മലയാളത്തിലെ മികച്ച നടിമാരില്‍ ഒരാളായിരുന്നു കെ.പി.എ.സി ലളിത. നാടകവേദിയില്‍ നിന്ന് സിനിമയിലേക്കെത്തിയ കെ.പി.എ.സി ലളിത സ്വാഭാവിക അഭിനയത്തിലൂടെ വലിയ ശ്രദ്ധ നേടിയിരുന്നു. ഭരതന്‍, സത്യന്‍ അന്തിക്കാട്, കമല്‍ തുടങ്ങിയവരുടെ സിനിമകളില്‍ സ്ഥിര സാന്നിധ്യമായിരുന്നു കെ.പി.എ.സി ലളിത. കെ.പി.എസി ലളിതയെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ് സംവിധായകന്‍ കമല്‍.
പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍ എന്ന സിനിമ മുതല്‍ ആമി എന്ന ചിത്രം വരെ മുപ്പത് വര്‍ഷങ്ങള്‍ നീണ്ട ബന്ധമാണ് താനും കെ.പി.എ.സി ലളിതയുടെ ഉണ്ടായിരുന്നതെന്ന് കമല്‍ പറയുന്നു. സംവിധായകന്‍ ഭരതന്റെ അസിസ്റ്റന്റ് ആയിരുന്നപ്പോള്‍ മുതല്‍ ആ വീട്ടില്‍ സ്ഥിരമായി പോകുമായിരുന്നുവെന്നും കമല്‍ പറഞ്ഞു.
താന്‍ സിനിമയില്‍ വന്ന കാലം മുതല്‍ കെ.പി.എ.സി ലളിതയുമായി ബന്ധമുണ്ടെന്നും ആരവം എന്ന സിനിമയുടെ ചര്‍ച്ചകളുമായി ബന്ധപ്പെട്ടാണ് ഇരുവരും ആദ്യമായി കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമൃത ടി.വിയിലെ ‘ഓര്‍മയിലെന്നും’ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കമല്‍.
‘പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍ എന്ന സിനിമ മുതല്‍ ആമി എന്ന ചിത്രം വരെ മുപ്പത് വര്‍ഷങ്ങള്‍ നീണ്ട ബന്ധമാണ് ഞാനും ലളിത ചേച്ചിയും തമ്മിലുള്ളത്. ഞാന്‍ ഭരതന്‍ സാറിന്റെ ശിഷ്യന്‍ ആയിരുന്നല്ലോ. അതുകൊണ്ടുതന്നെ ഞാന്‍ ആ വീട്ടിലെ നിത്യ സന്ദര്‍ശകനായിരുന്നു.
എപ്പോഴും പോകും ചേച്ചി ഒരു അതിഥിയെ പോലെ എന്നെ സ്വീകരിക്കും, അങ്ങനെ കുറെ ഓര്‍മകള്‍ ഉണ്ട്. അതിന് മുമ്പും ഞാന്‍ അസിസ്റ്റന്റ് ഡയറക്ടറായും അസോസിയേറ്റായും എല്ലാം വര്‍ക്ക് ചെയ്യുമ്പോഴും ചേച്ചിയുടെ കൂടെ സിനിമകള്‍ ചെയ്തിട്ടുണ്ട്. ഞാന്‍ സിനിമയില്‍ വന്ന കാലം മുതല്‍ ലളിത ചേച്ചിയുടെ അടുപ്പമുണ്ട്.
ഞാന്‍ ആദ്യമായി ചേച്ചിയെ കാണുന്നത് ആരവം എന്ന സിനിമയുടെ ചര്‍ച്ചകളുമായി ബന്ധപ്പെട്ട് ഭരതന്‍ സാറിന്റെ കൂടെയാണ്. ബഹദൂറായിരുന്നു ആ സിനിമയുടെ നിര്‍മാതാവ്. അന്നായിരുന്നു ചേച്ചിയെ ആദ്യമായി കാണുന്നത്. പിന്നെ എത്രയോ കൊല്ലം ഞങ്ങള്‍ അടുത്ത ബന്ധം കാത്തുസൂക്ഷിച്ചു,’ കമല്‍ പറയുന്നു.