ദൃശ്യത്തിൽ ഞാൻ ഞെട്ടിയ ഒരു ഷോട്ടുണ്ട്; ആ സമയത്ത് ജോർജുകുട്ടിക്ക് ഒരു പിടപ്പുണ്ട്: ജീത്തു ജോസഫ്
Malayalam Cinema
ദൃശ്യത്തിൽ ഞാൻ ഞെട്ടിയ ഒരു ഷോട്ടുണ്ട്; ആ സമയത്ത് ജോർജുകുട്ടിക്ക് ഒരു പിടപ്പുണ്ട്: ജീത്തു ജോസഫ്
നന്ദന എം.സി
Tuesday, 24th February 2026, 11:46 am

മലയാള സിനിമയ്ക്ക് എന്നും അഭിമാനമായി മാറിയ നടനാണ് മോഹൻലാൽ. ദി കംപ്ലീറ്റ് ആക്ടർ എന്ന് മലയാളികൾ വിളിക്കുന്ന താരം എന്നും പുതുമയുള്ള അഭിനയഭാവവും കഥാപാത്രങ്ങളുമാണ് പ്രേക്ഷകർക്ക് നൽകിയിട്ടുള്ളത്. ചെയ്തു വെച്ച ഏത് കഥാപാത്രങ്ങൾ എടുക്കുകയാണെങ്കിലും ആ കഥാപാത്രത്തോട് പൂർണ നീതി പുലർത്തി അഭിനയിക്കുന്ന അപൂർവ താരമാണ് മോഹൻലാൽ.

അതിന് ഏറ്റവും വലിയ ഉദാഹരണമാണ് ദൃശ്യം എന്ന സിനിമയിലെ ജോർജുകുട്ടി എന്ന കഥാപാത്രം. ചെറിയ നോട്ടം കൊണ്ടും വാക്കുകൊണ്ടും ആ കഥാപാത്രത്തിന്റെ ഒരു നേർപകർപ്പായിരുന്നു മോഹൻലാൽ നമുക്ക് നൽകിയത്. ഇപ്പോളിതാ സംവിധായകൻ ജീത്തു അദ്ദേഹത്തെ കുറിച്ച് പറഞ്ഞ ചില വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായിക്കൊണ്ടിരിക്കുന്നത്.

മോഹൻലാൽ, Photo: IMDb

‘ഞാൻ ഞെട്ടിയൊരു ഷോട്ട് ദൃശ്യത്തിൽ ഉണ്ട്.. അതായത് പോലീസ് ജോർജുകുട്ടിയുടെ വീട്ടിൽ വന്ന് എൻക്വയറിയുടെ ഭാഗമായിട്ട് ചോദ്യങ്ങൾ ചോദിക്കുമ്പോൾ ഡെസ്‌പെറേഷനിൽ റാണി കയറി പറയും അതിന് രണ്ടാം തീയതി ഞങ്ങൾ ഇവിടെ ഇല്ലായിരുന്നല്ലോ എന്ന്. അപ്പൊ ആ സമയത്ത് ഒരു പെടപ്പുണ്ട് ജോർജ്കുട്ടിക്ക് ഉണ്ടാകുന്നത്.

ഇതിന്റെ എന്റയർ സ്ക്രിപ്റ്റിൽ ഒരു റിയാക്ഷൻ എനിക്ക് അറിയാത്തത് ഇതായിരുന്നു പക്ഷെ അതെനിക്ക് അപ്പൊ അദ്ദേഹത്തിൽ നിന്ന് കിട്ടി. ഒരു ഞെട്ടലോ ഒന്നുമല്ല അവിടെ നടക്കുന്നത്, ഉള്ളിൽ പെടയുന്നത് ഒരു ബോഡി ലാംഗ്വേജിലൂടെ ഫേസിൽ വരികയാണ്.. ആ ഒരൊറ്റ റിയാക്ഷൻ തന്നെ ഗംഭീരമാണ്,’ ജീത്തു പറഞ്ഞു.

മോഹൻലാൽ, Photo: IMDb

ദൃശ്യം ആദ്യം കണ്ടപ്പോൾ ഇത്രയും മൈന്യൂട്ട് ആയ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിലും പിന്നീട് ഓരോ തവണയും കണ്ടപ്പോൾ മോഹൻലാൽ എന്ന നടൻ ജോർജുകുട്ടിക്ക് ചെറിയ രീതിയിൽ പോലും ഓരോ സീനിലും കൊടുത്തിരിക്കുന്ന ആക്ടിങ് പെർഫെക്ഷൻ അതിഗംഭീരമാണ്. കൂടാതെ ഈ ഒരു സീൻ മോഹൻലാൽ ചെയ്തതുപോലെ മറ്റാരും ചെയ്തിട്ടില്ലായെന്നും ദൃശ്യം എന്ന സിനിമയുടെ ക്രെഡിറ്റ് ജീത്തു ജോസഫിന് കൊടുക്കുമ്പോൾ തന്നെ മോഹൻലാൽ എന്ന നടൻ ചെയ്തത് കൊണ്ട് മാത്രം ഈസി ആയി തോന്നിപ്പോയൊരു കഥാപാത്രമാണ് ജോർജ്ജുകുട്ടിയെന്നും പ്രേക്ഷകർ സോഷ്യൽ മീഡിയയിൽ കുറിച്ചു.

അല്ലെങ്കിലും മോഹൻലാലിനെ കയ്യിൽ കിട്ടിയാൽ ജീത്തു എന്തെങ്കിലും ഒക്കെ ആക്ടിങ് മോമെന്റ്സ് തരാറുണ്ട്. അത് ദൃശ്യം 2 വിലും ഉണ്ട്. വരുണിന്റെ ബോഡി പോലീസ് സ്റ്റേഷന്റെ അടിയിൽ ആണോ കുഴിച്ചിട്ടത് എന്ന് ചോദിക്കുമ്പോൾ ജോർജുകുട്ടി ഞെട്ടൽ അടക്കിപ്പിടിച്ച് പിടയുന്നതും നിസ്സഹായതയോടെ ഭാര്യയെയും മക്കളെയും നോക്കുന്നതുമായ സീൻ ഇന്നും പ്രേക്ഷകരുടെ മനസ്സിൽ പതിഞ്ഞതാന്നെന്നും പ്രേക്ഷകർ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നു.

ഇനി ദൃശ്യം 3 വരുമ്പോഴും ഇങ്ങനെ എന്തെങ്കിലും മോഹൻലാലിന് വേണ്ടി ജീത്തു ജോസഫ് ഒരുക്കി വെച്ചിട്ടുണ്ടാകും എന്നുറപ്പാണ്. അതെന്തെന്ന് അറിയാനായി വെയിറ്റിങ് ആണെന്നും ആരാധകർ കുറിക്കുന്നു.

 

Content Highlight: Director Jeethu Joseph talks about Mohanlal’s acting skills.

നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.