'ഇങ്ങനെയൊക്കെ ചെയ്യാമോ, നമ്മള് നാളേം കാണണ്ടേ !'; രഞ്ജിത്ത് ശങ്കറിന്റെ പോസ്റ്റിന് പ്രതികരണവുമായി ആരാധകര്‍
Entertainment
'ഇങ്ങനെയൊക്കെ ചെയ്യാമോ, നമ്മള് നാളേം കാണണ്ടേ !'; രഞ്ജിത്ത് ശങ്കറിന്റെ പോസ്റ്റിന് പ്രതികരണവുമായി ആരാധകര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 1st October 2021, 3:10 pm

ജയസൂര്യയെ നായകനാക്കി സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍ അണിയിച്ചൊരുക്കിയ ചിത്രമാണ് സണ്ണി.സെപ്റ്റംബര്‍ 23നാണ് സിനിമ ആമസോണ്‍ പ്രൈം വഴി റിലീസ് ചെയ്തത്.

സണ്ണിയുടെ സംവിധായകനായ രഞ്ജിത്ത് ശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നത്. സിനിമയില്‍ ഒരു നടിയുടെ നമ്പര്‍ എന്ന രീതിയില്‍ കാണിച്ചിരിക്കുന്ന തന്റെ അസിസ്റ്റന്റിന്റെ നമ്പറിലേക്ക് നിരന്തരമായി മെസേജുകള്‍ വരുന്നുണ്ടെന്നാണ് അദ്ദേഹം പറയുന്നത്.

‘സണ്ണിയില്‍ നിമ്മിയുടെ നമ്പര്‍ ആയി കാണിച്ചിരിക്കുന്നത് എന്റെ അസിസ്റ്റന്റ് ആയ സുധീഷ് ഭരതന്റെതാണ്. ഒരാഴ്ചയായി അതില്‍ മെസേജുകളുടെ ബഹളം ആണ്. ഇനി അയക്കുന്നവര്‍ ശ്രദ്ധിക്കുക,’ എന്നാണ് രഞ്ജിത്ത് ശങ്കര്‍ പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്.

രസകരമായ കമന്റുകളാണ് പോസ്റ്റിന് കീഴെ വരുന്നത്. ‘നിമ്മി ആയിട്ട് സണ്ണിയില്‍ സണ്ണി ലിയോണ്‍ വരാഞ്ഞത് സുധീഷിന്റെ ഭാഗ്യം, വേണ്ടാരുന്നു രഞ്ജിത്തേട്ടാ, ഞങ്ങളെ ഇങ്ങനെ പറ്റികണ്ടാരുന്നു’ എന്നിങ്ങനെയാണ് കമന്റുകള്‍.

മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് കിട്ടിക്കൊണ്ടിരിക്കുന്നത്. ഇതിനിടെ സ്പെയിനിലെ കലേല ചലച്ചിത്രമേളയിലേക്ക് സണ്ണി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തിട്ടുണ്ട്.

ഇന്ത്യയില്‍ നിന്നും ഈ ചലച്ചിത്രമേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഒരേയൊരു സിനിമ കൂടിയാണ് സണ്ണി. സ്പെയിനിലെ കാറ്റലോണിയയില്‍ വച്ച് ഒക്ടോബര്‍ 1 മുതല്‍ ഒക്ടോബര്‍ 9 വരെയാണ് മേള സംഘടിപ്പിക്കുന്നത്.

കൊവിഡിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന സിനിമയില്‍ ജയസൂര്യയുടെ സണ്ണി എന്ന ടൈറ്റില്‍ കഥാപാത്രം മാത്രമാണ് പ്രത്യക്ഷപ്പെടുന്നത് എന്ന പ്രത്യേകതയുമുണ്ട്. മറ്റ് കഥാപാത്രങ്ങള്‍ ശബ്ദങ്ങളിലൂടെയാണ് വന്നു പോകുന്നത്.

ജയസൂര്യയും രഞ്ജിത്ത് ശങ്കറും ചേര്‍ന്ന് തന്നെയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നതും. ജയസൂര്യ അദ്ദേഹത്തിന്റെ അഭിനയജീവിതത്തിലെ ഇരുപതാം വര്‍ഷം ആഘോഷിക്കുന്നതിനിടെയാണ് നൂറാമത്തെ ചിത്രമായി സണ്ണി പുറത്തിറങ്ങിയത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Director Renjith Shankar shares funny post about a characters phone number