INTERVIEW | ഈ ഇരട്ടകളെ അവതരിപ്പിക്കാന്‍ ജോജു ജോര്‍ജിനേ സാധിക്കൂ | രോഹിത്ത് എം.ജി. കൃഷ്ണന്‍
Film Interview
INTERVIEW | ഈ ഇരട്ടകളെ അവതരിപ്പിക്കാന്‍ ജോജു ജോര്‍ജിനേ സാധിക്കൂ | രോഹിത്ത് എം.ജി. കൃഷ്ണന്‍
അമൃത ടി. സുരേഷ്
Wednesday, 8th February 2023, 8:50 pm
'2017 മുതല്‍ ഇരട്ട സിനിമയുടെ പിറകെയുണ്ട്. 2020ലാണ് ജോജു ജോര്‍ജ് സിനിമയിലേക്ക് വരുന്നത്. അദ്ദേഹമാണ് ഇതൊരു വലിയ സിനിമ ആയി ചെയ്യാമെന്ന് പറയുന്നത്. സ്‌ക്രിപ്റ്റിലുള്ള ആത്മവിശ്വാസം കൊണ്ടാണ് അദ്ദേഹം ഈ ചിത്രം നിര്‍മിച്ചത്,' സംവിധായകന്‍ രോഹിത്ത് എം.ജി. കൃഷ്ണന്‍ ഡൂള്‍ന്യൂസിനോട് സംസാരിക്കുന്നു.

ആദ്യമായി സംവിധാനവും തിരക്കഥയും ചെയ്ത ചിത്രമായ ഇരട്ടക്ക് വലിയ അഭിനന്ദനങ്ങളാണ് ലഭിക്കുന്നത്. പ്രേക്ഷക പ്രതികരണങ്ങളെ എങ്ങനെ കാണുന്നു?

ഒരുപാട് സന്തോഷമുണ്ട്. മലപ്പുറത്തെ ആലിപ്പറമ്പ് എന്ന അധികം ആര്‍ക്കും അറിവില്ലാത്ത സ്ഥലത്തിരുന്ന് 2017ല്‍ എഴുതിയുണ്ടാക്കിയ ഒരു പൊലീസ് സ്റ്റേഷന്‍ 2022ല്‍ ഏലപ്പാറയില്‍ ഉണ്ടാക്കി അത് 2023 കേരളത്തിലെ ആളുകള്‍ കാണുന്നു എന്ന പറയുമ്പോള്‍ സന്തോഷമുള്ള കാര്യമാണ്.

സിനിമയിലേക്കുള്ള വരവ്?

2010 മുതല്‍ തന്നെ സിനിമയുടെ പിന്നാലെ നടക്കുന്നുണ്ടായിരുന്നു. മൊബൈല്‍ ക്യമറയിലൊക്കെ ചെറിയ ഷോട്ട് ഫിലിമുകള്‍ എടുക്കാന്‍ നോക്കുമായിരുന്നു. എഡിറ്റിങ്ങും ക്യാമറയും പോലെയുള്ള മിക്ക കാര്യങ്ങളും ഞാന്‍ തന്നെ ചെയ്യുമായിരുന്നു. അങ്ങനെ ചെയ്ത ഷോട്ട് ഫിലിമുകള്‍ കൂട്ടുകാരെയൊക്കെ കാണിക്കും. മേക്കിങ് കഴിഞ്ഞ് മോശമായി തോന്നിയാല്‍ ഞാന്‍ തന്നെ ഡിലീറ്റ് ചെയ്യും. അങ്ങനെ ഒരുപാട് ഷോട്ട് ഫിലിമുകള്‍ ചെയ്തിട്ടുണ്ട്.

കുറച്ചുകഴിഞ്ഞപ്പോള്‍ ഇങ്ങനെ ചെയ്താല്‍ പോരെന്ന് തോന്നി. കാരണം ആളുകള്‍ പ്രൊഫഷണലായി നല്ല ക്യാമറ ഉപയോഗിച്ച് ഷോട്ട് ഫിലിമുകള്‍ ചെയ്യുന്നുണ്ട്. ചെറിയ രീതിയിലാണ് ചെയ്യുന്നതെന്ന് തോന്നിയപ്പോള്‍ ഞാന്‍ ഒരു ജോലിക്ക് കയറി. പോസ്റ്റ് ഓഫീസില്‍ പോസ്റ്റല്‍ അസിസ്റ്റന്റായി കയറി. ഒരു വര്‍ഷം ഗ്യാപ്പെടുത്ത് പഠിച്ച് എക്‌സാം എഴുതിയാണ് കയറിയത്. അങ്ങനെ കുറച്ച് സേവിങ്‌സ് ആയി. അത്യാവശം കുഴപ്പമില്ലാത്ത ക്യാമറ റെന്റ് എടുത്ത് 30000 രൂപയില്‍ ഒരു ദിവസത്തെ ഷൂട്ട് തീരുന്ന രീതിയിലേക്ക് ബജറ്റ് ഒത്തുവരുമ്പോള്‍ ഷോട്ട് ഫിലിം ചെയ്യും. ചുറ്റുമുള്ള ആളുകള്‍ തന്നെയായിരുന്നു ഇതിലൊക്കെ അഭിനയിച്ചിരുന്നത്.

2015ല്‍ ‘ഇന്ന് ഇന്നലെ’ എന്നൊരു ഷോട്ട് ഫിലിം ചെയ്തു. കേരളത്തിലെ 17ഓളം ഫെസ്റ്റിവെലുകളില്‍ നിന്നും ആ ഷോട്ട് ഫിലിമിന് അവാര്‍ഡ് ലഭിച്ചു. ഞാന്‍ ചെയ്യുന്നതില്‍ അത്ര കുഴപ്പമില്ല, ആര്‍ക്കെക്കൊയോ കണക്ട് ചെയ്യുന്നുണ്ടെന്ന് അപ്പോള്‍ മനസിലായി. ഇതിനൊപ്പം തന്നെ സിനിമക്ക് സ്‌ക്രിപ്റ്റ് എഴുതാന്‍ തുടങ്ങി.

വലിയ സിനിമാ പശ്ചാത്തലമില്ലാതിരുന്നിട്ടും ആദ്യ സിനിമയില്‍ ജോജു ജോര്‍ജിനെ പോലെയൊരു താരം നായകനായി. നിര്‍മാണം മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസും അപ്പു പാത്തു പാപ്പു പ്രൊഡക്ഷന്‍സുമാണ്. ഇരട്ട ഇങ്ങനെയൊരു സ്‌കെയ്‌ലിലേക്ക് എത്തുന്നത് എങ്ങനെയാണ്?

സംവിധായകന്‍ സാജിദ് യഹിയ ആണ് ഈ സിനിമ ആദ്യം നിര്‍മിക്കാമെന്ന് ഏറ്റത്. അദ്ദേഹം സിനിമാ പ്രാന്തന്‍സ് പ്രൊഡക്ഷന്‍സ് തുടങ്ങുന്ന സമയമായിരുന്നു. സാജിദിക്ക വഴിയാണ് ജോജു ചേട്ടനിലേക്ക് എത്തുന്നത്. ജോജു ചേട്ടന്‍ സ്‌ക്രിപ്റ്റ് വായിച്ച് ഓക്കെ പറഞ്ഞു. പിന്നെ കൊവിഡ് വന്നു. അതോടെ ക്രൗഡ് ഷൂട്ട് ചെയ്യാന്‍ പറ്റാതായി. ആ സമയം സാജിദിക്ക മറ്റൊരു പ്രോജക്ട് ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. ഇരട്ട വൈകുമെന്ന് അറിഞ്ഞപ്പോള്‍ ജോജു ചേട്ടന്‍ തന്നെ പ്രൊഡ്യൂസ് ചെയ്യാമെന്ന് പറഞ്ഞു. സബ്‌ജെക്ടിലുള്ള ആത്മവിശ്വാസം കൊണ്ടാണ് അദ്ദേഹം പ്രൊഡ്യൂസ് ചെയ്യാമെന്ന് പറഞ്ഞത്. മാര്‍ട്ടിന്‍ ചേട്ടനും കഥ കേട്ട് ഓക്കെയായി തോന്നി. അദ്ദേഹവും ഇതില്‍ പാര്‍ട്ണറായി.

സിനിമയുടെ ആലോചനകള്‍ നടക്കുമ്പോള്‍ തന്നെ നായകനായി ജോജു മനസിലുണ്ടായിരുന്നോ?

എഴുതുമ്പോള്‍ ജോജു ചേട്ടന്‍ മനസിലുണ്ടായിരുന്നില്ല. കഥാപാത്രം എങ്ങനെയായിരിക്കണം, എന്തൊക്കെ ലെയറുകളാണ് വേണ്ടത് എന്നൊക്കെയുള്ള ആലോചനകളായിരുന്നു. ആ കഥാപാത്രത്തിന് വലിയൊരു റേഞ്ചുണ്ട്. അങ്ങനെയുള്ള രണ്ട് കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ എനിക്ക് ജോജു ചേട്ടനെ മാത്രമാണ് ആദ്യത്തെ ഓപ്ഷനില്‍ കിട്ടിയത്.

ജോജുവിന്റെ പെര്‍ഫോമന്‍സ് ചര്‍ച്ചയാവുന്നുണ്ട്. ഇരട്ട കഥാപാത്രങ്ങളുടെ രൂപത്തില്‍ പുറമേ കാണുന്ന ചില വ്യത്യാസങ്ങള്‍ക്കപ്പുറം പെരുമാറ്റത്തിലും നടപ്പിലും നോട്ടത്തിലും വരെ ജോജു ആ വ്യത്യസ്തത പാലിക്കുന്നുണ്ട്. ഈ രണ്ട് കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ ജോജുവിന് നല്‍കിയ നിര്‍ദേശം എന്തായിരുന്നു?

2020ലാണ് ജോജു ചേട്ടന്റെ അടുത്ത് സിനിമ വരുന്നത്. അദ്ദേഹമാണ് ഇതൊരു വലിയ സിനിമ ആയി ചെയ്യാമെന്ന് പറയുന്നത്. അദ്ദേഹത്തിന്റെ ഇന്‍പുട്ടിലാണ് ഇത് വലുതാക്കിയത്. അന്ന് മുതലേ ജോജു ചേട്ടന്‍ കൂടെയുണ്ട്. സ്‌ക്രിപ്റ്റിലെ ചെറിയ ഡീറ്റെയ്ല്‍സ് വരെ പുള്ളിക്ക് അറിയാം. വിനോദിനേയും പ്രമോദിനേയും പറ്റി വ്യക്തമായ ധാരണ ഉണ്ടായിരുന്നു. അതിനെ പറ്റി പുള്ളിയോട് കൂടുതല്‍ പറയേണ്ട കാര്യമില്ല. തുടക്കക്കാരന്‍ എന്ന നിലയ്ക്ക് എനിക്ക് അത് വളരെ ഉപകാരപ്പെട്ടു. അദ്ദേഹം കിടിലന്‍ ആക്ടറാണ്. സിനിമ കാണുമ്പോള്‍ അറിയാം. രണ്ട് പേരും നടക്കുന്നത് തന്നെ രണ്ട് രീതിയിലാണ്. വിനോദിന്റെ ലൈഫ് സ്റ്റൈലല്ല പ്രമോദിനുള്ളത്. മൈന്യൂട്ട് ഡീറ്റെയ്ല്‍സ് വരെ വെച്ച് ബ്രില്യന്റായി അവതരിപ്പിക്കാന്‍ നല്ല ഒരു ആക്ടറിനെ സാധിക്കുകയുള്ളൂ.

ഇടക്ക് ഒരു കട്ട് മാത്രം വരുന്ന സാബുമോനും ജോജുവും തമ്മിലുള്ള ഫൈറ്റ് വളരെ മികവ് പുലര്‍ത്തിയിരുന്നു, ഇത് എക്‌സിക്യൂട്ട് ചെയ്തപ്പോഴുണ്ടായിരുന്ന വെല്ലുവിളികള്‍ എന്തൊക്കെയായിരുന്നു?

ഒറ്റ ഷോട്ടിലായിരുന്നു ഫൈറ്റ് പ്ലാന്‍ ചെയ്തിരുന്നത്. വളരെ ഇന്റന്‍സ്ഡായതുകൊണ്ടും വളരെ സമയം എടുക്കുന്നതുകൊണ്ടുമാണ് ഒരു ഘട്ടത്തില്‍ കട്ട് ചെയ്തത്. അത്തരമൊരു രംഗം അഭിനയിക്കാന്‍ ആക്ടേഴ്‌സ് തയ്യാറാവുക എന്നതാണ് പ്രധാനം. ശരീരത്തില്‍ തട്ടാനും മുറിയാനുമൊക്കെയുള്ള സാധ്യതയുണ്ട്. സാബുചേട്ടനും ജോജു ചേട്ടനുമൊക്കെ പരിക്ക് പറ്റിയിരുന്നു. ആ ഒരു കമ്മിറ്റ്‌മെന്റ് രണ്ട് പേരും കാണിച്ചു. അതിന് റിസള്‍ട്ടുണ്ടായി.

ആദ്യം ഇരട്ട കഥാപാത്രങ്ങളല്ലായിരുന്നുവെന്നും ഒരു കഥാപാത്രം ജോജുവും മറ്റേത് വേറെ ആളാണെന്നും പ്രസ് മീറ്റില്‍ വെച്ച് അദ്ദേഹം പറഞ്ഞിരുന്നു. ഇരട്ടകളല്ലെങ്കില്‍ ആദ്യം പ്ലാന്‍ ചെയ്ത ക്ലൈമാക്‌സ് ഇങ്ങനെയായിരിക്കില്ലല്ലോ? ജോജുവിനൊപ്പമുള്ള കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ആരെയെങ്കിലും തെരഞ്ഞെടുത്തിരുന്നോ?

അങ്ങനെ ആരേയും തെരഞ്ഞെടുത്തിരുന്നില്ല. ക്ലൈമാക്‌സ് ഇതുപോലെ തന്നെയായിരുന്നു. ചെറിയൊരു വ്യത്യാസം ഉണ്ടായിരുന്നു. ഇരട്ട ക്ലൈമാക്‌സാവില്ല. കൂടുതല്‍ പറഞ്ഞാല്‍ സ്‌പോയിലറാവും.

പുതിയ പ്രോജക്ടുകള്‍?

ഇരട്ടയുടെ സമയത്ത് തന്നെ മറ്റൊരു സിനിമ ഓണായി വന്നിരുന്നു. ഒന്നുരണ്ടെണ്ണം ചര്‍ച്ചയിലുണ്ട്. അനൗണ്‍സ്‌മെന്റിന്റെ ഘട്ടത്തിലേക്ക് എത്തിയിട്ടില്ല.

Content Highlight: director rohith mg krishnan interview

അമൃത ടി. സുരേഷ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ജേര്‍ണലിസത്തില്‍ പി.ജിയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.