മോഹൻലാൽ നായകനായി എത്തിയ ദൃശ്യം 3 റിലീസിന് പിന്നാലെ ചിത്രത്തിലെ ചില കഥാപാത്രങ്ങളും രംഗങ്ങളും സോഷ്യൽ മീഡിയയിൽ വ്യാപകമായ ചർച്ചകൾക്കും ട്രോളുകൾക്കും വഴിവെച്ചിരുന്നു.
പ്രത്യേകിച്ച് ഷാജോൺ അവതരിപ്പിച്ച സഹദേവൻ എന്ന കഥാപാത്രത്തിന്റെ ഗെറ്റപ്പും കണ്ണിലെ ചുവപ്പും, വീണ നന്ദകുമാർ അവതരിപ്പിച്ച കഥാപാത്രവും ട്രോൾ പേജുകളിലെ പ്രധാന വിഷയങ്ങളായി മാറി.
ഇപ്പോഴിതാ ഈ വിമർശനങ്ങൾക്കും ട്രോളുകൾക്കും മറുപടിയുമായി എത്തിയിരിക്കുകയാണ് സംവിധായകൻ ജീത്തു ജോസഫ്. റിപ്പോർട്ടർ ഫിലിംസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം പ്രതികരിച്ചത്.
സഹദേവന്റെ കണ്ണിലെ ചുവപ്പിനെക്കുറിച്ച് സംസാരിക്കവെ, കഥാപാത്രത്തിന് കൂടുതൽ ഭീകരത നൽകാനാണ് അത്തരമൊരു ലുക്ക് നൽകിയതെന്ന് ജീത്തു ജോസഫ് പറഞ്ഞു.
‘സഹദേവന്റെ കഥാപാത്രത്തിന് ഒരു ചെറിയ ഭീകരത കൊണ്ടുവരാനാണ് കണ്ണിൽ ചുവപ്പ് നൽകിയത്. എന്നാൽ അത് കുറച്ച് കൂടിപ്പോയി. ചില ഭാഗങ്ങളിൽ ചുവപ്പ് കൂടുതലായും അവസാന ഭാഗങ്ങളിലേക്ക് വരുമ്പോൾ കുറവായും കാണാം.
ചിലർക്ക് അത് ഒരു പ്രശ്നമായി തോന്നിയിട്ടുണ്ട്. അവർ അത് പറയട്ടെ. സോഷ്യൽ മീഡിയയിൽ ആർക്കും അവരുടെ അഭിപ്രായങ്ങൾ പറയാം. അതൊന്നും സിനിമയെ ബാധിക്കാൻ പോകുന്നില്ല,’ ജീത്തു പറഞ്ഞു.
വീണ നന്ദകുമാർ അവതരിപ്പിച്ച കഥാപാത്രത്തെ ചുറ്റിപ്പറ്റിയ ട്രോളുകളെക്കുറിച്ചും സംവിധായകൻ വിശദീകരിച്ചു. ആ രംഗത്തിൽ കഥാപാത്രം ബക്കറ്റുമായി എത്തുന്നതിന് വ്യക്തമായ ഉദ്ദേശ്യമുണ്ടായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.
‘ആ സീനിൽ വെറുതെ വരുന്നതല്ല ആ കഥാപാത്രം. അപ്പോഴാണ് ജോർജ്‌കുട്ടി ഇത് സഹദേവന്റെ മകളാണെന്ന് തിരിച്ചറിയുന്നത്. അതിന് പിന്നാലെയുള്ള രംഗത്തിൽ അവൾ ബേഗ്രൗണ്ടിൽ വാഹനം കഴുകുന്നുണ്ട്. അതിനുള്ള തുടർച്ചയായാണ് ബക്കറ്റുമായി പുറത്തേക്ക് വരുന്നത്,’ ജീത്തു ജോസഫ് പറഞ്ഞു.
ദൃശ്യം 3, Photo: YouTube/ Screengrab
ട്രോളുകൾ ഉണ്ടാകുമെന്ന് സിനിമ റിലീസ് ചെയ്യുന്നതിന് മുമ്പേ സംഘത്തിന് ധാരണ ഉണ്ടായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.
‘ഞങ്ങളുടെ സ്പോട്ട് എഡിറ്റർ റിലീസിന് മുമ്പേ ചില രംഗങ്ങൾ ട്രോളാകാൻ സാധ്യതയുണ്ടെന്ന് പറഞ്ഞിരുന്നു.
പിന്നീട് സിനിമ പുറത്തിറങ്ങിയപ്പോൾ വീണ എന്നെ വിളിച്ച്, ‘സാറേ, എന്നെ ബക്കറ്റ് സ്റ്റാർ എന്നാണ് വിളിക്കുന്നത്’ എന്ന് പറഞ്ഞു. ഇതൊക്കെ ഞങ്ങൾ തമാശയായിട്ടാണ് കാണുന്നത്,’ അദ്ദേഹം കൂട്ടിച്ചേർത്തു.
സിനിമയിലെ ചില രംഗങ്ങൾ സോഷ്യൽ മീഡിയയിൽ ട്രോളുകൾക്ക് ഇരയായെങ്കിലും, അതെല്ലാം സിനിമയുടെ ഭാഗമായാണ് താൻ കാണുന്നതെന്നും അത്തരം വിമർശനങ്ങൾ ചിത്രത്തിന്റെ വിജയത്തെ ബാധിക്കില്ലെന്നുമാണ് ജീത്തു ജോസഫിന്റെ നിലപാട്.
Content Highlight: Director Jeethu Joseph talks about the character Sahadevan in Drishyam
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.