നരസിംഹത്തിന് പിന്നില്‍ ആ രജനീകാന്ത് ചിത്രത്തിന്റെ സ്വാധീനമുണ്ട്: ഷാജി കൈലാസ്
Film News
നരസിംഹത്തിന് പിന്നില്‍ ആ രജനീകാന്ത് ചിത്രത്തിന്റെ സ്വാധീനമുണ്ട്: ഷാജി കൈലാസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 16th July 2022, 8:15 pm

മോഹന്‍ലാലിന്റെ ഏറ്റവും ജനപ്രീതിയുള്ള ചിത്രങ്ങളിലൊന്നാണ് നരസിംഹം. രഞ്ജിത്തിന്റെ തിരക്കഥയില്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രം 2000ലായിരുന്നു പുറത്തിറങ്ങിയത്. പൂവള്ളി ഇന്ദുചൂഡന്‍ എന്ന മാസ് നായകനായാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തിയത്. ആക്ഷനും, പാട്ടും, മാസ് ഡയലോഗുമെല്ലാം ഒത്തുചേര്‍ന്നു വന്ന ചിത്രത്തിന് ഇന്നും റിപ്പീറ്റ് വാല്യൂ ഉണ്ട്.

നരസിംഹത്തില്‍ രജനീകാന്ത് ചിത്രത്തിന്റെ സ്വാധീനമുണ്ടെന്ന് പറയുകയാണ് സംവിധായകന്‍ ഷാജി കൈലാസ്. ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് നരസിംഹത്തിന്റെ വിശേഷങ്ങള്‍ ഷാജി കൈലാസ് പങ്കുവെച്ചത്.

‘നരസിംഹം പടയപ്പയുടെ ഇന്‍സ്പിരേഷന്‍ അല്ല. അതിന്റെ മേക്കിങ് സ്‌റ്റൈല്‍ നോക്കിയിരുന്നു, രഞ്ജി നരസിംഹത്തിന്റെ കഥ എഴുതികൊണ്ടിരിക്കുമ്പോഴാണ് പടയപ്പ റിലീസ് ചെയ്തത്.

May be an image of 1 person

തിരുവനന്തപുരത്ത് റിലീസ് ചെയ്തില്ല. കൊല്ലത്ത് റിലീസുണ്ട്. എനിക്ക് പടയപ്പ കണ്ടേ പറ്റത്തുള്ളൂ. നേരെ കാറെടുത്ത് കൊല്ലം പാര്‍ത്ഥാസില്‍ പോയി. അവിടെ ചെന്നപ്പോള്‍ ഫുള്‍ ഫാമിലിയാണ്. രജനീകാന്ത് ഓരോന്ന് ചെയ്യുമ്പോള്‍ ഭീകര കയ്യടിയാണ്. പടയപ്പ തകര്‍ത്തുകൊണ്ടിരിക്കുകയാണ്.

ഇങ്ങനെ ഒരു പടം നമുക്ക് ചെയ്യണ്ടേ എന്നാണ് അത് കണ്ടപ്പോള്‍ എനിക്ക് തോന്നിയത്. അതേപോലെ ചെയ്യേണ്ട ആവശ്യമില്ല. പക്ഷേ ഒരു സ്പിരിറ്റ് ഉള്ള സിനിമ ചെയ്യണമല്ലോ. ആ രീതിയിലാണ് പടയപ്പ എന്നെ സ്വാധീനിച്ചത്.

 

നരസിംഹം ചെയ്യുമ്പോള്‍ ഇതുപോലെ ചെയ്യണമെന്ന് വിചാരിച്ചു. രഞ്ജി നീ ഇതുപോലെ എഴുതെന്ന് പറഞ്ഞു. പടയപ്പയുമായി യാതൊരു ബന്ധവുമില്ല. പക്ഷേ ആ എനര്‍ജി നമുക്ക് ഉണ്ടാക്കണം. സിനിമ റിലീസ് ചെയ്തപ്പോള്‍ നമ്മുടെ ജഡ്ജ്‌മെന്റ് കറക്റ്റാണെന്ന് മനസിലായി,’ ഷാജി കൈലാസ് പറഞ്ഞു.

Content Highlight: Director Shaji Kailas says that Narasimham is influenced by Rajinikanth’s film