Romancham Review | കുറെ കോമഡി, ഒരു ഇച്ചിരി പേടി 
അന്ന കീർത്തി ജോർജ്

രസകരമായ ചിത്രമാണ് രോമാഞ്ചം. ‘ആദരാഞ്ജലി’ പാട്ടിലെ വരികളും അതില്‍ നിന്നും തികച്ചും വ്യത്യസ്തമായ പാട്ടിന്റെ മൂഡും എങ്ങനെയാണോ വൈരുധ്യങ്ങള്‍ ചേര്‍ന്ന് രസിപ്പിക്കുന്ന അനുഭവം നല്‍കുന്നത് അതുപോലെ തന്നെയാണ് രോമാഞ്ചം എന്ന സിനിമയും. പേടിയും കോമഡിയും ഒന്നിച്ചൊരു ഞാണിന്മേല്‍ കളിയാണ് രോമാഞ്ചത്തില്‍ സംവിധായകനും തിരക്കഥാകൃത്തുമായി ജിത്തു മാധവന്‍ നടത്തുന്നത്.

ഹൊറര്‍ കോമഡി ഴോണറിലുള്ള ഒരുപാട് ചിത്രങ്ങള്‍ ലോകത്തിലെ ഒട്ടുമിക്ക ഭാഷകളിലും വന്നിട്ടുണ്ട്. സ്വാഭാവികമായ നര്‍മങ്ങളും അത്ര തന്നെ സ്വാഭാവികമായ ചെറിയ പേടിപ്പെടുത്തലുകളും കൊണ്ടാണ് മലയാളത്തിലെ ഹൊറര്‍ കോമഡികളുടെ മുന്‍നിരയില്‍ രോമാഞ്ചം ഇടം പിടിക്കുക.

ജിത്തു മാധവന്‍ ഏറെ ശ്രദ്ധിച്ചാണ് രോമാഞ്ചത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. 2007ല്‍ ബാംഗ്ലൂരിലെ ഒരു വീട്ടില്‍ വാടകക്ക് താമസിക്കുന്ന കുറച്ച് മലയാളി ചെറുപ്പക്കാരിലൂടെ രോമാഞ്ചം കഥ പറയുന്നത്. ഓജോ ബോര്‍ഡ് ട്രെന്റിങ്ങായി തുടങ്ങിയ കാലത്താണ് കഥ നടക്കുന്നത്. ബാക്കി പ്ലോട്ടിനെ കുറിച്ച് കൂടുതല്‍ പറയുന്നില്ല.

സൗബിനെയും അര്‍ജുന്‍ അശോകനെയും ഒഴിച്ചുനിര്‍ത്തിയാല്‍ താരതമ്യേന പുതുമുഖങ്ങളായവരാണ് രോമാഞ്ചത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും യൂട്യൂബ് സീരിസുകളിലൂടെയും ചില സിനിമകളിലൂടെയും സുപരിചിതരായാവരാണ് ഇവരില്‍ ഭൂരിഭാഗവും.

സൗബിനും സജിന്‍ ഗോപുവും അഫ്‌സലും സിജു സണ്ണിയും അബിന്‍ ബിനോയും അനന്തരാമന്‍ അജയ്‌യും ശ്രീജിത്ത് നായറുമാണ് ഒരു വീട്ടില്‍ ഒന്നിച്ചു കഴിയുന്ന സുഹൃത്തുക്കളായി എത്തുന്നത്. ഇവരുടെ പെര്‍ഫോമന്‍സും കഥാപാത്രങ്ങളുമാണ് രോമാഞ്ചത്തിന്റെ നെടുംതൂണ്‍.

എല്ലാ കഥാപാത്രങ്ങള്‍ക്കും പ്രത്യേകമായ സ്‌പേസും പെര്‍ഫോമന്‍സിനുള്ള അവസരവും ചിത്രത്തിലുണ്ട്. അക്കാര്യത്തിലാണ് സംവിധായകന്‍ വിജയിച്ചിരിക്കുന്നത്. ഈ ആറ് പേരില്‍ റിവിന്‍, സോമന്‍ എന്നീ കഥാപാത്രങ്ങള്‍ക്കാണ് താരതമ്യേന കുറഞ്ഞ സ്‌പേസുള്ളത്.

പടിപടിയായി വളര്‍ന്നുവരുന്ന ക്യാരക്ടര്‍ ആര്‍ക് എന്നതിലുപരി ചില പ്രത്യേക മാനറിസങ്ങളും സവിശേഷതകളുമാണ് ഓരോ കഥാപാത്രങ്ങള്‍ക്കുമുള്ളത്. ഓരോ കഥാപാത്രങ്ങളെയും പെര്‍ഫോമന്‍സിനെയും കുറിച്ച് വരും ദിവസങ്ങളില്‍ പ്രത്യേകം ചര്‍ച്ചകളുണ്ടായേക്കാം.

അബിന്‍ ബിനോയുടെ ഷിജപ്പനും സജിന്റെ നിരൂപേട്ടനുമാണ് എന്റെ പേഴ്‌സണല്‍ ഫേവറിറ്റുകള്‍. അര്‍ജുന്‍ അശോകന്റെ സിനുവും ഏറെ ഇഷ്ടപ്പെട്ട കഥാപാത്ര സൃഷ്ടിയും പെര്‍ഫോമന്‍സുമാണ്. സിനുവിന്റെ ആ ചിരിയും തലയാട്ടവും ഇപ്പോഴും മനസിലുണ്ട്. സിനുവിന്റെ എന്‍ട്രി കല്ലുകടിയായിരുന്നെങ്കിലും പിന്നീടങ്ങോട്ട് പെര്‍ഫോമന്‍സ് കൊണ്ട് ആ പോരായ്മ ഒരു പരിധിവരെ അര്‍ജുന്‍ അശോകന്‍ പരിഹരിക്കുന്നുണ്ട്. സൗബിന്‍ ഷാഹിറും ജിബിച്ചനെ മികച്ച രീതിയില്‍ തന്നെ അവതരിപ്പിച്ചിട്ടുണ്ട്. സ്ലാങടക്കം പലതിലും തന്റെ മുന്‍ കഥാപാത്രങ്ങളോട് സാമ്യമുണ്ടെങ്കിലും ജിബിച്ചനെ പുതുമയോടെ അവതരിപ്പിക്കാന്‍ സൗബിന് കഴിഞ്ഞിട്ടുണ്ട്.

ഒരു വീട്ടില്‍ ഒന്നിച്ചു താമസിക്കുന്ന എല്ലാ ഫ്രണ്ട്‌സ് ഗ്രൂപ്പിലും ചില സ്ഥിരം റോളുകളുണ്ടാകാറുണ്ട്. ഉത്തരവാദിത്തതോടെ വീടിനെയും അവിടെയുള്ളവരെയും നോക്കുന്നയാള്‍, എല്ലാവര്‍ക്കും പേടിയുള്ള ഒരാള്‍, തല തെറിച്ച നടക്കുന്നയൊരാള്‍, ജോലിയുള്ളയൊരാള്‍, വീട്ടിലെ ഏറ്റവും ഇളയ കുട്ടിയെ പോലെയൊരാള്‍ എന്നിങ്ങനെ. ഈ റോളുകളെല്ലാം രോമാഞ്ചത്തില്‍ കൃത്യതയോടെയും സ്വാഭാവികതയോടെയും അവതരിപ്പിക്കപ്പെടുന്നുണ്ട്. സാധനങ്ങള്‍ വാങ്ങുന്നതും ഭക്ഷണം പാകം ചെയ്യുന്നതുമായ താമസസ്ഥലത്തെ ജോലികള്‍ ഓരോരുര്‍ത്തക്കുമായി പങ്കുവെച്ച് നല്‍കുന്ന രംഗം പ്രേക്ഷകര്‍ക്ക് സിനിമയിലെ ഏറ്റവും റിലേറ്റ് ചെയ്യാന്‍ കഴിയുന്ന ഭാഗമായിരിക്കും, അത്തരത്തില്‍ വാടകവീട്ടില്‍ താമസിച്ചവര്‍ക്ക് പ്രത്യേകിച്ചും.

സിനുവും ജിബിച്ചനും തമ്മിലുള്ള ബന്ധം വളരെ സൂക്ഷ്മമായി അവതരിപ്പിക്കുന്ന സീനുകള്‍, ഓജോ ബോര്‍ഡ് കളിക്കാനുള്ള തീരുമാനത്തിലേക്ക് എല്ലാവരും എത്തുന്ന ഭാഗം, ‘പൊതപ്പിക്കുന്ന’ സീനും അതിന്റെ അവസാനവും എന്നിങ്ങനെ സ്‌ക്രിപ്റ്റിലും എക്‌സിക്യൂഷനിലും മികച്ചുനിന്ന നിരവധി ഭാഗങ്ങള്‍ രോമാഞ്ചത്തിലുണ്ട്.

‘ആദരാഞ്ജലി നേരട്ടെ’യായിരുന്നു രോമാഞ്ചത്തിന്റെ റിലീസിന് മുമ്പ് തരംഗമായിരുന്നതെങ്കില്‍ ആത്മാവേ പോ എന്ന ഗാനമായിരിക്കും ചിത്രം കണ്ടിറങ്ങുമ്പോള്‍ മനസില്‍ നില്‍ക്കുക. സുഷിന്‍ ശ്യാം നല്ല അസലായി ചിത്രത്തിലെ ഓരോ പാട്ടുകളും അണിയിച്ചൊരുക്കിയിട്ടുണ്ട്. സനു താഹിറിന്റെ ക്യാമറയും കിരണ്‍ ദാസിന്റെ എഡിറ്റിങ്ങും ചിത്രത്തിന്റെ വിഷ്വല്‍സിനെയും ഒഴുക്കിനെയും ഗംഭീരമാക്കുന്നുണ്ട്. കളര്‍ ടോണും വളരെ ക്ലോസായ ചില ഷോട്ടുകളും മികച്ച് നിന്നിരുന്നു. ചെറിയ വിഷ്വല്‍ ഇഫക്ടുകള്‍ ഒട്ടും മുഴച്ചുനില്‍ക്കാതെ സിനിമയില്‍ കടന്നുവരുന്നുണ്ട്.

ഇങ്ങനെയൊക്കെ ആണെങ്കിലും, രോമാഞ്ചത്തിന്റെ തിരക്കഥയും ചില കഥാസന്ദര്‍ഭങ്ങളും അല്‍പം പിടിവിട്ടും പാളിയും തെന്നിപ്പോകുന്നുണ്ട്. കണക്ഷന്‍ നഷ്ടപ്പെട്ടെന്ന പോലെ എത്തുന്ന പല ഭാഗത്തും ചില കോമഡികള്‍ ഏച്ചുകൂട്ടിയാലെന്ന പോലെ മുഴച്ചു നില്‍ക്കുന്നുമുണ്ട്. ജംബ് സ്‌കെയറുകളൊന്നുമില്ലെങ്കിലും ഹൊററിന് വേണ്ടി പഴയ ചില ടെക്‌നിക്കുകള്‍ തന്നെ സിനിമ ഉപയോഗിക്കുന്നുണ്ട്.

സിനുവെന്ന കഥാപാത്രം വന്നതിന് ശേഷം, അയാളുമായി ചില കാര്യങ്ങള്‍ സംസാരിക്കാന്‍ ബാക്കിയുള്ളവര്‍ വല്ലാതെ മടിക്കുന്നത് ഒട്ടുമേ ലോജിക്കില്ലാത്ത സീനുകളായിരുന്നു. ഇത് വല്ലാതെ ലാഗും അടിപ്പിച്ചു. സിനുവിന്റെ കടന്നുവരവും അല്‍പം കൂടി മെച്ചപ്പെടുത്താമായിരുന്നു. തിയേറ്ററിന്റെ പ്രശ്‌നമാണോയെന്ന് അറിയില്ല, ചില ഡയലോഗുകള്‍ വ്യക്തവുമല്ലായിരുന്നു.

ഇത്തരം ചില കല്ലുകടികളുണ്ടെങ്കിലും, തിയേറ്ററിലിരുന്ന് ചിരിച്ചും ചെറുതായൊന്ന് പേടിച്ചും ഒരല്‍പം ആകാംക്ഷയോടെയും ആദ്യാവസാനം കണ്ടിരിക്കാവുന്ന സിനിമ തന്നെയാണ് രോമാഞ്ചം.

Content Highlight: Romancham Review

അന്ന കീർത്തി ജോർജ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.