ദൃശ്യത്തിലെ ആ രംഗത്തിനുള്ള ഐഡിയ കിട്ടിയത് ന്യൂസ് പേപ്പറിലൂടെ, ദയവ് ചെയ്ത് ഇതൊന്നും അനുകരിക്കരുത്: ജീത്തു ജോസഫ്
Entertainment news
ദൃശ്യത്തിലെ ആ രംഗത്തിനുള്ള ഐഡിയ കിട്ടിയത് ന്യൂസ് പേപ്പറിലൂടെ, ദയവ് ചെയ്ത് ഇതൊന്നും അനുകരിക്കരുത്: ജീത്തു ജോസഫ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 4th November 2022, 10:40 pm

എവിടെയെങ്കിലും കൊലപാതകം നടന്ന് കുഴിച്ച് മൂടിയാല്‍ അത് ദൃശ്യം മോഡലാണെന്നാണ് എല്ലാവരും പറയുകയെന്ന് ജീത്തു ജോസഫ്. 1982 ല്‍ ഇറങ്ങിയ യവനിക എന്ന ചിത്രത്തിലും ഇതുപോലെ ചാക്കില്‍ കെട്ടി വയലില്‍ കുഴിച്ച് മൂടുന്ന സീനുണ്ടെന്നും എത്രയോ മുമ്പ് തന്നെ ഇത്തരം കാര്യങ്ങള്‍ സിനിമയില്‍ വന്നിട്ടുണ്ടെന്നും ജീത്തു പറഞ്ഞു. ആരും ഇതൊന്നും കണ്ട് അനുകരിക്കരുതെന്നും റിപ്പോര്‍ട്ടര്‍ ടീവിക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

”വീടിന്റെ പരിസരത്തോ കെട്ടിടത്തിന്റെ അടിയിലോ കൊന്ന് കുഴിച്ചിട്ടാല്‍ അപ്പോള്‍ പറയും ദൃശ്യം മോഡലാണെന്ന്. ഇത് പണ്ടും ആള്‍ക്കാര് കുഴിച്ചിടുന്നതാണ്. കൊന്ന് കഴിഞ്ഞാല്‍ ഒന്നുകില്‍ കത്തിക്കണം അല്ലെങ്കില്‍ കുഴിച്ചിടണം ഇതല്ലാതെ വേറെ എന്താണ് ചെയ്യുക.

എവിടെ എങ്കിലും കുഴിച്ചിട്ടത് അറിഞ്ഞാല്‍ അപ്പോഴേക്കും ദൃശ്യം കണക്ട് ചെയ്യും. യവനിക എന്ന പടത്തിലും ചാക്കില്‍ കെട്ടി കുഴിച്ചിടുന്നതാണ് കാണിക്കുന്നത്. അതെല്ലാം എത്രയോ മുമ്പ് ഇറങ്ങിയ സിനിമയാണ്. അതില്‍ വയലില്‍ ആയിരുന്നു കുഴിച്ചിട്ടത്.

നോര്‍ത്തില്‍ ഇതുപോലെ ഒരു സംഭവം നടന്നു. അതില്‍ ചോദിച്ചപ്പോള്‍ പറഞ്ഞത് അയാള്‍ ഹിന്ദി ദൃശ്യം കണ്ടിരുന്നുവെന്നാണ്. അതുപോലെ മൊബൈല്‍ ഇടുന്ന പരിപാടി ആരോ ചെയ്തു. അത്തരത്തിലുള്ള ചില ഐഡിയകള്‍ സിനിമ കാണുമ്പോള്‍ കിട്ടിയിട്ടുണ്ടാകും.

സിനിമ ആരെയും സ്വാധീനിക്കുന്നില്ലെന്ന് ഞാന്‍ പറയുന്നില്ല. പക്ഷേ എല്ലാത്തിനും ദൃശ്യത്തെ പറഞ്ഞാലെങ്ങനെ ശരിയാകും. സിനിമയില്‍ നിന്ന് മാത്രമല്ല കുറ്റം മറക്കാനുള്ള ഐഡിയ കിട്ടുന്നത്. ദൃശ്യത്തിലെ ഫോണ്‍ ലോറിയുടെ മുകളില്‍ എറിയുന്ന ഐഡിയ എനിക്ക് കിട്ടിയത് ന്യൂസ് പേപ്പറില്‍ നിന്നാണ്.

ഇത് പോലെ എവിടെ നിന്നെങ്കിലുമാകും നമുക്ക് ഐഡിയ കിട്ടുന്നത്. ദയവ് ചെയ്ത് ഇതൊന്നും കണ്ടിട്ട് ആരും ഒന്നും ചെയ്യരുത്,” ജീത്തു ജോസഫ് പറഞ്ഞു.

content highlight: director jeethu joseph about drishyam relating news