കല്യാണിക്ക് അഭിനയിക്കാന്‍ അറിയില്ല, അഭിനയിക്കുമെന്ന് എനിക്ക് തോന്നിയിട്ടുമില്ല എന്നാണ് നാഗാര്‍ജുന വിളിച്ചപ്പോള്‍ പറഞ്ഞത്: പ്രിയദര്‍ശന്‍
Malayalam Cinema
കല്യാണിക്ക് അഭിനയിക്കാന്‍ അറിയില്ല, അഭിനയിക്കുമെന്ന് എനിക്ക് തോന്നിയിട്ടുമില്ല എന്നാണ് നാഗാര്‍ജുന വിളിച്ചപ്പോള്‍ പറഞ്ഞത്: പ്രിയദര്‍ശന്‍
ആര്യ.പി
Thursday, 16th July 2026, 6:50 pm

നാഗാര്‍ജുന നിര്‍മിച്ച തെലുങ്ക് ചിത്രമായ ‘ഹലോ’യിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ നടിയാണ് കല്യാണി പ്രിയദര്‍ശന്‍. ഈ ചിത്രത്തിലൂടെ മികച്ച വനിതാ പുതുമുഖ താരത്തിനുള്ള ഫിലിംഫെയര്‍ പുരസ്‌കാരവും താരം നേടി.

പിന്നീട് ‘ഹീറോ’ എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയിലേക്കും ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലൂടെ മലയാള സിനിയിലേക്കും കല്യാണി പ്രിയദര്‍ശന്‍ കാലെടുത്തുവെച്ചു.

വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലെ കല്യാണിയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടതോടെ വലിയ അവസരങ്ങള്‍ താരത്തെ തേടിയെത്തി. മാനാട്, ഹൃദയം, ബ്രോ ഡാഡി, തല്ലുമാല തുടങ്ങിയ ചിത്രങ്ങളിലെ മികച്ച കഥാപാത്രങ്ങള്‍ക്ക് ശേഷം ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത ‘ലോക’ ഫ്രാഞ്ചൈസിലെ ആദ്യ ചിത്രമായ ‘ലോക: ചാപ്റ്റര്‍ വണ്‍ ചന്ദ്ര’യിലെ ചന്ദ്രയെന്ന സൂപ്പര്‍ഹീറോയായി കല്യാണി അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു.

എന്നാല്‍ കല്യാണിയില്‍ ഒരു അഭിനേതാവുണ്ടെന്ന് താനൊരിക്കലും തിരിച്ചറിഞ്ഞിരുന്നില്ലെന്ന് പറയുകയാണ് സംവിധായകനും കല്യാണിയുടെ അച്ഛനുമായ പ്രിയദര്‍ശന്‍.

കുട്ടിക്കാലം മുതല്‍ അടുത്തകാലം വരെ സിനിമയോട് ഒരു താത്പര്യവും കാണിക്കാതിരുന്ന ആളായിരുന്നു കല്യാണിയെന്നും ആദ്യ ചിത്രമായ ഹലോയില്‍ കല്യാണിയ്ക്ക് അവസരം വന്നപ്പോള്‍ അവള്‍ക്ക് അഭിനയിക്കാന്‍ അറിയില്ലെന്നാണ് നാഗാര്‍ജുനയോട് താന്‍ പറഞ്ഞതെന്നും പ്രിയദര്‍ശന്‍ പറയുന്നു.

‘എന്നെ സംബന്ധിച്ച് കല്യാണി പ്രിയദര്‍ശന്‍ എന്റെ മകള്‍ മാത്രമാണ്. ഞാന്‍ എത്രയോ വര്‍ഷമായി സിനിമ ചെയ്യുന്ന ആളാണ്. കുഞ്ഞായിരുന്ന കാലം തൊട്ട് സിനിമയിലേക്ക് വരാന്‍ ഒരു താത്പര്യവും കല്യാണി കാണിച്ചിട്ടില്ല, സെറ്റില്‍ വരാന്‍ താത്പര്യം കാണിച്ചിട്ടില്ല, ഒന്നും ഇഷ്ടമില്ലാത്ത ആളായിരുന്നു.

ആര്‍ക്കിടെക്ചറില്‍ ബിരുദം എടുത്ത ശേഷം ഞങ്ങള്‍ ഇങ്ങനെ ഒരു ജോലിയുടെ കാര്യം സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. അച്ഛാ, നാഗ അങ്കിള്‍ (നാഗാര്‍ജുന) എന്നെ കണ്ടിട്ട് ഒരു സിനിമയില്‍ അഭിനയിക്കാമോ എന്ന് ചോദിച്ചു. അദ്ദേഹം അച്ഛനെ വിളിക്കുമെന്ന് പറഞ്ഞിട്ടുണ്ടെന്ന് കല്യാണി പറഞ്ഞു.

അങ്ങനെ അദ്ദേഹം എന്നെ വിളിച്ചപ്പോള്‍ ഞാന്‍ പറഞ്ഞത് അവള്‍ക്ക് അഭിനയിക്കാനൊന്നും അറിയില്ല, അഭിനയിക്കുമെന്ന് എനിക്ക് തോന്നിയിട്ടുമില്ല എന്നാണ്.

പിന്നീട് അവള്‍ ഇത് ഗൗരവമായിട്ടാണ് എടുത്തതെന്ന് അറിഞ്ഞപ്പോള്‍ അമ്മൂ, ആര്‍ യു സീരിയസ് എന്ന് ഞാന്‍ ചോദിച്ചു. അച്ഛാ ഒന്ന് ശ്രമിച്ചുനോക്കുന്നതിന് എന്താ കുഴപ്പം, ശരിയായില്ലെങ്കില്‍ അതോടെ നമുക്ക് നിര്‍ത്താമെന്ന് പറഞ്ഞു.

ഓക്കെ ശരി നിന്റെ ഇഷ്ടം പോലെ എന്ന് പറഞ്ഞു. ഇന്നും അവള്‍ ഏത് സിനിമയാണ് ചെയ്യുന്നത്, എന്താണ് കഥ, ഏത് സിനിമ സൈന്‍ ചെയ്തു ഇതൊന്നും ഞാന്‍ ചോദിക്കാറില്ല. അവളുടെ അച്ഛന്‍ എന്നത് വേറെ, ആക്ടര്‍ എന്ന നിലയിലുള്ളത് വേറെ. അല്ലാതെ അവളോട് ഞാന്‍ സിനിമയെ കുറിച്ച് ഒന്നും ചോദിക്കാറില്ല,’ പ്രിയദര്‍ശന്‍ പറഞ്ഞു.

Content Highlight: Director Priyadarshan about Daughter Kalyani and her Movie Debut

ആര്യ.പി
ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.