പുകവലി, മദ്യപാനരംഗങ്ങള്‍ എന്റെ ഒരൊറ്റ സിനിമയിലും കാണിച്ചിട്ടില്ല, അതിന്റെ കാരണം... എസ്.യു അരുണ്‍കുമാര്‍
Entertainment
പുകവലി, മദ്യപാനരംഗങ്ങള്‍ എന്റെ ഒരൊറ്റ സിനിമയിലും കാണിച്ചിട്ടില്ല, അതിന്റെ കാരണം... എസ്.യു അരുണ്‍കുമാര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 6th April 2025, 11:04 pm

തമിഴിലെ മികച്ച സംവിധായകരിലൊരാളാണ് എസ്.യു. അരുണ്‍കുമാര്‍. ആദ്യചിത്രമായ പന്നൈയാരും പദ്മിനിയും ഇന്നും തമിഴിലെ മികച്ച ഫീല്‍ഗുഡ് ചിത്രങ്ങളിലൊന്നാണ്. രണ്ടാമത്തെ ചിത്രമായ സേതുപതിയും മികച്ച വിജയം സ്വന്തമാക്കിയിരുന്നു. വിജയ് സേതുപതിയുമായി മൂന്നാമതും കൈകോര്‍ത്ത സിന്ദുബാദ് വന്‍ പരാജയമായി മാറി.

നാല് വര്‍ഷത്തോളം മാറിനിന്ന അരുണ്‍കുമാര്‍ ചിത്താ എന്ന ചിത്രത്തിലൂടെ വന്‍ തിരിച്ചുവരവ് നടത്തി. 2023ലെ മികച്ച ചിത്രങ്ങളിലൊന്നായി പലരും ചിത്തയെ വാഴ്ത്തി. അരുണ്‍കുമാര്‍ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമായ വീര ധീര സൂരന്‍ മികച്ച പ്രതികരണങ്ങളുമായി മുന്നേറുകയാണ്. തന്റെ ചിത്രങ്ങളില്‍ ഒന്നില്‍ പോലും പുകവലിക്കുന്ന രംഗങ്ങളോ മദ്യപിക്കുന്ന രംഗങ്ങളോ ഉള്‍പ്പെടുത്താറില്ലെന്ന് പറയുകയാണ് എസ്.യു. അരുണ്‍കുമാര്‍.

അത്തരം രംഗങ്ങള്‍ തന്റെ സിനിമകള്‍ക്ക് ആവശ്യമുള്ളതായി തോന്നാറില്ലെന്ന് അരുണ്‍ കുമാര്‍ പറഞ്ഞു. അത്തരം രംഗങ്ങള്‍ സിനിമയില്‍ ആവശ്യമുണ്ടെങ്കില്‍ മാത്രമേ ഉപയോഗിക്കേണ്ടതുള്ളൂവെന്നും അരുണ്‍ കുമാര്‍ കൂട്ടിച്ചേര്‍ത്തു. ഈ സിനിമയില്‍ പോലും ഒരു തെറിവാക്ക് തനിക്ക് ഉപയോഗിക്കേണ്ടി വന്നെന്നും എന്നാല്‍ അത് ഡയോലഗില്‍ സ്വാഭാവികമായി വരുന്ന ഒന്നാണെന്നും അരുണ്‍ കുമാര്‍ പറഞ്ഞു.

തമിഴ് ഡിക്ഷ്ണറിയിലുള്ള വാക്കാണ് അതെന്നും അതിനെ എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെ അനുസരിച്ചാണ് സെന്‍സര്‍ ബോര്‍ഡ് അതിന് കട്ട് പറയുന്നതെന്നും അരുണ്‍ കുമാര്‍ കൂട്ടിച്ചേര്‍ത്തു. യഥാര്‍ത്ഥ മധുര സ്ലാങ്ങിനെ കുറച്ച് ഡൈല്യൂട്ട് ചെയ്താണ് ഈ സിനിമയില്‍ ഉപയോഗിച്ചിരിക്കുന്നതെന്നും അരുണ്‍ കുമാര്‍ പറഞ്ഞു. സിനി ഉലകത്തോട് സംസാരിക്കുകയായിരുന്നു എസ്.യു. അരുണ്‍ കുമാര്‍.

‘ഞാന്‍ ചെയ്ത സിനിമകളില്‍ ഒരൊറ്റ പടത്തില്‍ പോലും പുകവലിക്കുന്ന സീനോ മദ്യപിക്കുന്ന സീനോ ഉള്‍പ്പെടുത്തിയിട്ടില്ല. എന്നെ സംബന്ധിച്ച് ഈ സിനിമകളിലൊന്നും അത്തരം രംഗങ്ങളുടെ ആവശ്യമുണ്ടെന്ന് തോന്നിയിട്ടില്ല. ആവശ്യമുണ്ടെങ്കിലല്ലേ അത്തരം സീന്‍ ചേര്‍ക്കേണ്ട കാര്യമുള്ളൂ. ഈ സിനിമയില്‍ നോക്കിയാല്‍ ഞാനൊരു തെറിവാക്ക് ഉപയോഗിച്ചിട്ടുണ്ട്.

എന്നാല്‍ അത് കഥയുടെ ഇമോഷന്‍ കണ്‍വേ ചെയ്യാന്‍ വേണ്ടി മാത്രമാണ് അത് ഉള്‍പ്പെടുത്തിയത്. തമിഴ് ഡിക്ഷ്ണറിയിലുള്ള വാക്ക് തന്നെയാണത്. ആ കഥാപാത്രത്തിന്റെ വേദന അറിയിക്കാനാണ് അത് ഉപയോഗിച്ചത്. ആ വാക്കിനെ ഏത് വിധത്തില്‍ ഉപയോഗിക്കുന്നു എന്ന് നോക്കിയാണ് സെന്‍സര്‍ ബോര്‍ഡ് കട്ട് ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്. ഒറിജിനല്‍ മധുര സ്ലാങ്ങിനെപ്പോലും കുറച്ച് ഡൈല്യൂട്ട് ചെയ്താണ് ഈ സിനിമയില്‍ ഉപയോഗിച്ചിരിക്കുന്നത്,’ എസ്.യു അരുണ്‍ കുമാര്‍ പറഞ്ഞു.

Content Highlight: Director S U Arun Kumar saying he never includes smoking and drinking scenes in his films