സ്ത്രീയാണ്, വൃദ്ധയാണ് എന്നാല്‍, ന്യായത്തിന് വേണ്ടിയാണെങ്കില്‍ ഞാന്‍ പ്രതിഷേധത്തിനിറങ്ങുക തന്നെ ചെയ്യും; എസ്.എ ബോബ്‌ഡെയ്ക്ക് മറുപടിയുമായി ഇന്ദിര ജെയ് സിങ്
farmers protest
സ്ത്രീയാണ്, വൃദ്ധയാണ് എന്നാല്‍, ന്യായത്തിന് വേണ്ടിയാണെങ്കില്‍ ഞാന്‍ പ്രതിഷേധത്തിനിറങ്ങുക തന്നെ ചെയ്യും; എസ്.എ ബോബ്‌ഡെയ്ക്ക് മറുപടിയുമായി ഇന്ദിര ജെയ് സിങ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 12th January 2021, 8:08 am

ന്യൂദല്‍ഹി: കാര്‍ഷിക പ്രതിഷേധത്തില്‍ സ്ത്രീകള്‍ പങ്കെടുക്കേണ്ടതില്ലെന്ന സുപ്രീംകോടതിയുടെ പരാമര്‍ശത്തിന് മറുപടിയുമായി മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജെയ്‌സിങ്. താന്‍ ഒരു സ്ത്രീയാണെന്നും ന്യായമായ കാരണത്തിനാണെങ്കില്‍ താന്‍ പ്രതിഷേധത്തില്‍ പങ്കുചേരുമെന്നും ഇന്ദിര ജെയ് സിങ് പ്രതികരിച്ചു.

” ചീഫ് ജസ്റ്റിസ്, ഞാന്‍ ഒരു സ്ത്രീയാണ്, ഞാന്‍ ”വൃദ്ധയാണ്’ ഞാന്‍ ഒരു അഭിഭാഷകയാണ്, പക്ഷേ ന്യായമായ കാരണമാണെങ്കില്‍ ഞാന്‍ പ്രതിഷേധത്തിന് പോകും,” അവര്‍ പറഞ്ഞു.

കാര്‍ഷിക നിയമം സംബന്ധിച്ച ഹരജി കേള്‍ക്കുന്നതിനിടെയായിരുന്നു പ്രായമായവരും സ്ത്രീകളും കുട്ടികളും പ്രതിഷേധത്തില്‍ പങ്കെടുക്കേണ്ടതില്ലെന്ന പരാമര്‍ശം സുപ്രീംകോടതി നടത്തിയത്. ഇതിനെതിരെ വ്യാപകമായി വിമര്‍ശനം ഉയര്‍ന്നുവന്നിരുന്നു.

അതേസമയം, കേന്ദ്രസര്‍ക്കാറിന് കോടതിയില്‍ നിന്ന് രൂക്ഷവിമര്‍ശനമാണ് ലഭിച്ചത്.കര്‍ഷകരുടെ രക്തം കയ്യില്‍ പുരളാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്ന് കോടതി കേന്ദ്രസര്‍ക്കാരിനോട് വ്യക്തമാക്കി. രക്തച്ചൊരിച്ചല്‍ ഒഴിവാക്കാന്‍ ഉത്തരവാദിത്തമുണ്ടെന്നും കോടതി പറഞ്ഞു. ഇന്ത്യയിലെ സുപ്രീംകോടതിയായ തങ്ങള്‍ക്ക് വിഷയത്തില്‍ തീരുമാനമെടുക്കാന്‍ അറിയാമെന്നന്നും കോടതി പറഞ്ഞു.

പല സംസ്ഥാനങ്ങളും കാര്‍ഷിക നിയമത്തിനെതിരെ രംഗത്തുവന്നതും കോടതി ചൂണ്ടിക്കാട്ടി. പല സംസ്ഥാനങ്ങളും എതിര്‍ക്കുന്ന ഭേഗദതിയില്‍ എന്ത് കൂടിയാലോചന നടന്നുവെന്നും കോടതി സര്‍ക്കാരിനോട് ചോദിച്ചു.

സമരം തുടരാന്‍ കര്‍ഷകര്‍ക്ക് അവകാശമുണ്ടെന്നു തന്നെയാണ് കോടതി പറഞ്ഞത്. സുപ്രീംകോടതി ഇടപെട്ട് സമരം അവസാനിപ്പിച്ചെന്ന് പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും എന്നാല്‍ ഇപ്പോഴത്തെ സമരവേദി മാറ്റാന്‍ നിങ്ങള്‍ക്ക് കഴിയില്ലേയെന്ന് കോടതി കര്‍ഷകരോട് ചോദിച്ചു.

നിയമത്തിനെതിരെ കര്‍ഷകര്‍ ഒരു മാസത്തിലേറെയായി സമരത്തിലാണ്. കര്‍ഷകരും കേന്ദ്ര സര്‍ക്കാരും തമ്മില്‍ വെള്ളിയാഴ്ചയാണ് അടുത്ത ഘട്ട ചര്‍ച്ചകള്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. കര്‍ഷകരും കേന്ദ്ര സര്‍ക്കാരും തമ്മില്‍ ഏഴുവട്ടം ചേര്‍ന്ന ചര്‍ച്ചകളും പരാജയമായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Indira Jaisingh against SA Bobde