ഗാന്ധിയെ കൊന്നവരുടെ പിന്‍ഗാമികള്‍ രാജ്യദ്രോഹികള്‍ തന്നെ; ചലച്ചിത്രപ്രവര്‍ത്തകരുടെ രാജ്യസ്‌നേഹത്തെക്കുറിച്ച് കുമ്മനം പറയേണ്ടതില്ല: കമല്‍
CAA Protest
ഗാന്ധിയെ കൊന്നവരുടെ പിന്‍ഗാമികള്‍ രാജ്യദ്രോഹികള്‍ തന്നെ; ചലച്ചിത്രപ്രവര്‍ത്തകരുടെ രാജ്യസ്‌നേഹത്തെക്കുറിച്ച് കുമ്മനം പറയേണ്ടതില്ല: കമല്‍
ന്യൂസ് ഡെസ്‌ക്
Thursday, 26th December 2019, 10:00 pm

തിരുവനന്തപുരം: പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധപ്രകടനം നടത്തിയ കലാകാരന്മാര്‍ക്കെതിരെയുള്ള സംഘപരിവാര്‍ പ്രസ്താവനകളില്‍ രൂക്ഷപ്രതികരണവുമായി സംവിധായകന്‍ കമല്‍. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് കമല്‍ നിയമഭേദഗതിയെക്കുറിച്ചും കലാകാരന്മാര്‍ക്കെതിരെയുള്ള വിദ്വേഷപ്രചരണങ്ങളെക്കുറിച്ചുമുള്ള വിമര്‍ശനം ഉയര്‍ത്തിയത്.

‘ഇപ്പോഴത്തെ പ്രശ്‌നം മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരനെ കാണുന്നു എന്നുള്ളതാണ്. മതത്തിന്റെ പേരിലുള്ള വേര്‍തിരിവ് ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്കെതിരാണ്. അത് നിയമമായി വന്നതിനെതിരെയാണ് മറ്റുള്ളവരെപ്പോലെ കലാകാരന്മാരും സമരം ചെയ്യുന്നത്. ‘ കമല്‍ പറഞ്ഞു.

സംഘപരിവാറും ബി.ജെ.പിയും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുക്കൊണ്ടിരിക്കുകയാണ്. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ഒന്നു പറഞ്ഞു മറ്റൊന്ന് പ്രവര്‍ത്തിക്കുകയാണെന്നും കമല്‍ പറഞ്ഞു.ഞങ്ങള്‍ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് പറയുന്ന മേജര്‍ രവിയെ പോലുള്ളവരാണ് യഥാര്‍ത്ഥത്തില്‍ തെറ്റിദ്ധരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കക്ഷി രാഷ്ട്രീയത്തിനപ്പുറം ഭരണഘടനയുടെ മൂല്യങ്ങള്‍ക്കായി ഒന്നിക്കുന്ന, ഇന്ത്യയെന്ന മഹത്തായ ആശയത്തിനൊപ്പം നില്‍ക്കുന്ന യുവജനങ്ങള്‍ വലിയ പ്രതീക്ഷയാണ് നല്കുന്നത്. കേരളത്തിലെ യുവജനങ്ങളും ഭരണ-പ്രതിപക്ഷ പാര്‍ട്ടികളും പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു. എന്നാല്‍, ഏതൊരു പ്രക്ഷോഭത്തെയും സാധാരണക്കാരിലേക്ക് എത്തിക്കുന്നതില്‍ കലാകാരന്മാര്‍ക്ക് വലിയ പങ്കുണ്ടെന്നും കമല്‍ പറഞ്ഞു.

‘ഞങ്ങള്‍ക്ക് രാഷ്ട്രീയമുണ്ടെന്നാണ് മറ്റൊരു ആരോപണം. ശരിയാണ് ഞങ്ങള്‍ക്ക് വ്യക്തമായ രാഷ്ട്രീയമുണ്ട്. കലാകാരന്മാര്‍ക്ക് രാഷ്ട്രീയം പാടില്ലെന്ന് ആരാണ ്പറഞ്ഞത്. പക്ഷെ അത് ഏതെങ്കിലും പാര്‍ട്ടിക്കെതിരെയുള്ളതല്ല. പൗരത്വ നിയമം പോലുള്ള ഫാസിസ്റ്റ് ഇടപെടലുകളെ തകര്‍ക്കുക എന്നതാണ് ഞങ്ങളുടെ രാഷ്ട്രീയം.’ കമല്‍ പറയുന്നു.

മതേതരനിലപാടുകള്‍ വെച്ചുപുലര്‍ത്തുന്ന കലാകാരന്മാരെ ആക്രമിക്കുക എന്നത് സംഘപരിവാറിന്റെ രീതിയാണെന്നും കുറച്ചു കാലമായി തനിക്കും അടൂരിനും എം.ടിക്കുമെതിരെ നടക്കുന്ന സംഘപരിവാര്‍ പ്രചരണങ്ങളെ ചൂണ്ടിക്കാണിച്ചുകൊണ്ട് കമല്‍ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഒരാള്‍ രാജ്യസ്‌നേഹിയാണെന്ന് അളക്കുന്നതിനുള്ള ഏത് മീറ്ററാണ് കുമ്മനം രാജശേഖരത്തിന്റെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെയും കയ്യിലുള്ളതെന്നും കമല്‍ ചോദിച്ചു. ഇത്ര കാലത്തെ ജീവിതവും കലാപ്രവര്‍ത്തനവും കൊണ്ട് തങ്ങളുടെ രാജ്യസ്‌നേഹം തെളിയിച്ചിട്ടുണ്ട്. ചലച്ചിത്രപ്രവര്‍
ത്തകരുടെ രാജ്യസ്‌നേഹത്തെക്കുറിച്ച് കുമ്മനം രാജശേഖരന്‍ പറയേണ്ടതില്ലെന്നും കമല്‍ ശക്തമായ ഭാഷയില്‍ പ്രതികരിച്ചു.

ഗാന്ധിയെ കൊന്നവന്‍ രാജ്യദ്രോഹി തന്നെയാണ്. ആ രാജ്യദ്രോഹിയുടെ പിന്‍പറ്റുന്ന ഏത് പ്രസ്ഥാനവും രാജ്യദ്രോഹികളാണെന്ന് പൊതുസമൂഹത്തിനറിയാമെന്നും സംഘപരിവാറിനെതിരെ കമല്‍ ആഞ്ഞടിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പൗരത്വ ഭേദഗതി നിയമത്തിനെതിരേ തിങ്കളാഴ്ച കൊച്ചിയില്‍ കമല്‍ ഉള്‍പ്പെടെയുള്ള ചലച്ചിത്ര-സാംസ്‌കാരിക പ്രവര്‍ത്തകര്‍ ‘ഒറ്റയ്ക്കല്ല, ഒറ്റക്കെട്ട്’ എന്ന പേരില്‍ പ്രതിഷേധപ്രകടനം നടത്തിയിരുന്നു. പ്രക്ഷോഭത്തില്‍ പങ്കെടുത്ത ചലച്ചിത്ര പ്രവര്‍ത്തകര്‍ ദേശവിരുദ്ധരാണെന്ന പ്രസ്താവനയുമായി ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു

DoolNews Video