ജുമാന്‍ജി മാത്രമല്ല, പടക്കളത്തിന് റഫറന്‍സ് ആയത് ഈ മലയാള ചിത്രങ്ങള്‍: മനു സ്വരാജ്
Entertainment
ജുമാന്‍ജി മാത്രമല്ല, പടക്കളത്തിന് റഫറന്‍സ് ആയത് ഈ മലയാള ചിത്രങ്ങള്‍: മനു സ്വരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 24th June 2025, 2:51 pm

പടക്കളം സിനിമയെ കുറിച്ചും ഏതെല്ലാം സിനിമകളില്‍ നിന്ന് ഇന്‍സ്‌പെയേര്‍ഡ് ആയിട്ടാണ് പടക്കളത്തിന്റെ തിരക്കഥ തയ്യാറാക്കിയതെന്നുമൊക്കെ പറയുകയാണ് സംവിധായകന്‍ മനു സ്വരാജ്.

അമേരിക്കന്‍ ചിത്രം ജുമാന്‍ജിയുടെ റീമേക്ക് ആണ് പടക്കളം എന്ന് പലരും പറഞ്ഞെന്നും ജുമാന്‍ജി ഇന്‍സ്‌പെയര്‍ ചെയ്തിട്ടുണ്ടെന്നും അതിനപ്പുറത്തേക്ക് മലയാളത്തിലെ എണ്ണം പറഞ്ഞ സിനിമകളില്‍ നിന്ന് റഫറന്‍സ് എടുത്തിട്ടുണ്ടെന്നും മനു പറയുന്നു. വിത്ത് ക്രൂവിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മനു.

‘പടക്കളം ഇറങ്ങിയ സമയത്ത് റെഡ്ഡിറ്റില്‍ എനിക്ക് കുറേ ഊക്ക് കിട്ടിയിരുന്നു. ഞാന്‍ അത് ജോളിയായിട്ടേ എടുത്തുള്ളൂ. പടക്കളത്തിന്റെ ള മാറ്റിയാല്‍ കറക്ട് ആവും പടക്കം. അതാണ് ചിത്രം എന്ന രീതിയില്‍ വന്നിരുന്നു. പിന്നെ ചിത്രം ജുമാന്‍ജിയുടെ റീമേക്ക് ആണെന്നൊക്കെ പലരും പറഞ്ഞു.

ജുമാന്‍ജി ഇന്‍സ്‌പെയേര്ഡ് ആണ്. അതിന് അപ്പുറത്തേക്ക് ഈ പടം ഇന്‍സ്‌പെയേര്‍ഡ് ആയിരിക്കുന്നത് പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍, അനന്തഭദ്രം, ഇതിഹാസ, അടികപ്യാരെ കൂട്ടമണി, പകല്‍പ്പൂരം അങ്ങനെ കംപ്ലീറ്റ് മലയാളം പടത്തില്‍ നിന്നാണ് റെഫറന്‍സ് എടുത്തിരിക്കുന്നത്.

ഞാന്‍ ജുമാന്‍ജിയില്‍ നിന്നാണ് റഫറന്‍സ് എടുത്തിരുന്നതെങ്കില്‍ ഈ പടം പൊട്ടും. ഉറപ്പായും പൊട്ടും. ഇവിടുത്തെ കള്‍ച്ചറില്‍ വര്‍ക്കാകാത്ത സാധനമാണ് അത്. അതാണ് മനസിലാക്കേണ്ടത്.

കള്‍ച്ചറല്‍ റൂട്ടിങ് എന്ന് പറയുന്ന ഒന്നുണ്ട്. പിന്നെ ചുരണ്ടാന്‍ നമുക്ക് വെളിയില്‍ പോകേണ്ടതില്ല. മലയാളത്തില്‍ തന്നെയുണ്ട് അടിപൊളി സാധനങ്ങള്‍. വേള്‍ഡ് ക്ലാസിക് എന്ന് പറഞ്ഞ് നമ്മള്‍ പോകും. പിന്നെ നമ്മള്‍ തിരിച്ച് ഒരു വരവുണ്ട്. അപ്പോള്‍ മനസിലാകും എന്താണ് ഇവിടുത്തെ പരിപാടി എന്ന്.

ഞാന്‍ ഈ പറഞ്ഞ പടങ്ങള്‍ അല്ലാതെ മറ്റൊരു റെഫറന്‍സ് തമിഴ് ചിത്രം മാനാട് ആണ്. ഡയറക്ട് റഫറന്‍സ് തന്നെ ഉണ്ട്. ചിമ്പുവിന് ടൈം ലൂപ്പ് നില്‍ക്കുന്ന സമയത്ത് അപ്പൂറത്ത് ബാക്ക് ഗ്രൗണ്ടില്‍ എസ്.ജെ സൂര്യയ്ക്ക് ടൈം ലൂപ്പ് കിട്ടുന്നുണ്ട്.

അത് തന്നെയാണ് ഇവിടെ സന്ദീപിന് കണ്‍ട്രോള്‍ കിട്ടുമ്പോള്‍ ബാക്ക് ഗ്രൗണ്ടില്‍ സുരാജേട്ടന് കണ്‍ട്രോള്‍ കിട്ടുന്നത്. അത് ഡയറക്ടലി ഇന്‍സ്പയേര്‍ഡ് ഫ്രം മാനാട് ആണ്. നമ്മള്‍ എടുക്കുന്ന പടത്തിന് ഏതാണോ അതിന് അനുസരിച്ചുള്ള സാധനങ്ങള്‍ കണ്ടുപിടിക്കുക എന്നതാണ്.

മലയാളത്തിലെ ഒരു കിടിലന്‍ ത്രില്ലര്‍ പറയാന്‍ പറഞ്ഞാല്‍ ഞാന്‍ റഫര്‍ ചെയ്യുന്നത് ഉത്തരം ആയിരിക്കും. എം.ടി സാറിന്റെ സ്‌ക്രിപ്റ്റാണ്. അടിപൊളി പടമാണ്.

അതുപോലെ ഒരു കൊമേഴ്‌സ്യല്‍ പടത്തിന്റെ ബൈബിള്‍ എന്ന് പറഞ്ഞാല്‍ എന്നെ സംബന്ധിച്ച് അത് ബാക്ക് ടു ദി ഫ്യൂച്ചര്‍ എന്ന ചിത്രമാണ്. അതുപോലെ മലയാളത്തില്‍ മണിചിത്രത്താഴ്, അത് ഒരു യുണീക് സ്ട്രക്ചര്‍ ആണ്. മണിച്ചിത്രത്താഴിന്റെ സ്ട്രക്ചര്‍ ഇതുവരെ ആരും റെപ്ലിക്കേറ്റ് ചെയ്തിട്ടില്ല,’ മനു പറയുന്നു.

Content Highlight: Director Manu Swaraj about the movies that he inspired to write Padakkalam