കോഴിക്കോടൻ ശൈലിയിലുള്ള വർത്തമാനവും രൂപവും ഭാവവും കൊണ്ട് മലയാളികളെ ഏറെ ചിരിപ്പിച്ച നടനാണ് മാമുക്കോയ. നാല് പതിറ്റാണ്ടിലേറെ നീണ്ട തന്റെ കരിയറിൽ 450 ലധികം മലയാള സിനിമകളിൽ മാമുക്കോയ അഭിനയിച്ചിട്ടുണ്ട്. മികച്ച ഹാസ്യനടനുള്ള സംസ്ഥാന അവാർഡ് നേടിയ ആദ്യ വ്യക്തി കൂടിയാണ് അദ്ദേഹം.
മാമുക്കോയയെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ കമൽ. മാമുക്കോയയെ കുറിച്ചോർക്കുമ്പോൾ ഒരു കാലമാണ് തനിക്ക് ഓർമ വരുന്നതെന്നും പച്ചയായ മനുഷ്യരുടെ പ്രതിരൂപമായിട്ടാണ് താൻ മാമുക്കോയയെ കാണുന്നതെന്നും കമൽ പറയുന്നു.
പെരുവണ്ണാപുരത്തെ വിശേഷങ്ങൾ എന്ന തന്റെ സിനിമയിലാണ് മാമുക്കോയ ആദ്യമായി അഭിനയിക്കുന്നതെന്നും പെരുമഴക്കാലം എന്ന സിനിമയിൽ മാമുക്കോയ അഭിനയിച്ച കഥാപാത്രം തന്റെ ഹൃദയത്തിൽ സ്പർശിച്ചതാണെന്നും കമൽ പറഞ്ഞു. അമൃത ടി.വിയിലെ ഓർമയിൽ എന്നും എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു കമൽ.
‘മാമുക്കോയയെ കുറിച്ച് ഓർക്കുമ്പോൾ മലയാള സിനിമയുടെ ഒരു കാലമാണ് ഓർമവരുന്നത്. ഒരു കാലം എന്ന് ഞാൻ പറഞ്ഞത് നമ്മുടെ ഗ്രാമ ജീവിതവും നമ്മുടെ നഗരവും ഒക്കെതന്നെ പ്രതിനിധാനം ചെയ്തിട്ടുള്ള മനുഷ്യരുണ്ട്. അങ്ങനെ പച്ചയായ മനുഷ്യരുടെ പ്രതിരൂപമായിട്ടാണ് ഞാൻ മാമുക്കോയയെ കാണുന്നത്. പ്രത്യേകിച്ച് കോഴിക്കോടൻ ജീവിതത്തിൻ്റെ, കോഴിക്കോടൻ നാട്ടുശീലങ്ങളുടെ വ്യക്തിയായിരുന്നു മാമുക്കോയ.
ഞാനും അദ്ദേഹവും കൂടെ ഒരുപാട് സിനിമയിൽ ഒന്നിച്ച് പ്രവർത്തിച്ചിട്ടുണ്ട്. എൻ്റെ പെരുവണ്ണാപുരത്തെ വിശേഷങ്ങൾ എന്ന സിനിമയിലാണ് മാമുക്കോയ ആദ്യമായി അഭിനയിക്കുന്നത്. അതിന് ശേഷം നിരവധി സിനിമകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ഏറ്റവും ഹൃദയത്തിൽ ചേർത്ത് നിർത്താൻ കഴിയുന്നത് എന്ന് പറയുന്നത് പെരുമഴക്കാലം എന്ന സിനിമയിൽ മാമുക്കോയ ചെയ്ത വേഷമാണ്.
അതുവരെയും ഹാസ്യ കഥാപാത്രങ്ങളെയാണ് മാമുക്കോയ അവതരിപ്പിക്കുന്നതെന്ന് എങ്കിൽ പെരുമഴക്കാലത്തിലേക്ക് എത്തിയപ്പോൾ ഈ സിനിമയിലെ തന്നെ ഏറ്റവും വേദനിപ്പിക്കുന്ന അവസ്ഥയിലൂടെ കടന്നുപോയ കഥാപാത്രമായിരുന്നു അദ്ദേഹത്തിൻ്റേത്,’ കമൽ പറയുന്നു.