ആ സിനിമയുടെ പരാജയം എന്നെ ഒരുപാട് തളര്‍ത്തി; ഞാന്‍ അസ്വസ്ഥനായി തിരികെ നാട്ടിലേക്ക് പോയി: സംവിധായകന്‍ വൈശാഖ്
Entertainment
ആ സിനിമയുടെ പരാജയം എന്നെ ഒരുപാട് തളര്‍ത്തി; ഞാന്‍ അസ്വസ്ഥനായി തിരികെ നാട്ടിലേക്ക് പോയി: സംവിധായകന്‍ വൈശാഖ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 23rd May 2025, 10:05 pm

മലയാളികള്‍ക്ക് മികച്ച കൊമേഴ്ഷ്യല്‍ ചിത്രങ്ങള്‍ നല്‍കിയ സംവിധായകനാണ് വൈശാഖ്. 2010ല്‍ പോക്കിരി രാജ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെയാണ് അദ്ദേഹം തന്റെ കരിയര്‍ ആരംഭിക്കുന്നത്. ആ സിനിമയില്‍ മമ്മൂട്ടിയായിരുന്നു നായകനായി എത്തിയത്.

പിന്നീട് സീനിയേര്‍സ്, പുലിമുരുകന്‍, മധുര രാജ തുടങ്ങിയ സിനിമകളിലൂടെ കോമേഴ്ഷ്യല്‍ ചിത്രങ്ങളുടെ സംവിധായകന്‍ എന്ന പേര് സ്വന്തമാക്കാന്‍ വൈശാഖിന് സാധിച്ചു. മല്ലുസിംഗ്, സൗണ്ട് തോമ, വിശുദ്ധന്‍, കസിന്‍സ്, നൈറ്റ് ഡ്രൈവ്, മോണ്‍സ്റ്റര്‍, ടര്‍ബോ തുടങ്ങിയ സിനിമകളെല്ലാം സംവിധാനം ചെയ്തതും വൈശാഖ് ആയിരുന്നു.

ഇപ്പോള്‍ കസിന്‍സ് സിനിമയുടെ പരാജയം തന്നെ ഒരുപാട് തളര്‍ത്തിയിരുന്നുവെന്ന് പറയുകയാണ് സംവിധായകന്‍. താന്‍ അന്ന് അസ്വസ്ഥനായെന്നും എല്ലാം മതിയാക്കി തിരികെ നാട്ടിലേക്ക് പോയെന്നും അദ്ദേഹം പറയുന്നു.

കസിന്‍സ് എന്ന ചിത്രത്തിന്റെ പരാജയം എന്നെ ഒരുപാട് തളര്‍ത്തിരുന്നു. അതുവരെ അത്തരം പരാജയത്തിന്റെ രുചി അറിഞ്ഞിരുന്നില്ല. അതുകൊണ്ട് തന്നെ ഞാന്‍ അസ്വസ്ഥനായി. എല്ലാം മതിയാക്കി ഞാന്‍ കൊച്ചിയില്‍നിന്ന് സ്വന്തം നാടായ കാഞ്ഞങ്ങാട്ടേക്ക് തിരിച്ചുപോയി.

ആ സങ്കടക്കാലത്താണ് തിരക്കഥാകൃത്ത് ഉദയകൃഷ്ണന്‍ എന്നെ കാണാന്‍ എത്തിയത്. ഇത്രയും കാലത്തിനിടയില്‍ രണ്ടുതവണയാണ് അദ്ദേഹം എന്നെ തേടിയെത്തിയത്. രണ്ടും എന്നെ സിനിമയിലേക്ക് തിരിച്ചു വിളിച്ച് വിലയേറിയ അവസരങ്ങള്‍ സമ്മാനിക്കാന്‍.

സഹസംവിധായകനില്‍നിന്ന് സംവിധായകനാകാന്‍ കൊതിച്ച കാലം. വിശുദ്ധന്‍ എന്ന സിനിമയുടെ തിരക്കഥയുമായി ഒന്നരവര്‍ഷക്കാലം ഞാനലഞ്ഞു. ഒരുപാട് പ്രശ്നങ്ങള്‍ അതിനുണ്ടായി. ചിത്രീകരണത്തിന് അടുക്കുമ്പോള്‍ നിര്‍മാതാവ് വിട്ടുപോകല്‍, മറ്റുചിലപ്പോള്‍ താരങ്ങള്‍ മാറിപ്പോകല്‍.

അങ്ങനെ സിനിമയോട് വല്ലാത്ത മടുപ്പ് തോന്നി നാട്ടിലേക്ക് വണ്ടി കയറി. കുറേക്കാലത്തിന് ശേഷം കല്യാണം കഴിഞ്ഞു. അതിനുശേഷം ജോലി തേടി വിദേശത്ത് പോകാനായിരുന്നു പരിപാടി. അക്കാലത്താണ് ഉദയേട്ടന്‍ എന്നെത്തേടി ആദ്യമായി വന്നത്. സിനിമ വിട്ട് മറ്റു ജീവിതവഴി തേടുന്ന കാര്യം ഞാന്‍ പറഞ്ഞു. പക്ഷേ അതില്‍ നിന്ന് അദ്ദേഹം എന്നെ വിലക്കി.

ട്വന്റി-ട്വന്റി സിനിമയുടെ തിരക്കഥ തുടങ്ങിയ സമയമായിരുന്നത്. അന്ന് എന്നെ അദ്ദേഹം കൊച്ചിയിലേക്ക് വിളിച്ചു. ആ തിരിച്ചുവരവിലാണ് ഞാന്‍ ട്വന്റി-ട്വന്റിയുടെ സംവിധാന സഹായി ആകുന്നത്. ട്വന്റി-ട്വന്റിയുടെ ചിത്രീകരണത്തിനിടയിലാണ് പോക്കിരിരാജ എന്ന ചിത്രം പ്ലാന്‍ ചെയ്യുന്നതും ഞാന്‍ അതിന്റെ സംവിധായകനാകുന്നതും,’ വൈശാഖ് പറയുന്നു.

Content Highlight: Director Vysakh Talks About Cousins Movie