'ദൃശ്യം' മമ്മൂട്ടി അഭിനയിച്ചിരുന്നെങ്കിൽ ചിത്രം മറ്റൊരു ഭാവത്തിലാകുമായിരുന്നു: ജീത്തു ജോസഫ്
Malayalam Cinema
'ദൃശ്യം' മമ്മൂട്ടി അഭിനയിച്ചിരുന്നെങ്കിൽ ചിത്രം മറ്റൊരു ഭാവത്തിലാകുമായിരുന്നു: ജീത്തു ജോസഫ്
നന്ദന എം.സി
Wednesday, 10th June 2026, 1:48 pm

മലയാള സിനിമയിലെ എക്കാലത്തെയും വലിയ വിജയചിത്രങ്ങളിലൊന്നായ ദൃശ്യത്തിൽ ജോർജുകുട്ടിയായി മോഹൻലാലിന് പകരം മമ്മൂട്ടി എത്തിയിരുന്നെങ്കിൽ ചിത്രം മറ്റൊരു ഭാവത്തിലാകുമായിരുന്നുവെന്ന് പറയുകയാണ് സംവിധായകൻ ജീത്തു ജോസഫ്. റിപ്പോർട്ടർ ഫിലിമിന്റെ റാപ്പിഡ് ഫയർ സെക്ഷനിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം തുറന്നുപറഞ്ഞത്.

2013-ൽ പുറത്തിറങ്ങിയ ‘ദൃശ്യം’ മലയാള സിനിമയുടെ ചരിത്രം തന്നെ മാറ്റിമറിച്ച ചിത്രമായിരുന്നു. കുടുംബ പശ്ചാത്തലത്തിൽ ഒരുക്കിയ സസ്‌പെൻസ് ത്രില്ലർ ചിത്രം വലിയ പ്രേക്ഷകസ്വീകാര്യത നേടിയതോടൊപ്പം നിരവധി ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടുകയും ചെയ്തു.

മോഹൻലാൽ, Photo: IMDb

ജോർജുകുട്ടി എന്ന കഥാപാത്രത്തെ മോഹൻലാൽ അനശ്വരമാക്കിയെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. എന്നാൽ അതേ കഥാപാത്രത്തെ മമ്മൂട്ടി അവതരിപ്പിച്ചിരുന്നെങ്കിൽ ചിത്രം എങ്ങനെയാകുമായിരുന്നു എന്ന ചോദ്യത്തിനാണ് ജീത്തു ജോസഫ് മറുപടി നൽകിയത്.

കഥയിൽ യാതൊരു മാറ്റവും വരില്ലായിരുന്നുവെന്നാണ് സംവിധായകന്റെ അഭിപ്രായം. എന്നാൽ മമ്മൂട്ടിയുടെ അഭിനയശൈലിയും കഥാപാത്രങ്ങളെ സമീപിക്കുന്ന രീതിയും വ്യത്യസ്തമായതിനാൽ സിനിമയുടെ അവതരണത്തിലും ഭാവത്തിലും മാറ്റം അനുഭവപ്പെടുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

മമ്മൂട്ടി , Photo; X.com

‘കഥ അതേപോലെ തന്നെയായിരിക്കും. പക്ഷേ മമ്മൂക്ക ആ കഥാപാത്രത്തെ തന്റെ രീതിയിൽ അവതരിപ്പിക്കുമായിരുന്നു. അതുകൊണ്ട് സിനിമയ്ക്ക് മറ്റൊരു ഭാവം ലഭിക്കുമായിരുന്നു,’ എന്നാണ് ജീത്തു ജോസഫ് പറഞ്ഞത്. ഈ മറുപടി ഇതിനോടകം തന്നെ സിനിമാപ്രേമികൾക്കിടയിൽ ചർച്ചയായിട്ടുണ്ട്.

അതേസമയം, ‘ദൃശ്യം’ എന്ന ചിത്രത്തിന് മറ്റൊരു പേര് നൽകേണ്ടി വന്നാൽ എന്തായിരിക്കും എന്ന ചോദ്യത്തിനും ജീത്തു മറുപടി നൽകി. അതിനെക്കുറിച്ച് ഒരിക്കലും ആലോചിച്ചിട്ടില്ലെന്നും കഥയുമായി ഏറ്റവും അനുയോജ്യമായി ചേരുന്ന പേരാണ് ‘ദൃശ്യം’ എന്നും അദ്ദേഹം പറഞ്ഞു. അതിന് പകരം മറ്റൊരു പേര് ചിന്തിക്കാൻ പോലും കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മോഹൻലാൽ, Photo: IMDb

സംഭാഷണത്തിനിടെ തന്റെ സിനിമകളിൽ കൂടുതൽ ആളുകൾ കാണേണ്ടിയിരുന്ന ഒരു ചിത്രത്തെക്കുറിച്ചും ജീത്തു മനസ് തുറന്നു. ‘വലതു വശത്തെ കള്ളൻ’ എന്ന ചിത്രമാണ് കൂടുതൽ പ്രേക്ഷകരിലേക്ക് എത്തേണ്ടിയിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. മികച്ച കഥയും കഥാപാത്രങ്ങളും ഉണ്ടായിരുന്നിട്ടും ആ സിനിമയ്ക്ക് അർഹിച്ച ശ്രദ്ധ ലഭിച്ചില്ലെന്നും അത് ഇന്നും തന്നെ വിഷമിപ്പിക്കുന്ന കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

സിനിമയ്ക്ക് പുറത്തുള്ള തന്റെ ജീവിതത്തെക്കുറിച്ചും ജീത്തു സംസാരിച്ചു. വായന ഇപ്പോൾ വളരെ കുറവാണെന്നും അതിൽ മാറ്റം വരുത്തണമെന്ന ആഗ്രഹമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫിലിംമേക്കർ എന്ന തിരിച്ചറിയലിൽ നിന്ന് കുറച്ചുകൂടി മാറി ഒരു സാധാരണ മനുഷ്യനായി ജീവിക്കണമെന്നും കൂടുതൽ സമയം പുസ്തകങ്ങളും നോവലുകളും വായിച്ച് ശാന്തമായി ചെലവഴിക്കണമെന്നുമാണ് തന്റെ ആഗ്രഹമെന്നും ജീത്തു ജോസഫ് പറഞ്ഞു.

Content Highlight: Director Jeethu Joseph talks about how it would have been if Mammootty had been in the film Drishyam instead of Mohanlal.

നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.