മലയാളികൾക്ക് ഒരു പിടി നല്ല സിനിമകൾ നൽകിയിട്ടുള്ള മികച്ച സംവിധായകരിലൊരാളാണ് കമൽ. 1986ൽ മോഹൻലാലിനെയും ഉർവശിയെയും പ്രധാന കഥാപാത്രങ്ങളിലായി അവതരിപ്പിച്ചു കൊണ്ടുള്ള മിഴിനീർ പൂവുകൾ എന്ന സിനിമ സംവിധാനം ചെയ്തുകൊണ്ടാണ് കമൽ സവിധാന രംഗത്തേയ്ക്കെത്തുന്നത്.
ഇതിനോടകം തന്നെ 48 സിനിമകൾ അദ്ദേഹം സംവിധാനം ചെയ്തു. സെല്ലുലോയ്ഡ് എന്ന സിനിമക്ക് നാഷണൽ അവാർഡും കരസ്ഥമാക്കിയിരുന്നു. 1992ൽ ഉള്ളടക്കം എന്ന സിനിമക്ക് മികച്ച സംവിധായകനുള്ള കേരളസംസ്ഥാന അവാർഡും കരസ്ഥമാക്കിയിട്ടുണ്ട്.

കമൽ.photo.IMDb.Wikipedia
2003-ൽ പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ, ജയസൂര്യ, മീര ജാസ്മിൻ, ഭാവന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കൊണ്ട് കമൽ സംവിധാനം ചെയ്ത ചിത്രമാണ് സ്വപ്നക്കൂട്. ‘സ്വപ്നക്കൂടി’ന് രണ്ടാം ഭാഗം ഒരുക്കുന്നതിനെക്കുറിച്ച് ഒരിക്കൽ ആലോചിച്ചിരുന്നുവെന്ന് തുറന്നു പറയുകയാണ് അദ്ദേഹം. സിനിമയിലെ പഴയ കഥാപാത്രങ്ങളുടെ കഥ തുടരുന്നതിനുപകരം, അതേ പശ്ചാത്തലത്തിൽ പുതിയ കഥാപാത്രങ്ങളെ കൊണ്ടുവന്ന് മറ്റൊരു കഥ പറയാനായിരുന്നു ആലോചനയെന്നും കമൽ ഷോ കാപ്പ് ജേർണൽ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
സ്വന്തം സിനിമകൾക്ക് രണ്ടാം ഭാഗം ഒരുക്കുന്നതിനെക്കുറിച്ച് ചോദിച്ചാൽ, അതിന് അനുയോജ്യമായ കഥ ലഭിക്കണം എന്നതാണ് പ്രധാനമെന്ന് കമൽ പറയുന്നു. രണ്ടാം ഭാഗം വരണമെന്ന് ആഗ്രഹിക്കുന്ന തന്റെ സിനിമ ‘ഓർക്കാപ്പുറത്ത്’ ആണെന്നും സംവിധായകൻ വ്യക്തമാക്കി. ‘സ്വപ്നക്കൂട്’, ‘നിറം’ തുടങ്ങിയ സിനിമകൾക്ക് രണ്ടാം ഭാഗം ഒരുക്കണമെന്ന ആവശ്യവുമായി നിരവധി പേർ തന്നെ സമീപിച്ചിട്ടുണ്ടെന്നും കമൽ പറഞ്ഞു.
‘അടുത്തകാലത്തുപോലും ഒരു നിർമാതാവ് ‘സ്വപ്നക്കൂടി’ന് രണ്ടാം ഭാഗം ഒരുക്കുന്നതിനെക്കുറിച്ച് സംസാരിച്ചിരുന്നു. ഒരാളെക്കൊണ്ട് കഥയുണ്ടാക്കി കൊണ്ടുവരികയും ചെയ്തു. പക്ഷേ, ആ സിനിമയ്ക്ക് രണ്ടാം ഭാഗം വേണമോ എന്ന കാര്യത്തിൽ എനിക്ക് സംശയമുണ്ടായിരുന്നു. കാരണം, അന്നത്തെ സിനിമകളിൽ കഥയ്ക്ക് കൃത്യമായൊരു തുടക്കവും അവസാനവും ഉണ്ടാകും. കഥ അവിടെ അവസാനിക്കുകയാണ്. അതിനുശേഷം അതേ കഥാപാത്രങ്ങളുടെ ജീവിതം വീണ്ടും തുടർന്നുകൊണ്ടുപോകുന്നത് ചിലപ്പോൾ ബോറായിപ്പോകും,’ കമൽ പറഞ്ഞു.
എന്നാൽ ‘സ്വപ്നക്കൂടി’ന്റെ പശ്ചാത്തലത്തിൽ മറ്റൊരു കഥ പറയാൻ കഴിയുമെന്ന ചിന്ത തനിക്കുണ്ടായിരുന്നെന്നും കമൽ വെളിപ്പെടുത്തി. സിനിമയിൽ മീര ജാസ്മിനും ഭാവനയും നടത്തുന്ന റസ്റ്റോറന്റും ഹോംസ്റ്റേയും കേന്ദ്രീകരിച്ച് പുതിയ കഥാപാത്രങ്ങളുടെ ജീവിതം പറയാനായിരുന്നു ആലോചന.
‘സ്വപ്നക്കൂടിലെ ആ ഹോംസ്റ്റേയിലേക്ക് വേറെ ചിലർ താമസിക്കാൻ വരുന്നു. അവർക്ക് അവരുടേതായ ജീവിതവും കഥയുമുണ്ട്. അങ്ങനെ പുതിയ കഥാപാത്രങ്ങളിലൂടെ ആ പശ്ചാത്തലത്തിൽ മറ്റൊരു കഥ പറയുന്നതിനെക്കുറിച്ച് ഞാനും ഒരു എഴുത്തുകാരനും ചേർന്ന് ആലോചിച്ചിരുന്നു. പക്ഷേ, അത് മുന്നോട്ടുപോയില്ല,’ കമൽ പറഞ്ഞു.

സ്വപ്നക്കൂട്. Photo. IMDb
പഴയ സിനിമയുടെ കഥ അതേപടി തുടരുന്നതിനു പകരം, അതിന്റെ ലോകത്തേക്ക് പുതിയ കഥാപാത്രങ്ങളെ കൊണ്ടുവന്ന് കഥ പറയുന്നതാണ് കൂടുതൽ ഉചിതമെന്നാണ് തന്റെ അഭിപ്രായമെന്നും കമൽ കൂട്ടിച്ചേർത്തു. രണ്ടാം ഭാഗം ഒരുക്കണമെന്ന പേരിൽ അർത്ഥമില്ലാത്ത കഥകൾ സൃഷ്ടിക്കുന്നതിനോട് തനിക്ക് താത്പര്യമില്ലെന്നും സംവിധായകൻ വ്യക്തമാക്കി.
Content Highlight: Director Kamal has revealed that many people have approached him with requests to create a sequel to the film Swapnakoodu
