തമിഴിലെ മികച്ച സംവിധായകരില്‍ ഒരാളാണ് റാം. ദേശീയ പുരസ്‌ക്കാര ജേതാവായ ഇദ്ദേഹം രാജ്കുമാര്‍ സന്തോഷി, ബാലു മഹേന്ദ്ര എന്നിവരുടെ ശിക്ഷ്യനാണ്. 2007ല്‍ പുറത്തിറങ്ങിയ കട്ട്രദു തമിഴ് എന്ന സിനിമയിലൂടെയാണ് അദ്ദേഹം സ്വതന്ത്ര സംവിധായകനാകുന്നത്. തുടര്‍ന്ന് തങ്ക മീങ്കള്‍, തരമണി, പേരന്‍മ്പ്, ഏഴു കടല്‍ ഏഴു മലൈ എന്നീ ചിത്രങ്ങള്‍ റാം സംവിധാനം ചെയ്തു. രണ്ട് പതിറ്റാണ്ടിലേറെ നീളുന്ന കരിയറില്‍ ഇതുവരെ ആറ് സിനിമകള്‍ മാത്രമാണ് ചെയ്തത്. റാമിന്റെ സംവിധാനത്തില്‍ പുറത്തുവന്ന ഏറ്റവും പുതിയ ചിത്രമാണ് പറന്തു പോ.
സംവിധായകന്‍ സത്യന്‍ അന്തിക്കാടിനെ കുറിച്ച് സംസാരിക്കുകയാണ് റാം. സത്യന്‍ അന്തിക്കാടിനെയാണ് തനിക്ക് ഏറ്റവും ഇഷ്ടമെന്നും അദ്ദേഹത്തിന്റെ എല്ലാ സിനിമകളും ഇഷ്ടമാണെന്നും റാം പറയുന്നു. സത്യന്‍ അന്തിക്കാടിന്റെ സിനിമകളില്‍ ജീവിതമുണ്ടെന്നും തന്റെ പറന്തു പോ എന്ന സിനിമ കണ്ടാലും സത്യന്‍ അന്തിക്കാട് ചിത്രത്തിന്റെ ചെറിയൊരു ചുവയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഫിലിമി ബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സംവിധായകന്‍ റാം.
‘എനിക്ക് ഏറ്റവും ഇഷ്ടം സത്യന്‍ അന്തിക്കാടിനെയാണ്. അദ്ദേഹത്തിന്റെ എല്ലാ സിനിമകളും എനിക്ക് ഇഷ്ടമാണ്. അദ്ദേഹത്തിന്റെ സിനിമകളില്‍ ജീവിതത്തിന്റെ എല്ലാ നിറങ്ങളും ഉണ്ടാകും. അതില്‍ സന്തോഷം ഉണ്ടാകും. സങ്കടം ഉണ്ടാകും. പ്രണയവും വിരഹവും ഉണ്ടാകും. അദ്ദേഹത്തിന്റെ സിനിമകളില്‍ ജീവിതങ്ങളുണ്ട്.
ഇപ്പോള്‍ എന്റെ പറന്തു പോ എന്ന സിനിമ കണ്ടാലും അതില്‍ സത്യന്‍ അന്തിക്കാടിന്റെ ചെറിയൊരു ചുവയുണ്ടാകും. മൊത്തമായും അങ്ങനെയാണ് എന്നല്ല. എന്നാല്‍ അതിന്റെ അടുത്ത് വരെ ഉണ്ടാകും. ചെറുയൊരു സത്യന്‍ അന്തിക്കാട് ചിത്രം എന്ന് വേണമെങ്കില്‍ പറയാം,’ സംവിധായകന്‍ റാം പറയുന്നു.