തമിഴ് സിനിമ കണ്ട ഏറ്റവും വലിയ ഹൈപ്പിലെത്തി, പ്രേക്ഷകരെ നിരാശരാക്കിയ സിനിമകളിലൊന്നാണ് 2014ല്‍ പുറത്തിറങ്ങിയ അഞ്ചാന്‍. സൂര്യയെ നായകനാക്കി ലിംഗുസാമി സംവിധാനം ചെയ്ത ചിത്രം 11 വര്‍ഷങ്ങള്‍ക്കിപ്പുറം റീ റിലീസിന് തയാറെടുക്കുകയാണ്. റീ എഡിറ്റ് ചെയ്ത പതിപ്പാണ് വീണ്ടും തിയേറ്ററുകളിലെത്തുന്നത്.
ചിത്രം ആദ്യം പുറത്തിറങ്ങിയ സമയത്ത് പലരും വിമര്‍ശിച്ചിരുന്നെന്നും എന്നാല്‍ ചിലര്‍ക്ക് അന്ന് സിനിമ ഇഷ്ടമായെന്നും ലിംഗുസാമി പറയുന്നു. കുട്ടിക്കാലത്ത് താന്‍ മനസില്‍ കണ്ട മാസ് സിനിമ എങ്ങനെയാണോ ആ രീതയിലാണ് താന്‍ അഞ്ചാന്‍ എന്ന സിനിമ ഒരുക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റീ റിലീസിന്റെ സ്‌പെഷ്യല്‍ ഇവന്റില്‍ സംസാരിക്കുകയായിരുന്നു സംവിധായകന്‍.
‘അന്ന് പടം കണ്ട് ഇഷ്ടമായവര്‍ ഇന്നും എന്നോട് സംസാരിക്കുന്നുണ്ട്. 11 കൊല്ലം മുമ്പ് ഏറ്റവുമധികം ട്രോള്‍ ലഭിച്ച സിനിമയായിരുന്നു അഞ്ചാന്‍. അന്നത്തേതിനെക്കാള്‍ ഇന്ന് മോശം പദപ്രയോഗങ്ങള്‍ ഉപയോഗിക്കുന്നത് കൂടിയിട്ടുണ്ട്. ഒരിക്കല്‍ കൂടി ഈ സിനിമ റിലീസ് ചെയ്യിക്കുന്നത് എന്തിനാണെന്നും വീണ്ടും തെറിവിളിയുണ്ടാകുമെന്നും പലരും പറയുന്നുണ്ട്. ഞാന്‍ അതൊന്നും കാര്യമാക്കുന്നില്ല.
സത്യം പറഞ്ഞാല്‍ അന്ന് എനിക്ക് ഈ സിനിമ ശരിക്ക് എഡിറ്റ് ചെയ്യാന്‍ പോലും പറ്റിയില്ല. സത്യമാണ് ഞാന്‍ ഈ പറയുന്നത്. ഒരുപാട് പണി ബാക്കി ഉണ്ടായിരുന്നപ്പോഴാണ് ഓഗസ്റ്റ് 15ന് പടം റിലീസാണെന്ന് നിര്‍മാതാക്കളായ യു.ടി.വി അനൗണ്‍സ് ചെയ്തത്. എനിക്ക് അത് മാറ്റണമെന്ന് പറയാന്‍ സാധിച്ചില്ല. എഗ്രിമെന്റ് അതിന് അനുവദിക്കില്ലായിരുന്നു. ഫസ്റ്റ് ഹാഫോ സെക്കന്‍ഡ് ഹാഫോ മുഴുവനായി കാണാന്‍ എനിക്ക് സാധിച്ചില്ലെന്നാണ് സത്യം,’ ലിംഗുസാമി പറയുന്നു.
റിലിസീന് മുമ്പ് തന്റെ ഏറ്റവുമടുത്ത സുഹൃത്തുക്കള്‍ക്ക് ചിത്രം കാണിച്ചുകൊടുത്തെന്നും അഭിപ്രായം ചോദിച്ചെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ അന്ന് ആരും കൃത്യമായി അഭിപ്രായം പറഞ്ഞില്ലായിരുന്നെന്നും ഒരു കുറ്റമെങ്കിലും കേട്ടിരുന്നെങ്കില്‍ സിനിമയില്‍ മാറ്റം വരുത്തിയേനെയെന്നും ലിംഗുസാമി കൂട്ടിച്ചേര്‍ത്തു.
‘അവര്‍ നോക്കുമ്പോള്‍ ഞാന്‍ കുറെ ഹിറ്റ് പടം ചെയ്ത ഡയറക്ടര്‍. ഇങ്ങനെ ഓരോ സീനിനെക്കുറിച്ചും എടുത്ത് ചോദിക്കുന്നത് എന്തിനാണെന്ന് അവര്‍ ആലോചിച്ചു. എല്ലാം നല്ലതാണെന്ന് മാത്രം പറഞ്ഞു. അത് എനിക്ക് ഓവര്‍ കോണ്‍ഫിഡന്‍സായിരുന്നു തന്നത്. ഇപ്പോള്‍ ഞാന്‍ ഈ പടത്തിലെ ആവശ്യമില്ലാത്ത സീനുകളെല്ലാം ഒഴിവാക്കി പുതിയൊരു സിനിമയായിട്ടാണ് അവതരിപ്പിക്കുന്നത്’ ലിംഗുസാമി പറഞ്ഞു.
Content Highlight: Director Lingusamy about Anjaan movie re release