2017 ലെ ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വെച്ച് നടി പാർവ്വതി തിരുവോത്ത്, സിനിമകളിലെ സ്ത്രീവിരുദ്ധതയെക്കുറിച്ച് ശക്തമായ വിമർശനം ഉന്നയിച്ച സംഭവം മലയാള സിനിമാ ചരിത്രത്തിൽ വലിയ ചർച്ചയായി മാറിയിരുന്നു.
അന്ന് സിനിമയുടെ പേര് പറയാതെ സംസാരിച്ച പാർവ്വതിയെ, വേദിയിലുണ്ടായിരുന്ന സംവിധായിക ഗീതു മോഹൻദാസ് Say it, Say it! എന്ന് പറഞ്ഞ് തുറന്നുപറയാൻ പ്രോത്സാഹിപ്പിച്ചു.
യഷ്, Photo: YouTube /Screengrab
തുടർന്ന് പാർവ്വതി ‘കസബ’ എന്ന സിനിമയിലെ, മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രം ഒരു വനിതാ പൊലീസ് ഓഫീസറോട് കാണിക്കുന്ന അപമാനകരമായ പെരുമാറ്റത്തെ പരാമർശിച്ചു. ഇതിന് പിന്നാലെ പാർവ്വതി വലിയ സൈബർ ആക്രമണങ്ങൾക്ക് ഇരയായിരുന്നു.
അതേ ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന, പാൻ-ഇന്ത്യൻ ചിത്രം ‘ടോക്സിക്’ ടീസർ പുറത്തിറങ്ങിയതിന് പിന്നാലെ, സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങൾ ഉയരുകയാണ്. ഒരുകാലത്ത് കസബയിലെ സ്ത്രീവിരുദ്ധതയെ തുറന്നു കാണിച്ച ഗീതു തന്നെ, ഇപ്പോൾ ഒരു വൻ ബജറ്റ് കൊമേഴ്സ്യൽ സിനിമയിൽ അതേ രീതിയിലുള്ള കൊമേർഷ്യൽ എലെമെന്റ്സ് ഉപയോഗിച്ചാണ് ടീസർ പുറത്തിറക്കിയിരിക്കുന്നത്.
യഷ്, Photo: YouTube /Screengrab
ടീസറിൽ സ്ത്രീകളെ അവതരിപ്പിക്കുന്ന രീതിയും, ചില ദൃശ്യങ്ങളിലെ പുരുഷാധിപത്യ വീക്ഷണവും, സ്ത്രീകളെ ‘ശരീരം’ എന്ന നിലയിൽ മാത്രം കാണിക്കുന്ന സമീപനമുണ്ടെന്ന ആക്ഷേപവും സാമൂഹ്യമാധ്യമങ്ങളിൽ ശക്തമായി കാണാൻ സാധിക്കുന്നു.
സ്ത്രീ സുരക്ഷയെക്കുറിച്ചും സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചും സംസാരിക്കുന്ന ഗീതു ഇത്തരമൊരു സിനിമ ഒരുക്കുന്നത് എങ്ങനെ ന്യായികരിക്കും എന്ന ചോദ്യവും സോഷ്യൽ മീഡിയയിൽ ഉയരുന്നു.
അതേസമയം, യഷ് നായകനായെത്തുന്ന ഈ സിനിമയിൽ അദ്ദേഹത്തിന്റെ സ്ഥിരം സ്റ്റൈലിൽ നിന്ന് വലിയ മാറ്റമില്ലെന്നും, കഥാപാത്ര നിർമ്മാണത്തിൽ പുതുമ കാണാനില്ലെന്നും ചിലർ അഭിപ്രായപ്പെടുന്നു. ‘ഇത് യഷിന്റെ സ്റ്റൈൽ ആവർത്തനം മാത്രമാണെന്ന വിമർശനവും ശക്തമാണ്.
കടുത്ത ഹോട്ട് ദൃശ്യങ്ങൾ ഉൾപ്പെടുത്തിയ പുതിയ ടീസർ ഇതിനോടകം തന്നെ വിവാദങ്ങൾ സൃഷ്ടിച്ചിരിക്കുകയാണ്. സിനിമയുടെ ആദ്യ ടീസറിലും ഇത്തരം രംഗങ്ങൾ ഉണ്ടായതിനെ തുടർന്ന് ഗീതു മോഹൻദാസിനെതിരെ വലിയ വിമർശനം ഉയർന്നിരുന്നു. നിലപാടിൽ ഉറച്ചു നിൽക്കാനെങ്കിലും പഠിക്കണം, ഇതാണോ നിങ്ങൾ പറഞ്ഞ ഫെമിനിസം, ആഹാ നല്ല നിലപാടുള്ള സ്ത്രീ… തുടങ്ങി നിരവധി വിമർശനങ്ങളാണ് ഗീതുവിനെതിരെ സോഷ്യൽ മീഡിയയിൽ ഉയരുന്നത്.
ടോക്സിക് ടീസർ, Photo: YouTube/ Screen grab
സിനിമയുടെ പ്രൊമോയിൽ യഷ് സ്ത്രീകളെ എടുത്തുയർത്തുന്നതും ദേഹത്ത് മദ്യം ഒഴിക്കുന്നതുമെല്ലാം വലിയ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു. യഷിന്റെ പിറന്നാൾ സമ്മനമായി ഇന്നിറക്കിയ ഈ ടീസറിലും അതിനെ കടത്തി വെട്ടുന്ന രീതിയിലാണ് ഓരോ രംഗങ്ങളും ഒരുക്കിയിരിക്കുന്നത്.
ഒരു കാലത്ത് നിലപാടുകളിലൂടെ ശ്രദ്ധ നേടിയ ഗീതു മോഹൻദാസ്, ഇന്ന് അതേ നിലപാടുകൾക്ക് വിരുദ്ധമായി തോന്നുന്ന ഒരു സിനിമയുമായി എത്തുന്നത് തന്നെയാണ് ‘ടോക്സിക്’ ടീസറിനെ ചുറ്റിയുള്ള പ്രധാന വിവാദമായി മാറുന്നത്.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.