ലോഹിതദാസിന്റെ രചനയില്‍ സുന്ദര്‍ദാസ് സംവിധാനം ചെയ്ത ചിത്രമായിരുന്നു സല്ലാപം. മഞ്ജു വാരിയര്‍, ദിലീപ്, മനോജ് കെ. ജയന്‍ തുടങ്ങിയവരായിരുന്നു ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയത്. മഞ്ജു വാരിയരുടെ ആദ്യ ചിത്രം കൂടിയായിരുന്നു സല്ലാപം.
സല്ലാപത്തിലേക്ക് മഞ്ജു വാരിയര്‍ വന്നതിനെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ സുന്ദര്‍ദാസ്. നടി ആനിയെയാണ് രാധ എന്ന കഥാപാത്രത്തിനായി തീരുമാനിച്ചതെന്നും എന്നാല്‍ പിന്നീട് മഞ്ജുവിനെ തീരുമാനിക്കുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈല്‍ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സുന്ദര്‍ദാസ്.
‘ജൂനിയര്‍ യേശുദാസ് ശശികുമാറിനെയും ദിവാകരനെയും അവരുടെ ഇടയില്‍ കുടുങ്ങിക്കിടക്കുന്ന രാധയെയും കൊണ്ട് ഞാനും ലോഹിയും ഷൊര്‍ണൂരിന്റെ ഇടവഴികളിലും റെയില്‍വേ പാളങ്ങളിലും നടന്നുതീര്‍ത്ത വൈകുന്നേരങ്ങളിലൊന്ന്, ‘നമുക്ക് ആനിയെ രാധയാക്കാം’ ലോഹി പറഞ്ഞു. എനിക്കും എതിരഭിപ്രായമുണ്ടായില്ല. കാരണം ആനി അന്നത്തെ ഏറ്റവും ശ്രദ്ധേയ നായികയാണ്.
ലോഹിയുടെ തിരക്കഥയില്‍ അഭിനയിക്കാനായി കാത്തിരിക്കുന്ന നടി. നിര്‍മാതാവ് കിരീടം ഉണ്ണിയേട്ടനെ വിവരം അറിയിച്ചപ്പോള്‍ സന്തോഷത്തോടെ സ്വീകരിച്ചു. കാര്യം ആനിയെ അറിയിച്ചപ്പോള്‍ സമ്മതം, ഡേറ്റ് മാത്രം ഓക്കെയായാല്‍ മതി. ശശികുമാറായി ദിലീപിനെ ആദ്യംതന്നെ തീരുമാനിച്ചിരുന്നു. ദിവാകരനിലേക്ക് മനോജ് കെ. ജയന്‍, ബിജു മേനോന്‍ എന്നീ രണ്ട് ഓപ്ഷനുകള്‍ വെച്ചു. പിന്നീട് മനോജ് മതി എന്ന് തീരുമാനിച്ചു.
അങ്ങനെ ചര്‍ച്ചകളുമായി ദിവസങ്ങള്‍ മുന്നോട്ടുപോയി. ഒരു വൈകുന്നേരം ലോഹി പറഞ്ഞു ‘രാധയായി ആനി ശരിയാവില്ലെടോ,’ ലോഹി, ശരിയാവുകയല്ലല്ലോ നമ്മള്‍ ശരിയാക്കിയെടുക്കുകയല്ലേ, ആനി നാടന്‍ തനിമയുള്ള പെണ്‍കുട്ടിയാണ്. എന്താണ് പ്രശ്‌നം? ഞാന്‍ ചോദിച്ചു. അവളൊരു മിടുക്കിപ്പെണ്ണാണ്. അവളെ ആര്‍ക്കും പറ്റിക്കാന്‍ പറ്റില്ല. പ്രേക്ഷകര്‍ക്ക് മുന്‍ധാരണയുണ്ടാകുമെന്ന് ഉറപ്പാണ്. നമുക്കൊരു പുതുമുഖത്തെ മതി.
‘സാദരത്തിന്റെ സെറ്റില്‍വെച്ച് നമ്മളൊരു മാസികയുടെ കവര്‍ചിത്രം കണ്ടത് ഓര്‍ക്കുന്നില്ലേ താന്‍. കലാതിലകമൊക്കെയായ ഒരു കുട്ടി. അവളെ ഒന്നുനോക്കാം’. നിറഞ്ഞ ചിരിയുള്ള ആ പെണ്‍കുട്ടിയുടെ മുഖം ഓര്‍മയില്‍ വന്ന ഞാന്‍ ഉടന്‍ കിരീടം ഉണ്ണിയേട്ടനെ വിളിച്ച് പറഞ്ഞു. മഞ്ജു വാരിയരെന്നാണ് കുട്ടിയുടെ പേരെന്നും കണ്ണൂരുകാരിയാണെന്നും അദ്ദേഹം വിവരം തന്നു. നമ്പര്‍ സംഘടിപ്പിച്ച് ഞങ്ങള്‍ മഞ്ജുവിന്റെ വീട്ടിലേക്ക് വിളിച്ചു,’ സുന്ദര്‍ദാസ് പറയുന്നു.