മലയാള സിനിമ പ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട ചിത്രമാണ് കുബേരന്‍. സുന്ദര്‍ദാസിന്റെ സംവിധാനത്തില്‍ ദിലീപ്, കലാഭവന്‍ മണി, സംയുക്ത വര്‍മ, ഉമാശങ്കരി എന്നിവര്‍ പ്രധാനവേഷങ്ങളില്‍ അഭിനയിച്ച് 2002ല്‍ പുറത്തിറങ്ങിയ ചിത്രമാണ് കുബേരന്‍. ഉമാശങ്കരി അഭിനയിച്ച ആദ്യത്തെ മലയാള ചിത്രമാണിത്.
കുബേരന്‍ എന്ന സിനിമയെ കുറിച്ചും കലാഭവന്‍ മണിയെ കുറിച്ചും സംസാരിക്കുകയാണ് സംവിധായകന്‍ സുന്ദര്‍ദാസ്. താന്‍ ചെയ്ത പതിനൊന്ന് സിനിമകളില്‍ എട്ട് സിനിമകളിലും കലാഭവന്‍ മണിയുണ്ടെന്ന് സുന്ദര്‍ദാസ് പറയുന്നു. കുബേരന്‍ എന്ന സിനിമ ചെയ്യുന്ന സമയത്ത് കലാഭവന്‍ മണി അവതരിപ്പിച്ച കഥാപാത്രം ആദ്യം ചെയ്യാന്‍ തീരുമാനിച്ചത് സലിം കുമാര്‍ ആയിരുന്നുവെന്ന് സുന്ദര്‍ദാസ് പറഞ്ഞു.
എന്നാല്‍ ഷൂട്ടിങ്ങിന്റെ സമയത്ത് സലിം കുമാറിന് എത്താന്‍ കഴിഞ്ഞില്ലെന്നും ഉടനെ കലാഭവന്‍ മണിയെ വിളിച്ച് തന്റെ പ്രതിസന്ധി അവതരിപ്പിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മണി അപ്പോള്‍ അന്യ ഭാഷകളില്‍ നിന്നെല്ലാം ഓഫര്‍ ലഭിച്ച് നില്‍ക്കുന്ന സമയം ആയിരുന്നെന്നും എന്നാല്‍ തനിക്ക് വേണ്ടി വന്നെന്നും സുന്ദര്‍ദാസ് പറഞ്ഞു.
‘ഞാന്‍ ചെയ്ത് പതിനൊന്ന് സിനിമകളില്‍ എട്ട് സിനിമകളിലും മണിയുണ്ട്. ഞാന്‍ കുബേരന്‍ ചെയ്യുന്ന കാലത്ത് മണിക്ക് പകരം സലിം കുമാറിനെയായിരുന്നു ആ വേഷം ചെയ്യാന്‍ തെരഞ്ഞെടുത്തത്. പക്ഷേ, സലീംകുമാറിന് എത്താന്‍ കഴിഞ്ഞില്ല. അപ്പോഴേക്കും മണിക്ക് മറ്റുഭാഷകളില്‍ നിന്നൊക്കെ ഓഫറുകള്‍ വരുന്ന സമയമായിരുന്നു.
അവനന്ന് ഏതോ തമിഴ് പടവുമായി മുന്നോട്ട് പോകുകയായിരുന്നു. ഞാന്‍ മണിയെ വിളിച്ച് എന്റെ പ്രതിസന്ധി അവതരിപ്പിച്ചു. ‘അതിനെന്താ സാര്‍, ഞാന്‍ എത്തിയിരിക്കും’ എന്നായിരുന്നു മറുപടി. തിരക്കാണെങ്കില്‍ കുഴപ്പമില്ലെന്ന് പറഞ്ഞ് നോക്കിയെങ്കിലും ഷൂട്ടിങ്ങിന്റെ തലേദിവസം താന്‍ എത്തിയിരിക്കുമെന്ന് മണി കട്ടായം പറഞ്ഞു. വളരെ ഭംഗിയായി ആ വേഷം അവതരിപ്പിക്കുകയും ചെയ്തു: സുന്ദര്‍ദാസ് പറയുന്നു.