മലയാളി പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരുന്ന ചിത്രങ്ങളിൽ ഒന്നായിരുന്നു ദൃശ്യം 3. ജോർജ്‌കുട്ടിയായി മോഹൻലാൽ വീണ്ടും എത്തുമ്പോൾ ആരാധകർക്ക് വലിയ പ്രതീക്ഷകളായിരുന്നു.

തന്റെ കുടുംബത്തിന് വേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത ഒരു അച്ഛന്റെ കഥയുടെ പുതിയ അധ്യായം കാണാനായിരുന്നു പ്രേക്ഷകർ കാത്തിരുന്നത്. ചിത്രത്തിന്റെ റിലീസിന് ശേഷം മികച്ച പ്രതികരണങ്ങൾക്കൊപ്പം സമ്മിശ്ര അഭിപ്രായങ്ങളും ഉയർന്നു.

ദൃശ്യം ഫ്രാഞ്ചൈസിയിലെ ഏറ്റവും മികച്ച ഭാഗമാണെന്ന് ചിലർ അഭിപ്രായപ്പെട്ടപ്പോൾ, ചിലർക്ക് ഇത് പരമ്പരയിലെ ഏറ്റവും ദുർബലമായ തിരക്കഥയും മേക്കിങ് ആണെന്നും തോന്നി.

ദൃശ്യം 3, Photo: IMDb

ഇതിനിടെ ദൃശ്യം ഫ്രാഞ്ചൈസിലെ തന്റെ ഇഷ്ട ചിത്രത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് സംവിധായകൻ ജീത്തു ജോസഫ്. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്.

മൂന്ന് ചിത്രങ്ങൾക്കും അതിന്റെതായ പ്രത്യേകതകളുണ്ടെങ്കിലും ഇപ്പോൾ കൂടുതൽ ഇഷ്ടം ദൃശ്യം 3 യോടാണെന്നാണ് ജീത്തു ജോസഫ് പറയുന്നത്.

‘ദൃശ്യം ഫ്രാഞ്ചൈസിൽ ഏതാണ് ഫേവറിറ്റ് എന്ന് ചോദിച്ചാൽ എനിക്ക് പറയാൻ കഴിയില്ല. പക്ഷെ എനിക്കിപ്പം ത്രീയാണ് കൂടുതൽ ഒരു ഫേവറിറ്റ് ആയിട്ട് തോന്നുന്നത്. കാരണം ആ ക്യാരക്ടറിന്റെ ഇമോഷനും പെർഫോമൻസും ഒക്കെ ഗംഭീരമാണ്.

ജീത്തു ജോസഫ്, Photo: YouTube/ Screengrab

വണ്ണിന് വണ്ണിന്റെതായ രീതിയുണ്ട്. ശരിക്കും വൺ എന്ന് പറയുന്നത് പെട്ടെന്ന് വന്ന് ഒരു പ്രശ്നത്തിലേക്ക് പോകുകയും അതിനെ തടയിട്ട് പ്രതിരോധിക്കുകയുമാണ്.

രണ്ടിലേക്ക് വരുമ്പോൾ അയാൾ വർഷങ്ങളായി അതിനുള്ള തയ്യാറെടുപ്പിലാണ്, മുൻകരുതലുകൾ എടുക്കുകയാണ്. തേർഡ് വരുമ്പോൾ ഇതെല്ലാം കഴിഞ്ഞു, എല്ലാം അവസാനിച്ചു എന്ന് വിചാരിക്കുമ്പോഴാണ് ഇല്ല ഇതൊന്നും അവസാനിച്ചില്ല എന്ന പേടിയിൽ ജീവിക്കുന്ന ജോർജ്‌കുട്ടിയാണ്. അത് മൂന്നും മൂന്ന് ടൈപ്പാണ്.

അപ്പോൾ ഇമോഷൻ വൈസ് കുറച്ചുകൂടി ഫേവറിറ്റ് ദൃശ്യം 3 യാണ്. അത് കഴിഞ്ഞാൽ എനിക്ക് വൺ ആണ്. ഓർഡറിൽ പറഞ്ഞാൽ ത്രീ, വൺ, ടു എന്നാണ്,’ ജീത്തു ജോസഫ് പറഞ്ഞു.

ദൃശ്യം1, Photo: IMDb

ജോർജ്‌കുട്ടിയുടെ ജീവിതത്തിലെ മൂന്ന് വ്യത്യസ്ത മാനസികാവസ്ഥകളെയാണ് ദൃശ്യം ചിത്രങ്ങൾ അവതരിപ്പിക്കുന്നതെന്നും സംവിധായകൻ വ്യക്തമാക്കുന്നു.

ആദ്യ ഭാഗത്തിൽ ഒരു സാധാരണ കുടുംബനാഥൻ പ്രതിസന്ധിയെ നേരിടുന്നതാണ് പ്രമേയമെങ്കിൽ, രണ്ടാം ഭാഗത്തിൽ അതിന്റെ അനന്തരഫലങ്ങളെ നേരിടാനുള്ള തയ്യാറെടുപ്പാണ് കാണുന്നത്. മൂന്നാം ഭാഗമാകട്ടെ, എല്ലാം അവസാനിച്ചുവെന്ന് കരുതുന്ന ഒരാളുടെ ഉള്ളിലെ ഭയവും ആശങ്കയും പ്രേക്ഷകർക്കു മുന്നിലെത്തിക്കുന്നു.

Content Highlight: Director Jeethu Joseph says Drishyam 3 is his favorite movie