തന്റെ ആദ്യ സിനിമയായ സല്ലാപത്തെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ് സംവിധായകന്‍ സുന്ദര്‍ദാസ്. മഞ്ജുവാര്യര്‍ രാധ എന്ന കഥാപാത്രമായി ജീവിച്ച ചിത്രമായിരുന്നു സല്ലാപമെന്ന് സുന്ദര്‍ദാസ് പറയുന്നു.
സിനിമയുടെ ചിത്രീകരണത്തിന്റെ പല ഘട്ടത്തിലും മലയാള സിനിമയ്ക്ക് ഒരു മുതല്‍ക്കൂട്ടായി ആ പെണ്‍കുട്ടി മാറുമെന്ന് തനിക്ക് തോന്നിയിരുന്നെന്നും സുന്ദര്‍ദാസ് പറയുന്നു.
ഒപ്പം സിനിമയുടെ ക്ലൈമാക്‌സ് സീന്‍ ചിത്രീകരണത്തെ കുറിച്ചും മഞ്ജുവിന്റെ പെര്‍ഫോമന്‍സ് കണ്ട് ഞെട്ടിപ്പോയതിനെ കുറിച്ചും ആര്‍.ജെ ഗദ്ദാഫിക്ക് നല്‍കിയ അഭിമുഖത്തില്‍ സുന്ദര്‍ദാസ് സംസാരിക്കുന്നുണ്ട്.
‘ സിനിമയുടെ ക്ലൈമാക്‌സ് ചിത്രീകരണത്തെ കുറച്ച് മുന്‍പും ഞാന്‍ പറഞ്ഞിട്ടുണ്ട്. ഷൊര്‍ണൂര്‍ ജങ്ഷന്‍ എത്തുന്നതിന് തൊട്ടുമുന്‍പുള്ള സ്‌പേസാണ് നമുക്ക് ഷൂട്ടിന് തന്നത്. റെയില്‍വേയുടെ ഒരാളും അവിടെ നില്‍പ്പുണ്ട്.
രാത്രിയാണ് ഷൂട്ട് ചെയ്യുന്നത്. ട്രെയിനിന് മുന്നിലേക്ക് ചാടുന്ന രാധയെ മനോജ് തടയുന്നതാണ് സീന്‍. മരിക്കാനായി ഇവള്‍ ട്രാക്കിലേക്ക് കയറുമ്പോള്‍ ട്രെയിന്‍ പോയത് മറ്റേ ട്രാക്കിലൂടെയാണ്.
പിന്നെ മരിക്കണമെന്ന് ഉറപ്പിച്ച് ഇവള്‍ ചക്രങ്ങള്‍ക്കിടയിലേക്ക് ചാടാന്‍ ഇറങ്ങുകയാണ്. അവിടേക്ക് മനോജ് വരുന്നു. പിടിയും വലിയും സ്ട്രഗിളും നടക്കുന്നു.
ട്രെയിന്‍ പാസ് ചെയ്ത് കഴിഞ്ഞാല്‍ ചെകിടത്ത് അടിച്ചോളണം എന്ന് പറഞ്ഞു. രണ്ട് ക്യാമറയുണ്ട്. അതിന് ശേഷം മനോജിന്റെ ഡയലോഗും അവളെ ചേര്‍ത്തുപിടിക്കുന്നതുമാണ് സീന്‍.
സീന്‍ കഴിഞ്ഞതും കട്ട് പറഞ്ഞ ഉടനെ മഞ്ജു ഒറ്റക്കരച്ചിലാണ്. ഞാന്‍ നോക്കുമ്പോള്‍ മനോജിന്റെ മുട്ടൊക്കെ ഇങ്ങനെ വിറയ്ക്കുന്നു. എന്തുപറ്റിയെന്ന് ചോദിച്ചപ്പോള്‍ എനിക്ക് ഇവളെ പിടിച്ചിട്ട് കിട്ടണ്ടേ എന്ന് ചോദിച്ചു.
അഭിനയത്തിന്റെ അപ്പുറത്തേക്ക് അത് പോയി. ഈ ചക്രത്തിന് ഒരു പ്രാധാന്യമുണ്ട് അത് നമ്മളെ അതിലേക്ക് വലിക്കും. തൊട്ടടുത്താണ് ഇവര്‍ നില്‍ക്കുന്നതും. മനോജ് പിടിച്ചിട്ട് അവളെ കിട്ടിയില്ല. അത് ശരിക്കുമുള്ള സ്ട്രഗിളായിരുന്നു.
മഞ്ജു പൊട്ടിക്കരഞ്ഞു. ഞാനും ഉണ്ണിയേട്ടനും ലോഹിയും അവളുടെ അടുത്ത് പോയിരുന്ന് സമാധാനിപ്പിച്ചു. നമുക്ക് വല്ലാത്തൊരു ഇമോഷനായി.
അഭിനയത്തിന് അപ്പുറത്തേക്ക് പോകുന്ന ഒരു തലം അതിലുണ്ട്. നമ്മള്‍ അത്രയും പോകാന്‍ പാടില്ല. നമുക്ക് ഒരു സ്‌പേസ് എപ്പോഴും വേണം. നമ്മളും ആ കഥാപാത്രവും തമ്മില്‍ മെര്‍ജ് ചെയ്ത് പോയാല്‍ പ്രശ്‌നമാണ് എന്നൊക്കെ ലോഹി മഞ്ജുവിനോട് പറഞ്ഞു.
അത്രയും ഡെഡിക്കേറ്ററായിരുന്നു അവര്‍. ഉണ്ണിയേട്ടാ ഈ സിനിമ സക്‌സസ് ആവുകയാണെങ്കില്‍ മലയാളത്തില്‍ ഏറ്റവും തിരക്കുള്ള നായികയായി മഞ്ജു മാറുമെന്ന് അന്ന് തന്നെ ലോഹി പറഞ്ഞിരുന്നു,’ സുന്ദര്‍ദാസ് പറഞ്ഞു.
Content Highlight: Director Sundardas about Actress Manju Warrier Performance in Sallapam