ലോകത്തിലെ ഏറ്റവും മികച്ച അഭിനേതാവിന്റെ കൂടെ വര്‍ക്ക് ചെയ്യാനാണ് എല്ലാ സംവിധായകരും ആഗ്രഹിക്കുകയെന്നും തന്നെ സംബന്ധിച്ച് മോഹന്‍ലാല്‍ എന്ന നടന്‍ അഭിനയത്തിന്റെ ദൈവമാണെന്നും വൃഷഭ സംവിധായകന്‍ നന്ദ കിഷോര്‍. അദ്ദേഹത്തെ പോലൊരു ലെജന്‍ഡിന്റെ കൂടെ വര്‍ക്ക് ചെയ്തു എന്നതില്‍ അറിയപ്പെടുന്നതില്‍ തനിക്ക് അഭിമാനമാണെന്നും നന്ദ കിഷോര്‍ പറഞ്ഞു.
മോഹന്‍ലാല്‍ നായകനായ വൃഷഭ സിനിമയുടെ ട്രെയിലര്‍ ലോഞ്ചിന്റെ ഭാഗമായ് കൊച്ചിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു സംവിധായകന്‍. മോഹന്‍ലാല്‍ അടക്കമുള്ള ചിത്രത്തിലെ താരങ്ങള്‍ വേദിയിലിരിക്കെ പ്രേക്ഷകന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു നന്ദ കിഷോര്‍.
‘എല്ലാ സംവിധായകരുടെയും സ്വപ്‌നമാണ് ലോകത്തെ മികച്ച അഭിനേതാക്കളുടെയും കൂടെ വര്‍ക്ക് ചെയ്യുക എന്നത്. മോഹന്‍ലാല്‍ അഭിനയത്തിന്റെ ദൈവമാണ്, അദ്ദേഹം നിങ്ങള്‍ക്ക് വേണ്ടി അഭിനയിക്കുന്നു എന്നതിനപ്പുറത്തേക്ക് എന്ത് സ്വപ്‌നമാണ് ഒരു സംവിധായകനുണ്ടാകുക. എഴുതി വെച്ച ഓരോ സീനും അദ്ദേഹം അടുത്ത ലെവലിലേക്ക് കൊണ്ടുപോകും.
ഇന്ത്യയില്‍ തന്നെ നൂറു മില്യണ്‍ ആളുകളുണ്ട്. അവരില്‍ തന്നെ 10 ലക്ഷത്തോളം പേര്‍ സംവിധാനം ചെയ്യാന്‍ ആഗ്രഹമുള്ളവരായിരിക്കും. അതില്‍ പതിനായിരം പേര്‍ സിനിമ ചെയ്യുന്നു, ഇവരില്‍ 100 പേരെ മാത്രമായിരിക്കും ജനം തിരിച്ചറിയുന്നതും സ്റ്റാറാവുന്നതും. ഈ നൂറു പേരില്‍ ഞാനില്ലെങ്കില്‍ കൂടി മോഹന്‍ലാല്‍ എന്ന ലെജന്‍ഡിന്റെ കൂടെ സിനിമ ചെയ്തു എന്ന പേരില്‍ ഞാനറിയപ്പെടും,എനിക്കത് മതി,’ നന്ദ കിഷോര്‍ പറയുന്നു.
Photo: screen grab/ vrushabha movie trailer/ youtube.com
പൂര്‍വ ജന്മത്തില്‍ എതിരാളികളായിരുന്നവര്‍ അച്ഛനും മകനുമായെത്തുന്നതും രണ്ടു കാലഘട്ടങ്ങളിലുമുണ്ടാവുന്ന പ്രതിസന്ധികളെ തരണം ചെയ്യുന്നതുമായ ഒരു പീരിയോഡിക്കല്‍ ഡ്രാമയാണ് ചിത്രമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ നല്‍കുന്ന വിവരം. ചിത്രത്തില്‍ രണ്ട് അപ്പിയറന്‍സുകളിലാണ് പ്രധാനകഥാപാത്രമായ മോഹന്‍ലാല്‍ എത്തുന്നതെന്ന് ഇന്ന് പുറത്തുവിട്ട ട്രെയിലറില്‍ നിന്നും വ്യക്തമാണ്.
ഒരേ സമയം തെലുങ്കിലും മലയാളത്തിലും റിലീസ് ചെയ്യുന്ന ചിത്രത്തില്‍ നയന സരിക, രാഗിണി ദ്വിവേദി, അജയ് തുടങ്ങിയവരും പ്രധാനവേഷത്തിലെത്തുന്നു. ഈ വര്‍ഷം മെയില്‍ റിലീസിനെത്തുമെന്ന് അറിയിച്ച വൃഷഭ പിന്നീട് രണ്ട് തവണ മാറ്റിവെച്ചാണ് ഡിസംബര്‍ 25 ന് റിലീസിനൊരുങ്ങുന്നത്.
Content Highlight: director nandha kishore talks about actor mohanlal