ആലപ്പുഴ ജിംഖാന എന്ന തന്റെ പുതിയ ചിത്രത്തെ കുറിച്ചും സിനിമയെ കുറിച്ചുള്ള ആദ്യ ആലോചനയില്‍ തന്റെ മനസിലേക്ക് വന്ന നടനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് സംവിധായകന്‍ ഖാലിദ് റഹ്‌മാന്‍.
പ്രേമലു എന്ന ഹിറ്റ് ചിത്രത്തിന് ശേഷം തികച്ചും വ്യത്യസ്തമായ ഒരു ഗെറ്റപ്പില്‍ നസ്‌ലിന്‍ എത്തുന്ന ചിത്രം കൂടിയാണ് ആലപ്പുഴ ജിംഖാന.
ചിത്രത്തിലേക്ക് എന്തുകൊണ്ടാണ് നസ്‌ലിനെ കാസ്റ്റ് ചെയ്യാമെന്ന് തീരുമാനിച്ചത് എന്ന ചോദ്യത്തിനായിരുന്നു ഖാലിദ് റഹ്‌മാന്റെ മറുപടി.
ആലപ്പുഴ ജിംഖാനയിലെ മെയിന്‍ റോള്‍ ചെയ്യാന്‍ ഒരാളെ മാത്രമേ ചാന്‍ മനസില്‍ കണ്ടിരുന്നുള്ളുവെന്നും അത് നസ്‌ലിന്‍ ആയിരുന്നെന്നും ഖാലിദ് റഹ്‌മാന്‍ പറയുന്നു.
നസ്‌ലിന്‍ ഓക്കെ പറഞ്ഞതോടെ പിന്നെ കാര്യങ്ങള്‍ എല്ലാം എളുപ്പമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ദി ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഖാലിദ് റഹ്‌മാന്‍.
‘ എന്തുകൊണ്ട് നസ്‌ലിന്‍ എന്ന് ചോദിച്ചാല്‍ അവന്റെ ഏരിയയില്‍ അവന്‍ ഭയങ്കര സ്‌ട്രോങ് ആണ്. ജിംഖാനയില്‍ ഒറ്റ ഒരാളെയാണ് ഞാന്‍ മെയിന്‍ ലീഡില്‍ ആലോചിച്ചത്.
അത് നസ്‌ലിന്‍ ആണ്. അവനോട് സംസാരിച്ചു. അതില്‍ അദ്ദേഹം ഓക്കെ പറഞ്ഞതോടെ പിന്നെ എല്ലാം ഭയങ്കര ഈസിയായിരുന്നു.
ഇതൊരു ടീനേജ് കഥയാണ്. ഇതില്‍ ഭയങ്കര ട്വിസ്റ്റ് പ്ലോട്ടോ സിനിമാറ്റിക് ആയിട്ടുള്ള ഒന്നും നമ്മള്‍ ചെയ്തിട്ടില്ല.
അമച്വര്‍ ബോക്‌സിങ്ങിന്റേതായിട്ടുള്ള പെര്‍സ്‌പെക്ടീവിലാണ് നമ്മള്‍ നിന്നത്. ഈ സ്‌ക്രിപ്റ്റ് എഴുതുന്ന സമയത്ത് നമുക്ക് ബോക്‌സിങ് അറിയാവുന്ന ആരെങ്കിലും നമ്മുടെ കൂടെ വേണം. അല്ലാതെ ഇത് നടക്കില്ല.
ഒരു ആക്ഷന്‍ കൊറിയോഗ്രാഫറെ പുറത്തുനിന്ന് കൊണ്ടുവരികയെന്ന് വെച്ചാല്‍ ഈ നൂറ് ദിവസവും ഇയാള്‍ നമ്മുടെ കൂടെ വേണം. അത് പോസിബിള്‍ ആവില്ല. അപ്പോഴാണ് ഞാന്‍ ജോഫില്‍ എന്ന ബോക്‌സറെ കാണുന്നത്.
പുള്ളി ആക്ഷന്‍ കൊറിയോഗ്രാഫറാണ്. അവന് കൈ കൊടുക്കുന്നു. അവനെ പിന്നെ ഞാന്‍ വിട്ടിട്ടില്ല. അവനെ ഞാന്‍ അങ്ങ് അഡോപ്റ്റ് ചെയ്തു.