കോഴിക്കോട്: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിനായുള്ള കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ ഇടപെടലിനെ അഭിനന്ദിച്ച് മാധ്യമപ്രവർത്തകനായ ശ്രീജിത്ത് ദിവാകരനും എഴുത്തുകാരനായ ബഷീർ വള്ളിക്കുന്നും.
ഈയടുത്ത് കണ്ട ഏറ്റവും അർത്ഥപൂർണമായ നടപടിയാണ് നിമിഷ പ്രിയ വിഷയത്തിൽ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ ഇടപെടലെന്നും അദ്ദേഹത്തെ മനസറിഞ്ഞ് അഭിനന്ദിക്കേണ്ട സമയമാണിതെന്നും ശ്രീജിത്ത് ദിവാകരനും ബഷീർ വള്ളിക്കുന്നും പറഞ്ഞു. തങ്ങളുടെ ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് ഇരുവരും അഭിനന്ദനം അറിയിച്ചത്.
കേരളം എന്ന സമൂഹത്തിന്റെ ഇഴയടുപ്പം ഇല്ലാതാക്കാൻ, ഊടും പാവും വേർതിരിക്കാൻ, എത്രയോ ശ്രമങ്ങൾ നടക്കുമ്പോഴും ഇഴയടുപ്പത്തോടെ മനുഷ്യരെ ചേർത്ത് നിർത്തുന്ന ഇത്തരം മഹനീയ ശ്രമങ്ങളാണ് നമ്മുടെ മനുഷ്യത്വത്തിന്റെ കൊടിയടയാളമെന്ന് ശ്രീജിത്ത് ദിവാകരൻ പറഞ്ഞു.
‘ഈയടുത്ത് നാം കണ്ട ഏറ്റവും അർത്ഥപൂർണമായ ഒരു ഇടപെടലാണ് കാന്തപുരം ഉസ്താദിന്റെ ഭാഗത്ത് നിന്ന് നിമിഷ പ്രിയയുടെ മോചനത്തിനായി നടന്നുപോരുന്നത്. കേരളം എന്ന സമൂഹത്തിന്റെ ഇഴയടുപ്പം ഇല്ലാതാക്കാൻ, ഊടും പാവും വേർതിരിക്കാൻ, എത്രയോ ശ്രമങ്ങൾ നടക്കുമ്പോഴും ഇഴയടുപ്പത്തോടെ മനുഷ്യരെ ചേർത്ത് നിർത്തുന്ന ഇത്തരം മഹനീയ ശ്രമങ്ങളാണ് നമ്മുടെ മനുഷ്യത്വത്തിന്റെ കൊടിയടയാളം.
നിസാരമായ കാര്യമല്ല ഇത്. രണ്ട് ഭരണകൂടങ്ങൾക്ക് പരസ്പരം പരിഹാരിക്കാവുന്നതല്ല. നയതന്ത്രപ്രതിനിധികൾക്കോ സ്ഥാനപതിമാർക്കോ ചർച്ച ചെയ്ത് പരിഹരിക്കാവുന്നതുമല്ല. അതിർത്തിക്കപ്പുറത്ത് വ്യാപിച്ച് കിടക്കുന്ന ഭരണകൂടേതരമായ ചില ആത്മീയ ബന്ധങ്ങളാണ് ഇത്തരം ചർച്ചകളെ മുന്നോട്ട് കൊണ്ടുപോയി സാധ്യതയുടെ ഒരു തുള്ളി വെളിച്ചം പ്രത്യക്ഷമാക്കുന്നത്. ഇത് വിജയിക്കുമോ എന്ന് ഇപ്പോഴും ഉറപ്പില്ല. പക്ഷേ അതിനായുള്ള ശ്രമം മഹനീയമാണ്. കാന്തപുരം എ.പി.അബൂബക്കർ മുസലിയാർക്ക് ആദരവോടെ നന്ദി പറയുന്നു,’ ശ്രീജിത്ത് ദിവാകരൻ കുറിച്ചു.
കാന്തപുരം അബൂബക്കർ മുസ്‌ലിയാരെ വിമർശിച്ചു കൊണ്ട് ധാരാളം എഴുതിയിട്ടുള്ള ഒരാളാണ് താനെന്നും എന്നാൽ അദ്ദേഹത്തെ മനസറിഞ്ഞ് അഭിനന്ദിക്കേണ്ട ഒരവസരമാണ് എന്ന് തോന്നിയത് കൊണ്ടാണ് ഈ കുറിപ്പെന്നുമായിരുന്നു ബഷീർ വള്ളിക്കുന്ന് എഴുതിയത്.
‘യെമനിൽ വധശിക്ഷ കാത്ത് കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിന് വേണ്ടി ഏതാനും ദിവസങ്ങളായി കാന്തപുരം മുസ്‌ലിയാർ നിരന്തര പരിശ്രമം നടത്തുന്നു. സർക്കാരും നിയമങ്ങളും ഔദ്യോഗിക സംവിധാനങ്ങളുമൊക്കെ അതിന്റെ സ്വാഭാവിക പരിമിതികളാൽ നിസഹായരായി നിൽക്കേണ്ടി വരുന്ന ചില സന്ദർഭങ്ങളുണ്ടാകും, അത്തരം വേളകളിൽ മാനുഷികമായ ചില ഇടപെടലുകൾക്ക് അസാധാരണമായ പ്രസക്തി കൈ വരും. നിമിഷപ്രിയയുടെ വിഷയത്തിൽ അതാണ് സംഭവിച്ചത്.
ഇന്ത്യയിൽ നിന്നുള്ള പ്രശസ്തനായ ഒരു പണ്ഡിതനെന്ന നിലക്ക് അദ്ദേഹത്തിന് വിപുലമായ ഒരന്താരാഷ്ട്ര സൗഹൃദ വലയമുണ്ട്. അതുപയോഗപ്പെടുത്തി യെമനിലെ പണ്ഡിതരുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ട വ്യക്തിയുടെ കുടുംബവുമായി സംസാരിക്കാനും ദയാധനം നൽകി മാപ്പ് നൽകാനുമുള്ള ശ്രമങ്ങളാണ് അദ്ദേഹം നടത്തുന്നത്. വർഷങ്ങളായി കേസ് നടക്കുന്നുണ്ടെങ്കിലും ഈ കുടുംബവുമായി നേരിട്ടുള്ള ഒരു ആശയവിനിമയം സാധ്യമായി എന്നതാണ് കാന്തപുരത്തിന്റെ ഇടപെടലിനെ പ്രസക്തമാകുന്നത്…
ജാതിയും മതവും പരമത വിദ്വേഷവുമൊക്കെ ആളിക്കത്തുന്ന ഒരു സാമൂഹ്യ ചുറ്റുപാടിൽ മാനുഷികതയാണ് അതിലെല്ലാമുപരി ഉയർന്ന് നിൽക്കേണ്ടതെന്ന സന്ദേശം കൂടി കാന്തപുരം ഉസ്താദിന്റെ ഈ ഇടപെടൽ സമൂഹത്തോട് ഉച്ചത്തിൽ വിളിച്ചു പറയുന്നുണ്ട്,’ ബഷീർ വള്ളിക്കുന്ന് എഴുതി.
അതേസമയം നിമിഷ പ്രിയയുടെ മോചനത്തിനായുള്ള കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ ഇടപെടലിനെ ആക്ഷേപിക്കുന്ന ചില വിഭാഗം ആളുകളെ ഹൈക്കോടതി അഭിഭാഷകനായിരുന്ന വി. ആർ അനൂപ് വിമർശിച്ചു.
‘സംഘപരിവാർ ഇന്ത്യയിൽ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരെ പോലൊരു മുസ്‌ലിം പണ്ഡിതൻ ഇടപെട്ടാൽ പരിഹരിക്കുന്ന അത്രയും ലളിതമാണോ കാര്യങ്ങൾ ? അദ്ദേഹം വിചാരിച്ചാൽ ഈ കാരാഗൃഹത്തിൽ കിടക്കുന്നവരെ മോചിപ്പിക്കാൻ സാധിക്കുമോ? ഈ വിഷയത്തിൽ കാന്തപുരം ഇടപെട്ടാൽ അത് പരിഹരിക്കാപ്പെടുമെന്ന ഈ ചോദ്യങ്ങൾ ഉന്നയിക്കുന്നവർ വിശ്വസിക്കുന്നുണ്ടെന്ന് ഞാൻ കരുതുന്നില്ല.
ഇവിടെയുള്ള സർക്കാർ സംവിധാനങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയാത്ത അവസരത്തിൽ ഒരു മലയാളി മുസ്‌ലിം പണ്ഡിതൻ നടത്തിയ ചരിത്രപരമായ ഇടപെടലായി വേണം ഇതിനെ കാണാൻ. ഇത് വലിയൊരു സാംസ്കാരിക ദൗത്യമാണ്. ഇതൊന്നും കാണാതെ ഇത്തരം വിമർശനം നടത്തുന്നത് വളരെ മോശമാണ്,’ വി. ആർ അനൂപ് പറഞ്ഞു.
അതേസമയം കാന്തപുരത്തിന്റെ ഇടപെടലിന് പിന്നാലെ നിമിഷപ്രിയയുടെ വധശിക്ഷ മരവിപ്പിച്ചു. കൊല്ലപ്പെട്ട തലാൽ അബ്ദു മഹ്ദിയുടെ കുടുംബവുമായും ഗോത്ര നേതാക്കളുമായും നടത്തിയ ചർച്ചയിലാണ് തീരുമാനം ഉണ്ടായത്. വധശിക്ഷ മരവിപ്പിച്ചതിന് പിന്നാലെ നിമിഷ പ്രിയയുടെ മോചനത്തിനായി ഇടപെടൽ നടത്തുന്ന ആക്ഷൻ കൗൺസിൽ കാന്തപുരം എ. പി അബൂബക്കർ മുസ്‌ലിയാർക്ക് നന്ദി അറിയിച്ചു.
മുസ്‌ലിം ഒരു വർഗീയ വാദത്തിന്റെയോ വർഗീയ പ്രസ്ഥാനത്തിന്റെയോ മതമല്ലെന്നും ലോകത്തിന് പഠിപ്പിച്ച് കൊടുക്കലും ജനങ്ങൾക്ക് നന്മ ചെയ്യാൻ ശ്രമിക്കലും ഞങ്ങളുടെ കർത്തവ്യമാണ് എന്ന നിലക്കാണ് താൻ നിമിഷ പ്രിയയുടെ വിഷയത്തിൽ ഇടപെട്ടതെന്ന് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ പറഞ്ഞിരുന്നു.
Content Highlight: Disagreement with Kanthapuram should not be expressed by opposing the good things he does: V.R. Anoop