ഖത്തര്‍ എങ്ങനെയിത് നടത്തും എന്ന് നേരത്തെ സംശയമുണ്ടായിരുന്നു, വെരി വെല്‍ ഓര്‍ഗനൈസ്ഡ്: മോഹന്‍ലാല്‍
Entertainment news
ഖത്തര്‍ എങ്ങനെയിത് നടത്തും എന്ന് നേരത്തെ സംശയമുണ്ടായിരുന്നു, വെരി വെല്‍ ഓര്‍ഗനൈസ്ഡ്: മോഹന്‍ലാല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 18th December 2022, 4:05 pm

ലോകകപ്പിന് വേദിയൊരുക്കിയ ഖത്തറിനെ പ്രശംസ കൊണ്ട് മൂടി മോഹന്‍ലാല്‍. അര്‍ജന്റീനയും ഫ്രാന്‍സും തമ്മിലുള്ള ഫൈനല്‍ മത്സരം കാണാന്‍ ഖത്തറിലെത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഖത്തര്‍ ലോകകപ്പിന് ആതിഥേയത്വം വഹിക്കുമ്പോള്‍ ഒരുപാട് സംശയങ്ങള്‍ ഉണ്ടായിരുന്നെന്നും എന്നാല്‍ ലോകകപ്പിന് വേദിയായിട്ടുള്ള മറ്റ് നഗരങ്ങളേക്കാള്‍ വളരെ ചെറുതായിട്ട് കൂടി ദോഹ വളരെ നന്നായി ലോകകപ്പ് സംഘടിപ്പിച്ചുവെന്നും അതിന് പിന്നില്‍ പ്രവര്‍ത്തിച്ച മലയാളികളടക്കമുള്ളവര്‍ക്ക് ഇതില്‍ പങ്കുണ്ടെന്നും താരം പറഞ്ഞു.

”ഞാനും നിങ്ങളെല്ലാവരെയും പോലെ എക്‌സൈറ്റ്‌മെന്റിലാണ്. ലോകകപ്പ് വലിയൊരു ആഘോഷമാണ്. ലോകകപ്പ് നടന്ന ബാക്കി രാജ്യങ്ങളെ വെച്ച് നോക്കുമ്പോള്‍ ദോഹ ചെറിയൊരു സ്ഥലമാണ്.

ഗെയിം തുടങ്ങുന്നതിന് മുമ്പ് ഞാന്‍ ഇവിടെ വന്നിരുന്നു. അവിശ്വസനീയമായ രീതിയിലാണ് ഖത്തര്‍ ലോകകപ്പിന്റെ സംഘാടനം നിര്‍വഹിച്ചിരിക്കുന്നത്. അവര്‍ക്ക് എങ്ങനെ ഇത് നടത്താന്‍ പറ്റും എന്ന് ഒരുപാട് സംശയങ്ങളുണ്ടായിരുന്നു. പക്ഷെ ഈ രാജ്യം അതിനെ ഏറ്റവും നന്നായി ഓര്‍ഗനൈസ് ചെയ്തു.

ഇവിടത്തെ യാത്രാ സൗകര്യങ്ങളായാലും അതിഥികളെയും ഫാന്‍സിനെയും കൈകാര്യം ചെയ്യുന്ന രീതിയായാലും എല്ലാവരും തൃപ്തിപ്പെടുത്തുന്നതാണ്. അതിന്റെ ക്രെഡിറ്റും ഇവിടെയുള്ളവര്‍ക്കാണ്.

വെരി വെല്‍ ഓര്‍ഗനൈസ്ഡ്. അതിന് പിറകില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും ആശംസകള്‍.

മലയാളികള്‍ ഒരുപാടുള്ള സ്ഥലമാണ് ദോഹ. അവരുടെ സപ്പോര്‍ട്ടും ഭയങ്കരമായുണ്ടായിരുന്നു. അതിന്റെ ഭാഗമാകാന്‍ കഴിയുന്നതിന്റെ സന്തോഷത്തിലാണ് ഞാന്‍. ഞാനിപ്പോള്‍ മൊറോക്കോയില്‍ നിന്നാണ് വരുന്നത്. ഇത് കഴിഞ്ഞ ഉടനെ തിരിച്ച് പോകും.

ഇന്ന് ആരായിരിക്കും ജയിക്കുക എന്നൊന്നും പറയാന്‍ പറ്റില്ല. ഇതൊരു ഗെയിമാണ്,” മോഹന്‍ലാല്‍ പറഞ്ഞു.

മെസിയേയും റൊണാള്‍ഡോയെയും പോലുള്ള താരങ്ങളുടെ അവസാന ലോകകപ്പായേക്കാവുന്ന ഖത്തര്‍ വേള്‍ഡ് കപ്പിനെ എങ്ങനെ കാണുന്നു എന്ന ചോദ്യത്തിനും താരം മറുപടി പറയുന്നുണ്ട്.

”ലെജന്റ്‌സ് അല്ലേ ഇവര്‍. അവര്‍ ഇവിടെത്തന്നെ ഉണ്ടാകും. പെലെയെയും മറഡോണയെയും പോലെ ഫുട്‌ബോള്‍ എത്ര കാലമുണ്ടോ അത്രയും കാലം മെസിയും റൊണാള്‍ഡോയുമൊക്കെ ഇവിടെ ഉണ്ടാകും. അങ്ങനെ മുദ്ര പതിപ്പിച്ച ആളുകളാണ്. ആരാണ് ജയിക്കുന്നതെന്ന് വെയിറ്റ് ചെയ്യാം”.

ഇന്നത്തെ മത്സരത്തിന്റെ പ്രതീക്ഷകള്‍ എന്തൊക്കെയാണ് എന്ന ചോദ്യത്തിന്, ‘ഇല്ല പ്രതീക്ഷിച്ചുകൊണ്ട് കളി കാണാന്‍ പോകുന്നില്ല, ഇതൊരു ഗെയിമല്ലേ, ലാസ്റ്റ് മിനിട്ടില്‍ വരെ എന്തും സംഭവിക്കാം. ഗെയിമിന്റെ സര്‍പ്രൈസ് അതാണ്. അത്ഭുതങ്ങള്‍ ഉണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു,’ എന്നായിരുന്നു മോഹന്‍ലാലിന്റെ ചിരിച്ചുകൊണ്ടുള്ള മറുപടി.

Content Highlight: Mohanlal about Qatar World cup organising