കമല്‍ ഹാസന്‍ നായകനായി 2008ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ദശാവതാരം. ചിത്രത്തില്‍ കമലഹാസന്‍ വ്യത്യസ്തമായ പത്ത് വേഷങ്ങളില്‍ അഭിനയിച്ചിരുന്നു. ഒരു സിനിമയില്‍ തന്നെ ഒരേ നടന്‍ പത്തുവേഷങ്ങളില്‍ അഭിനയിക്കുന്നത് ലോക സിനിമാ ചരിത്രത്തില്‍തന്നെ ആദ്യമായിട്ടായിരുന്നു. കെ. എസ്. രവികുമാര്‍ ആണ് ദശാവതാരത്തിന്റെ സംവിധായകന്‍.
താന്‍ വേട്ടയാട് വിളയാട് എന്ന ചിത്രത്തിന്റെ കഥ പറയാന്‍ കമല്‍ ഹാസന്റെ അടുത്ത് പോയതില്‍ നിന്നാണ് ദശാവതാരത്തിന്റെ ഉത്ഭവം ഉണ്ടാകുന്നതെന്ന് സംവിധായകന്‍ ഗൗതം വാസുദേവ് മേനോന്‍ പറയുന്നു. താന്‍ ദശാവതാരം സംവിധാനം ചെയ്യണം എന്നായിരുന്നു കമല്‍ ഹാസന്റെ ആഗ്രഹമെന്നും ഗൗതം വാസുദേവ് മേനോന്‍ പറഞ്ഞു.
ഒരു അഭിനേതാവ് തന്നെ പത്ത് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു എന്നതില്‍ നിന്നാണ് ചിത്രത്തിന്റെ ചര്‍ച്ച ആരംഭിക്കുന്നതെന്നും കമല്‍ ഹാസന്റെ ഓഫീസില്‍ ഡിസ്‌കഷന്‍ നടക്കുമ്പോള്‍ താനും ഉണ്ടായിരുന്നു എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മദന്‍ ഗൗരിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഗൗതം വാസുദേവ് മേനോന്‍.
‘ഞാന്‍ വേട്ടയാട് വിളയാടിന്റെ കഥ പറയാനായി കമല്‍ സാറിന്റെ അടുത്ത് ഞാന്‍ പോയി. ആദ്യ ഇരുപത് മിനിട്ടിന് ശേഷം ‘ഇനി എന്താണ് നടക്കാന്‍ പോകുന്നതെന്താണെന്ന് ഞാന്‍ പറയാം, സ്ഥിരമായിട്ടുള്ള ക്യാറ്റ് ആന്‍ഡ് മൗസ് പ്ലെയല്ലേ, നമ്മുക്ക് അങ്ങനെ ഒന്ന് ചെയ്യരുത് വ്യത്യസ്തമായ സിനിമ ചെയ്യാം’ എന്ന് അദ്ദേഹം പറഞ്ഞുകൊണ്ടിരുന്നു.
അദ്ദേഹത്തിന് ഞാന്‍ ദശാവതാരം സിനിമ സംവിധാനം ചെയ്യണം എന്നായിരുന്നു. ഞാന്‍ അദ്ദേത്തിന്റെ കൂടെ അവിടെ ഇരിക്കുമ്പോഴാണ് ദശാവതാരത്തിന്റെ ഉത്ഭവം ഉണ്ടാകുന്നത്. അതിന് ശേഷം ഞാനും നാലഞ്ച് എഴുത്തുകാരുമായി കമല്‍ സാറിന്റെ ഓഫീസില്‍ ഇരുന്ന് ചിത്രത്തിന്റെ കൂടുതല്‍ ഡിസ്‌കഷന്‍ നടന്നു.
ഒരു അഭിനേതാവ് തന്നെ പത്ത് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു എന്നതില്‍ നിന്നാണ് ഈ ചര്‍ച്ച തുടങ്ങുന്നത്.
എങ്ങനെ ഈ പത്ത് കഥാപാത്രങ്ങളും ഒന്നിച്ച് വരും, എന്തൊക്കെ ചെയ്യാം, എവിടെ നിന്ന് തുടങ്ങാം, ഒരു സുനാമിയില്‍ നിന്ന് ആരംഭിക്കാം എന്നുള്ള ചര്‍ച്ചകളെല്ലാം അവിടെയാണ് നടന്നത്,’ ഗൗതം വാസുദേവ് മേനോന്‍ പറയുന്നു.