ്ടെന്നു തന്നെയാണ് കോടതി പറഞ്ഞത്. സുപ്രീംകോടതി ഇടപെട്ട് സമരം അവസാനിപ്പിച്ചെന്ന് പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും എന്നാല്‍ ഇപ്പോഴത്തെ സമരവേദി മാറ്റാന്‍ നിങ്ങള്‍ക്ക് കഴിയില്ലേയെന്ന് കോടതി കര്‍ഷകരോട് ചോദിച്ചു.
നിയമത്തിനെതിരെ കര്‍ഷകര്‍ ഒരു മാസത്തിലേറെയായി സമരത്തിലാണ്. കര്‍ഷകരും കേന്ദ്ര സര്‍ക്കാരും തമ്മില്‍ വെള്ളിയാഴ്ചയാണ് അടുത്ത ഘട്ട ചര്‍ച്ചകള്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. കര്‍ഷകരും കേന്ദ്ര സര്‍ക്കാരും തമ്മില്‍ ഏഴുവട്ടം ചേര്‍ന്ന ചര്‍ച്ചകളും പരാജയമായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights:  discretion to repeal the laws…lies at the doorsteps of the government and not the Supreme Court,” Randeep Surjewala