സിനിമയില്‍ തനിക്ക് ഏറ്റവും ആത്മബന്ധമുണ്ടായിരുന്ന ഒരു നടിയെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ ലാല്‍ ജോസ്. തന്നെ ശാസിക്കാനും വഴക്കുപറയാനും അധികാരമുള്ള ആളായിരുന്നു അവരെന്നും തന്നോട് മാതൃവാത്സല്യം കാണിച്ച വ്യക്തിയായിരുന്നു അവരെന്നും ലാല്‍ ജോസ് പറയുന്നു.
മറ്റാരുമല്ല മലയാള സിനിമയിലെ എക്കാലത്തേയും മികച്ച നടിമാരില്‍ ഒരാളായിരുന്ന സുകുമാരിയെ കുറിച്ചാണ് ലാല്‍ ജോസ് സംസാരിച്ചത്.
ഇമ്മാനുവല്‍ എന്ന തന്നെ സിനിമയിലാണ് സുകുമാരിയമ്മ ഏറ്റവും ഒടുവില്‍ അഭിനയിച്ചതെന്നും ഡബ്ബിങ് കഴിഞ്ഞ ശേഷം തന്നെ ചേര്‍ത്തുപിടിച്ച് ഒരുമ്മ തന്നാണ് അവര്‍ പോയതെന്നും അവസാന കണ്ടുമുട്ടല്‍ അതായിരുന്നെന്നും ലാല്‍ ജോസ് പറയുന്നു. എന്‍.വി.എം മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ലാല്‍ ജോസ്.
‘സുകുമാരിയമ്മ എല്ലാ കാലത്തും എന്നോട് ഒരു മാതൃവാത്സല്യം കാണിച്ചിട്ടുള്ള ആളാണ്. എന്റെ ആദ്യത്തെ സിനിമയില്‍ വന്ന് വിളക്ക് കൊളുത്തിയത് പുള്ളിക്കാരിയായിരുന്നു.
ഇമ്മാനുവല്‍ ആയിരുന്നു സുകുമാരിയമ്മയുടെ അവസാനത്തെ സിനിമ. സുകുമാരിയമ്മയെ ഞാന്‍ ഓര്‍ക്കാനേ ശ്രമിക്കാറില്ല. എന്റെ അമ്മയേയും ഞാന്‍ ഒരിക്കലും ഓര്‍ക്കാറില്ല. എന്റെ അമ്മ മരിച്ചിട്ട് രണ്ട് കൊല്ലം തികയുന്നു. ഈ രണ്ട് വര്‍ഷവും ഞാന്‍ അമ്മയെ ഓര്‍ത്തിട്ടില്ല. അത് അങ്ങനെയാണ്.
സുകുമാരിയമ്മ ഭയങ്കരമായി എന്നോട് സ്‌നേഹം കാണിച്ചിട്ടുള്ള സ്ത്രീയാണ്. വളരെ കുറച്ച് സ്ത്രീകളെ എന്നോട് അങ്ങനെ പെരുമാറിയിട്ടുള്ളൂ. സുകുമാരിയമ്മ എന്നെ ശാസിക്കും. നീ ഇങ്ങനെ ചെയ്തത് ശരിയായില്ല, അങ്ങനെ സെറ്റില്‍ ചീത്തപറയരുത് എന്നൊക്കെ പറയും.
ഇടയ്ക്ക് സുകുമാരിയമ്മയ്ക് ഹാര്‍ട്ടിന് ഒരു പ്ലോബ്ലം വന്നിട്ട് ബൈപ്പാസ് സര്‍ജറി ചെയ്തു. അത് ഞാന്‍ അറിഞ്ഞിരുന്നു. ആ സമയത്ത് പുതിയൊരു പടം ആരംഭിച്ചതുകൊണ്ട് പോയി കാണാന്‍ പറ്റിയില്ല.
ആ സിനിമയിലും അതിന്റെ അടുത്ത സിനിമയിലും ഞാന്‍ സുകുമാരിയമ്മയെ വിളിച്ചില്ല. വിളിച്ചാല്‍ ആശുപത്രിയില്‍ നിന്ന് എഴുന്നേറ്റ് വരുമെന്ന് എനിക്കറിയാം. ആ സമയത്ത് അവര്‍ക്ക് കുറച്ച് സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. അതൊന്നും എനിക്ക് അറിയില്ലായിരുന്നു.
2000ത്തോളം സിനിമയില്‍ അഭിനയിച്ച അവര്‍ക്ക് അങ്ങനെ ഒരുബുദ്ധിമുട്ടുണ്ടെന്ന് നമ്മള്‍ ആലോചിക്കില്ലല്ലോ. അങ്ങനെ ക്ലാസ്‌മേറ്റ്‌സില്‍ ഒരു ചെറിയ സീനിന് വേണ്ടി സുകുമാരിയമ്മയെ വിളിച്ചു.
അങ്ങനെ അവര്‍ ലൊക്കേഷനില്‍ എത്തി മേക്കപ്പ് പരിപാടിയൊക്കെ ചെയ്യുകയാണ്. അങ്ങനെ എന്റെ ഒരു ഷോട്ട് കഴിഞ്ഞ ശേഷം സുകുമാരിയമ്മയെ കാണാന്‍ വേണ്ടി പോയി. കുറച്ച് നാളായി ഞങ്ങള്‍ കണ്ടിട്ട്.
ഞാന്‍ അവിടെ ചെന്നതും അമ്മ പെട്ടെന്ന് ഒറ്റക്കരച്ചിലാണ്. ഞാനത് ഒരിക്കലും പ്രതീക്ഷിച്ചില്ല. സുകുമാരിയമ്മ കരഞ്ഞിട്ട് ഞാന്‍ കണ്ടിട്ടില്ല. എപ്പോഴും ചിരിച്ച് പ്ലസന്റ് ആയി നില്‍ക്കും. എന്ത് വിഷമം ഉണ്ടെങ്കിലും പുറത്തുകാണിക്കില്ല. ഭയങ്കരമായി കരഞ്ഞു.
ഞാന്‍ കെട്ടിപ്പിടിച്ച് എന്താ അമ്മാ എന്ന് ചോദിച്ചു. ഞാന്‍ വയ്യാണ്ട് കിടന്നപ്പോള്‍ സിനിമയില്‍ നിന്ന് ഒരുപാട് പേര്‍ എന്നെ കാണാന്‍ വന്നിരുന്നു. ഞാന്‍ പക്ഷേ പ്രതീക്ഷിച്ച ഒരാള്‍ നീയായിരുന്നു. നീ മാത്രം വന്നില്ല നീ എന്നെ മറന്നുകളഞ്ഞു അല്ലേ എന്ന് ചോദിച്ചു.
ചില കാര്യങ്ങള്‍ എനിക്ക് എക്‌സ്ലൈന്‍ ചെയ്യാന്‍ അറിയില്ല. എന്റെ പ്രാര്‍ത്ഥനയില്‍ അമ്മ ഉണ്ടായിരുന്നു. ഷൂട്ടിങും പരിപാടിയും ആയിരുന്നു. ഇന്‍ഫെക്ഷന്‍ ആകേണ്ടെന്ന് കരുതിയിട്ടാണ് വരാതിരുന്നത് എന്ന് പറഞ്ഞു.
അതിനിടെ ചെയ്ത രണ്ട് സിനിമകളില്‍ വിളിക്കാതിരുന്നത് വിളിച്ചാല്‍ ചേച്ചി വരുമെന്ന് അറിയാം. അത് ആരോഗ്യത്തെ ബാധിക്കുമെന്ന് അറിയാവുന്നതുകാണ്ട് എന്ന് പറഞ്ഞു. ഇപ്പോള്‍ ആരും പറഞ്ഞിട്ടല്ലല്ലോ ഞാന്‍ വിളിച്ചത് എന്നൊക്കെ ചോദിച്ചു. വല്ലാത്തൊരു ബന്ധമായിരുന്നു അത്.
അങ്ങനെ ഇമ്മാനുവല്‍ ഷൂട്ടിങ്ങിന് വന്ന് ചേച്ചിയുടെ ഭാഗം കഴിഞ്ഞ് ചേച്ചി പോയി. ഒരു ദിവസം എന്നെ വിളിച്ചിട്ട് എടാ നിന്റെ സിനിമയ്ക്ക് ഡബ്ബ് ചെയ്യാനില്ലേ അതൊന്ന് എടുക്കാമോ, രണ്ട് ദിവസം കഴിഞ്ഞ് എറണാകുളത്ത് വരുന്നുണ്ട് എന്ന് പറഞ്ഞു.
ചേച്ചീ ഷൂട്ടിങ് കഴിഞ്ഞിട്ടില്ല, ഡബ്ബിങ് അത് കഴിഞ്ഞിട്ട് പോരെ എന്ന് ചോദിച്ചു. അല്ല അത് ചെയ്‌തേക്ക് എന്ന് പറഞ്ഞു. അങ്ങനെ ഷൂട്ടിങ് തീരുന്നതിന് മുന്‍പ് ചേച്ചിയുടെ പോര്‍ഷന്‍സ് മാത്രം എഡിറ്റ് ചെയ്ത് കൊണ്ടുവന്നിട്ട് ചേച്ചിയുടെ ഭാഗം ഡബ്ബ് ചെയ്ത് വിട്ടതാണ്.
അന്ന് ചേച്ചി വരുമ്പോള്‍ നെറ്റിയില്‍ ഒരു മുറിവുണ്ട്. പ്ലാസ്റ്റര്‍ ഇട്ടിട്ടുണ്ട്. എവിടെയോ തട്ടിയതാണ് എന്ന് പറഞ്ഞു. അന്നാണ് അവസാനമായി കണ്ടത്. പോകുമ്പോള്‍ കെട്ടിപ്പിടിച്ച് എനിക്ക് ഒരു ഉമ്മയൊക്കെ തന്നാണ് പോയത്. പിന്നെ അറിയുന്നത് ആ വാര്‍ത്തയാണ്. സിനിയിലെ ഇത്രയും കാലത്തെ ബന്ധത്തില്‍ നമ്മളെ അത്രയും ജനുവിന്‍ ആയി സ്‌നേഹിച്ച ആളാണ്,’ ലാല്‍ ജോസ് പറഞ്ഞു.
Content Highlight: Director Laljose about Actress Sukumariamma