മലയാളത്തിലെ ഹിറ്റ് മേക്കര്‍ സംവിധായകനാണ് ജോഷി. എഴുപതുകളുടെ അവസാനങ്ങളില്‍ തന്റെ സിനിമ ജീവിതം ആരംഭിച്ച അദ്ദേഹം ഇന്നും സിനിമയില്‍ സജീവമാണ്. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ നടന്മാരുടെ താരപരിവേഷം ഉയര്‍ത്തുന്നതില്‍ വലിയ പങ്കുവഹിച്ച സംവിധായകനാണ് അദ്ദേഹം. ജോജു നായകനായി എത്തിയ ആന്റണി ആയിരുന്നു അവസാനമായി ജോഷിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയത്.
പൊതുവേദികളില്‍ നിന്നും അഭിമുഖങ്ങളില്‍ നിന്നും പൊതുവെ വിട്ടുനില്‍ക്കുന്ന പ്രകൃതമാണ് ജോഷിക്കുള്ളത്. ഇതെന്തുകൊണ്ടാണെന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് ജോഷി. ദൃശ്യമാധ്യമങ്ങളില്‍ നിന്നും പൊതുവേദികളില്‍ നിന്നും വിട്ടുനില്‍ക്കുക എന്നത് താന്‍ ആദ്യമേ എടുത്ത തീരുമാനം ആണെന്ന് ജോഷി പറയുന്നു.
സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഒതുങ്ങി നില്‍ക്കണമെന്നാഗ്രഹിക്കുന്ന ഒരാളാണ് താനെന്നും മറ്റുപലരെയും പോലെ പ്രസംഗിക്കാനുള്ള കഴിവ് തനിക്കില്ലാത്തതുകൊണ്ടാണ് പ്രസംഗവേദികളില്‍ തന്നെ കാണാത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഷൂട്ടിങ് സ്ഥലത്തുപോലും താന്‍ മൈക്ക് ഉപയോഗിക്കാറില്ലെന്നും അത്രപോലും തന്റെ ശബ്ദം പുറത്ത് കേള്‍ക്കുന്നത് ഇഷ്ടമല്ലെന്നും ജോഷി വ്യക്തമാക്കി. സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈല്‍ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഞാന്‍ വളരെ മുമ്പേയെടുത്ത തീരുമാനമാണ് ദൃശ്യമാധ്യമങ്ങളില്‍ നിന്നും പൊതുവേദികളില്‍ നിന്നും മാറി നില്‍ക്കുക എന്നത്. സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഒതുങ്ങി നില്‍ക്കണമെന്നാഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍. മറ്റുപലരെയും പോലെ പ്രസംഗിക്കാനുള്ള കഴിവ് എനിക്കില്ല. ഒരു വേദിയില്‍ കയറി വെറുതേ നന്ദി, നമസ്‌കാരം പറഞ്ഞു പോകുന്നതില്‍ താത്പര്യമില്ലാത്തതുകൊണ്ട് പ്രസംഗവേദികളില്‍ എന്നെ കാണാനാവില്ല.
ഷൂട്ടിങ് സ്ഥലത്തുപോലും ഞാന്‍ മൈക്ക് ഉപയോഗിക്കാറില്ല. അത്രപോലും എന്റെ ശബ്ദം പുറത്ത് കേള്‍ക്കുന്നതില്‍ എനിക്ക് താത്പര്യമില്ല. പിന്നെ, സിനിമയുമായി ബന്ധപ്പെട്ട ചടങ്ങുകളില്‍ വിളിക്കുകയാണെങ്കില്‍ പോവാറുണ്ട്. അതും അവിടെ ഞാന്‍ അനിവാര്യമാണെന്ന് എനിക്ക് തോന്നിയെങ്കില്‍ മാത്രം.
പുതിയ ഒരു സിനിമ വരുമ്പോള്‍ പോലും പ്രൊമോഷനുവേണ്ടി ഞാനൊന്നും ചെയ്യാറില്ല. എന്റെ സിനിമയെ സ്‌ക്രീനില്‍ കണ്ടശേഷം പ്രേക്ഷകര്‍ വിലയിരുത്തട്ടെ. എഴുപത് വര്‍ഷങ്ങളുടെ ജീവിതാനുഭവങ്ങളുണ്ട്. അന്‍പത് വര്‍ഷത്തെ ചലച്ചിത്രാനുഭവങ്ങളും. അതില്‍ നിന്നും പഠിച്ച കുറെ പാഠങ്ങളും. ആ അനുഭവങ്ങള്‍മാത്രം മതി എനിക്ക്,’ ജോഷി പറയുന്നു.