എത്ര അലമ്പാകാമോ അത്രേം അലമ്പാകാന്‍ പറഞ്ഞു, മോഹന്‍ലാല്‍ അതുപോലെ അനുസരിച്ചു: കമല്‍
Entertainment news
എത്ര അലമ്പാകാമോ അത്രേം അലമ്പാകാന്‍ പറഞ്ഞു, മോഹന്‍ലാല്‍ അതുപോലെ അനുസരിച്ചു: കമല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 21st August 2025, 2:56 pm

മോഹന്‍ലാലിന്റെ കരിയറില്‍ പ്രത്യേക ഫാന്‍ബേസുള്ള ചിത്രമാണ് കമലിന്റെ സംവിധാനത്തില്‍ 1998ല്‍ പുറത്തിറങ്ങിയ ‘അയാള്‍ കഥയെഴുതുകയാണ്’. ഒരുപക്ഷേ മോഹന്‍ലാല്‍ എന്ന നടന് ഹേറ്റേഴ്‌സ് ഉണ്ടാവുമെങ്കിലും ചിത്രത്തിലെ സാഗര്‍ കോട്ടപ്പുറം എന്ന കഥാപാത്രത്തിന് ഒട്ടും ഹേറ്റേഴ്‌സ് ഉണ്ടാകാന്‍ സാധ്യതയില്ല.

സിനിമയിലെ പല ഡയലോഗുകളും മലയാളികള്‍ തങ്ങളുടെ ഡെയ്‌ലി ലൈഫില്‍ ഉപയോഗിക്കുന്നതുമാണ്. മോഹന്‍ലാലിനെ സംവിധായകന്‍ അക്ഷരാര്‍ത്ഥത്തില്‍ അഴിഞ്ഞാടന്‍ വിട്ട ചിത്രം കൂടിയായിരുന്നു അയാള്‍ കഥയെഴുതുകയാണ്.

ചിത്രത്തെ കുറിച്ചും മോഹന്‍ലാലിന്റെ കഥാപാത്രത്തെ കുറിച്ചും സംസാരിക്കുകയാണ് സംവിധായകന്‍ കമല്‍. സാഗര്‍ കോട്ടപ്പുറം എന്ന കഥാപാത്രത്തെക്കുറിച്ച് മോഹന്‍ലാലിനോട് പറഞ്ഞപ്പോള്‍ എത്രത്തോളം അലമ്പായി പെര്‍ഫോം ചെയ്യാന്‍ സാധിക്കുമോ അത്രയും അലമ്പാകണമെന്നായിരുന്നു തന്റെ നിര്‍ദേശം എന്ന് കമല്‍ പറയുന്നു.

തന്റെ വാക്കുകള്‍ അനുസരിച്ച് മോഹന്‍ലാല്‍ അലമ്പായി പെര്‍ഫോം ചെയ്തുവെന്നും കമല്‍ പറഞ്ഞു. എന്നാല്‍ അന്ന് മോണിറ്റര്‍ ഇല്ലാത്തതുകൊണ്ട് ലാലിന്റെ പ്രകടനം ഓക്കെയാണോ അല്ലയോ എന്ന് പറയാന്‍ സാധിക്കാത്ത അവസ്ഥ വന്നുവെന്നും കമല്‍ പറയുന്നു.

‘സാഗര്‍ കോട്ടപ്പുറം എന്ന ക്യാരക്ടറിനെപ്പറ്റി ലാലിനോട് സംസാരിച്ച സമയത്ത് എത്രത്തോളം അലമ്പാകാമോ അത്രയും അലമ്പാകാനാണ് പറഞ്ഞത്. ലാല്‍ അതുപോലെ കേട്ടു.

വഴി ചോദിക്കുന്ന സീനിലെല്ലാം ഗേറ്റിലൊക്കെ ചവിട്ടി ബഹളം വെച്ചാണ് പെര്‍ഫോം ചെയ്യുന്നത്. അന്ന് മോണിറ്റര്‍ ഒന്നുമില്ലായിരുന്നു. ഷോട്ട് കഴിഞ്ഞ് ലാല്‍ എന്നോട് ‘ഓക്കെയാണോ’ എന്ന് ചോദിച്ചു. ഇത് എങ്ങനെ വന്നിട്ടുണ്ട് എന്ന് പറയാന്‍ എനിക്കും പറ്റാത്ത അവസ്ഥയായി,’ കമല്‍ പറഞ്ഞു.

പിന്നീട് ചിത്രത്തിന്റെ റഷസ് കണ്ട ശേഷമാണ് ലാല്‍ എത്ര ഗംഭീരമായിട്ടാണ് പെര്‍ഫോം ചെയ്തതെന്ന് മനസിലായതെന്നും പിന്നീട് ആ മീറ്ററില്‍ തന്നെ സാഗര്‍ കോട്ടപ്പുറം എന്ന കഥാപാത്രമായി ലാല്‍ പെര്‍ഫോം ചെയ്‌തെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു.

റഷസ് കാണുന്നതിന് മുന്നേ പെര്‍ഫോമന്‍സ് ഓക്കെയല്ല എന്ന് ലാലിനോട് പറയാത്തത് നന്നായെന്നും കമല്‍ പറഞ്ഞു.

‘ഓക്കെയാണോ എന്ന് ചോദിച്ചാല്‍ ആണ്, അല്ലേ എന്ന് ചോദിച്ചാല്‍ അല്ല എന്ന് ഞാന്‍ ലാലിനോട് പറഞ്ഞു. പിന്നീട് ഷൂട്ട് ചെയ്ത ഫിലിം പ്രോസസ്സ് ചെയ്ത് റഷസ് കണ്ടു.

അതേ മീറ്റര്‍ പിടിച്ചാല്‍ മതിയെന്ന് റഷസ് കണ്ട ശേഷം ഞാന്‍ ലാലിനോട് പറഞ്ഞു. ഒരുപക്ഷേ ആദ്യേ ഓക്കെയല്ല എന്ന് പറഞ്ഞിരുന്നെങ്കില്‍ ലാലിന്റെ ഇത്രയും ഗംഭീരമായിട്ടുള്ള പെര്‍ഫോമന്‍സ് കിട്ടില്ലായിരുന്നു,’ കൗമുദി മൂവീസിലെ സിനിമയിലെ കഥ എന്ന പരിപാടിയില്‍ കമല്‍ പറഞ്ഞു.

അയാള്‍ കഥയെഴുതുകയാണ്

കമലിന്റെ സംവിധാനത്തില്‍ 1998ല്‍ പുറത്തിറങ്ങിയ ചിത്രമാണ് അയാള്‍ കഥയെഴുതുകയാണ്. മോഹന്‍ലാലിന് പുറമെ ശ്രീനിവാസന്‍, നന്ദിനി, ജഗദീഷ്, ഇന്നസെന്റ് എന്നിവര്‍ മത്സരിച്ചഭിനയിച്ച ചിത്രം കലിംഗ വിഷന്റെ ബാനറില്‍ പി.എ. ലത്തീഫ്, വിന്ധ്യന്‍ എന്നിവരാണ് നിര്‍മിച്ചത്. സിദ്ദിഖ് കഥയൊരുക്കിയ ചിത്രത്തിന് ശ്രീനിവാസനാണ് തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചത്.

 

Content Highlight: Director Kamal about Mohanlal’s role in Ayal Kadha Ezhuthukayanu movie