വ്യത്യസ്തമായ ഹാസ്യശൈലിയും മാസ് എന്റർടെയ്ൻമെന്റും ഒരുമിപ്പിച്ച് മലയാള സിനിമയിൽ തന്റേതായൊരു ഇടം കണ്ടെത്തിയ സംവിധായകനാണ് മിഥുൻ മാനുവൽ തോമസ്.
ഓം ശാന്തി ഓശാനയുടെ തിരക്കഥയിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന അദ്ദേഹം, ആദ്യ സംവിധാന സംരംഭമായ ആട് തിയേറ്ററുകളിൽ പ്രതീക്ഷിച്ച വിജയം നേടാനാകാതെ പോയിരുന്നെങ്കിലും പിന്നീട് അതേ സിനിമയുടെ രണ്ടാം ഭാഗം വമ്പൻ ഹിറ്റാക്കി മലയാള സിനിമയെ അതിശയിപ്പിച്ചു.
ഇപ്പോൾ മൂന്നാം ഭാഗമായ ആട് 3 വെറും എട്ട് ദിവസങ്ങൾക്കുള്ളിൽ തന്നെ 100 കോടി ക്ലബ്ബിൽ ഇടം പിടിച്ച് വലിയ വിജയമായി മുന്നേറുകയാണ്.
സിനിമയിലെ എല്ലാ കഥാപാത്രങ്ങളും മികച്ച പ്രകടനം കാഴ്ചവെച്ച സാഹചര്യത്തിൽ, ഇതിൽ മറ്റൊരു താരത്തെ ഉൾപ്പെടുത്താമെങ്കിൽ ആരെയായിരിക്കും തിരഞ്ഞെടുത്തിരിക്കുക എന്ന ചോദ്യത്തിന്, തനിക്ക് പൃഥ്വിരാജ് സുകുമാരൻ ആടിൽ ഉണ്ടായിരുന്നെങ്കിൽ എന്ന ആഗ്രഹമുണ്ടെന്ന് മിഥുൻ വ്യക്തമാക്കി.
എന്നാൽ അത് ഒരിക്കലും നടക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക്ലബ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം തുറന്ന് പറഞ്ഞത്.
‘ആട് ഫ്രാഞ്ചൈസിയിലേക്ക് പുതിയൊരു കഥാപാത്രത്തെ കൊണ്ടുവരുകയാണെങ്കിൽ ഞാൻ പൃഥ്വിരാജിനെ കൊണ്ടുവരും. പൃഥ്വിരാജിനെ കൊണ്ട് വന്ന് വൻ കോമഡി ചെയ്യിക്കുന്നത് കൊള്ളാമെന്നുണ്ട്. രാജു വന്ന് ഹ്യൂമർ ചെയ്താൽ നന്നായിരിക്കും.
പൃഥ്വിരാജ് സുകുമാരൻ, Photo: Prithviraj Sukumaran/ Facebook
അവന്റെ ഇപ്പോഴത്തെ തമാശകൾ എല്ലാം നല്ലതാണ്. അങ്ങനെ ഒരു സാധനം എനിക്ക് ചെയ്യണം എന്ന ആഗ്രഹമുണ്ട്. അത് എന്റെ കൗതുകകരമായ ഒരു ആലോചന മാത്രമാണ്. അടുത്ത ഭാഗമുണ്ടായാലും അത് നടക്കാൻ സാധ്യതയില്ല,’ മിഥുൻ പറഞ്ഞു.
അതേസമയം, ഈ വർഷത്തെ വലിയ വിജയചിത്രങ്ങളിലൊന്നായി മാറിയിരിക്കുകയാണ് ‘ആട് 3’. ജയസൂര്യ, വിനായകൻ, സൈജു കുറുപ്പ്, സണ്ണി വെയിൻ, ഇന്ദ്രൻസ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രത്തിൽ ഓരോ താരവും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
പാപ്പനായി ജയസൂര്യയും ഡ്യൂഡായി വിനായകനും സാത്താൻ സേവ്യറായി സണ്ണി വെയിനും തങ്ങളുടെ കഥാപാത്രങ്ങളെ ഏറെ ജനപ്രിയമാക്കി. ആഗോള ബോക്സ് ഓഫീസിൽ 119 കോടിയിലധികം കളക്ഷൻ നേടി ‘ആട് 3’ മെഗാബ്ലോക്ക്ബസ്റ്റർ വിജയമായി മാറിയിരിക്കുകയാണ്.
Content Highlight: Director Midhun Manuel Thomas says he wants to bring Prithviraj to the Aadu franchise
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.