തുണിവോ വാരിസോ? സര്‍പ്രൈസ് മറുപടിയുമായി തുണിവിന്റെ സംവിധായകന്‍
Entertainment news
തുണിവോ വാരിസോ? സര്‍പ്രൈസ് മറുപടിയുമായി തുണിവിന്റെ സംവിധായകന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 18th December 2022, 4:22 pm

ഈ വരുന്ന പൊങ്കലിന് തമിഴ് സിനിമ വലിയൊരു പോരാട്ടത്തിന് ഒരുങ്ങുകയാണ്. തമിഴ് നാട്ടില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള വിജയ്, അജിത് എന്നിവരുടെ സിനിമ പൊങ്കല്‍ റിലീസായി ഒരേ ദിവസമാണ് തിയേറ്ററുകളിലെത്തുന്നത്. വാരിസ് എന്ന വിജയ് ചിത്രവും, തുണിവ് എന്ന അജിത് ചിത്രവുമാണ് ഒരേ ദിവസം തിയേറ്ററിലെത്തുന്നത്.

ഏത് സിനിമയായിരിക്കും ആദ്യം കാണുക എന്ന ചര്‍ച്ച സോഷ്യല്‍ മീഡിയയില്‍ സജീവമായി നടക്കുകയാണ്. അതിനിടയിലാണ്, തുണിവ് സിനിമയുടെ സംവിധായകനായ എച്ച്. വിനോദ് ഈ വിഷയത്തില്‍ രസകരമായ മറുപടി പറഞ്ഞിരിക്കുന്നത്. താന്‍ ആദ്യം തിയേറ്ററില്‍ കാണാന്‍ പോകുന്ന സിനിമ വാരിസ് ആണെന്നാണ് വിനോദ് പറഞ്ഞത്.

സംവിധായകനെന്ന നിലയില്‍ താന്‍ പോസ്റ്റ് പ്രൊഡക്ഷന്റെ സമയത്ത് പലതവണ തുണിവ് കണ്ടിട്ടുണ്ടെന്നും അതുകൊണ്ടാണ് വരീസ് ആദ്യം കാണാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. തുണിവ് സിനിമയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാന്‍ എന്തായാലും ആദ്യം കാണാന്‍ പോകുന്ന സിനിമ തുണിവാണ്. പോസ്റ്റ് പ്രൊഡക്ഷനുമായി ബന്ധപ്പെട്ട് ഒരുപാട് തവണ ഞാനിപ്പോള്‍ തന്നെ തുണിവ് കണ്ടു. അതുകൊണ്ടാണ് ആദ്യ ദിവസം തന്നെ വരീസ് കാണാന്‍ ഞാന്‍ തീരുമാനിച്ചത്,’ എച്ച്.വിനോദ് പറഞ്ഞു.

ഇരുവരുടെയും അടുത്ത ചിത്രങ്ങളായ തുണിവും വാരിസും ഒരേ സമയമാണ് തിയേറ്ററിലെത്തുക എന്ന വാര്‍ത്ത നേരത്തെ തന്നെ പുറത്ത് വന്നിരുന്നു. ഉദയനിധി സ്റ്റാലിന്റെ സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസാണ് തമിഴ്നാട്ടില്‍ തുണിവിന്റെ വിതരണവും വാരിസിന്റെ അവതരണവും ഏറ്റെടുത്തിരിക്കുന്നത്.

2014ലാണ് ഇതിനുമുമ്പ് തിയേറ്ററില്‍ വിജയ്-അജിത് ചിത്രങ്ങള്‍ തമ്മില്‍ നേരിട്ട് ഏറ്റുമുട്ടിയത്. ജില്ലയും വീരവുമായിരുന്നു അന്ന് മത്സരിച്ച ചിത്രങ്ങള്‍. വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന വിജയ് ചിത്രം വാരിസില്‍ രശ്മിക മന്ദാനയാണ് നായികയായി എത്തുന്നത്. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന തുണിവില്‍ മഞ്ജു വാര്യരാണ് നായിക.

 

 

 

content highlight: director h vinod talks about latest tamil movies