റിയലിസ്റ്റിക് -എന്റര്‍ടൈന്‍മെന്റ് സിനിമകളുടെ ഇടയില്‍ കിടന്ന് വീര്‍പ്പുമുട്ടിയ ഒരു സംവിധായകനേ മലയാളത്തില്‍ ഉള്ളൂ, അത് അദ്ദേഹമാണ്: ഫാസില്‍
Entertainment
റിയലിസ്റ്റിക് -എന്റര്‍ടൈന്‍മെന്റ് സിനിമകളുടെ ഇടയില്‍ കിടന്ന് വീര്‍പ്പുമുട്ടിയ ഒരു സംവിധായകനേ മലയാളത്തില്‍ ഉള്ളൂ, അത് അദ്ദേഹമാണ്: ഫാസില്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 1st July 2025, 3:22 pm

മലയാള സിനിമയില്‍ 40 വര്‍ഷം പൂര്‍ത്തിയാക്കുന്ന സംവിധായകന്‍ സിബി മലയിലിന് ആദരവുമായി സംവിധായകന്‍ ഫാസില്‍.

സിബി മലയിലിന്റെ സിനിമകള്‍ തന്നെ എന്നും വിസ്മയിപ്പിച്ചിട്ടുണ്ടെന്നും തനിയാവര്‍ത്തനം, കിരീടം, ദശരഥം എന്നീ സിനിമകള്‍ കണ്ട് താന്‍ വല്ലാതായിട്ടുണ്ടെന്നും ഫാസില്‍ പറയുന്നു.

റിയലിസ്റ്റിക് സിനിമകളുടേയും എന്റര്‍ടൈന്‍മെന്റ് സിനിമകളുടേയും ഇടയില്‍ കിടന്ന് വീര്‍പ്പുമുട്ടിയ ഒരു സംവിധായകനേ മലയാളത്തില്‍ ഉള്ളൂവെന്നും അത് സിബി മലയിലാണെന്നും ഫാസില്‍ പറഞ്ഞു.

‘സിബി മലയില്‍ സിനിമയില്‍ വന്നിട്ട് 40ാം വര്‍ഷം ആഘോഷിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ശിഷ്യന്‍മാരൊക്കെ വല്ലാത്തൊരു ത്രില്ലിലാണ്. ഞാന്‍ നവോദയയില്‍ എത്തുമ്പോള്‍ തന്നെ സിബി മലയില്‍ അവിടെയുണ്ട്.

തച്ചോളി അമ്പു, തീക്കടല്‍ ഇതിലൊക്കെ ഞങ്ങള്‍ ഒരുമിച്ച് വര്‍ക്ക് ചെയ്തതാണ്. മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലും ഞങ്ങള്‍ ഒരുമിച്ച് വര്‍ക്ക് ചെയ്തതാണ്. മഞ്ഞില്‍വിരിഞ്ഞ പൂക്കളില്‍ അസി.ഡയറക്ടര്‍ സിബി മലയില്‍ എന്ന് ഇട്ടിട്ടുണ്ടെങ്കിലും ഒരിക്കലും ഞാന്‍ സിബിയുടെ ഗുരുവല്ല, സിബി എന്റെ ശിഷ്യനുമല്ല, ഞങ്ങള്‍ ഒരുപോലെയാണ്.

സിബിയുടെ ആദ്യസിനിമ മുത്താരംകുത്തം പി.ഒ, രണ്ടാമത്തെ സിനിമയായ ചേക്കാറാനൊരു ചില്ലയുടെ പ്രിവ്യു കാണാന്‍ എന്നേയും വിളിച്ചു. പടം കണ്ട് ഇറങ്ങി വരുമ്പോള്‍ സിബിയെ ഒരു കൂട്ടം കവര്‍ ചെയ്തിരിക്കുകയാണ്. അതൊന്നും നോക്കാതെ ഞാന്‍ സിബിയെ പിടിച്ചുവലിച്ച് ചിത്രാജ്ഞലിയുടെ ഇരുട്ടിലേക്ക് കൊണ്ടുപോയി.

അദ്ദേഹത്തിന്റെ തോളത്ത് കയ്യിട്ട് ഞാന്‍ പറഞ്ഞു, സിബി ഒരു നല്ല സംവിധായകനാണ്. സംവിധാനത്തില്‍ ഉറച്ചുതന്നെ നില്‍ക്കണം. മലയാളത്തിലെ വലിയ സംവിധായകനായി താങ്കള്‍ മാറുമെന്ന് പറഞ്ഞു. ഇത് അദ്ദേഹം ഓര്‍ക്കുന്നുണ്ടോ എന്നറിയില്ല.

വര്‍ഷങ്ങള്‍ക്കുശേഷം 25ാം പടമോ മറ്റോ ആണ്. അതിന്റെ ഓപ്പണിങ് സെറിമണിക്ക് എന്നെ വിളിച്ചു. അന്ന് ഞാന്‍ പറഞ്ഞു. ഞാന്‍ എടുത്ത സിനിമകളേക്കാള്‍ നല്ല സിനിമകള്‍ എടുത്തിട്ടുള്ള ആളാണ് സിബി. എന്നെക്കാള്‍ നല്ല സംവിധായകനാണ് അദ്ദേഹം. അത് ഞാന്‍ ഇപ്പോഴും പറയുന്നു.

ഞങ്ങളുടെ കാലഘട്ടത്തില്‍ ഒരുപാട് ഡയറക്ടര്‍മാരുണ്ടായിരുന്നു. ജോഷിയാണെങ്കിലും ഐ.വി ശശിയാണെങ്കിലും കെ മധുവാണെങ്കിലും കമല്‍ ആണെങ്കിലും ഷാജി കൈലാസാണെങ്കിലുമൊക്കെ.

അവരുടെ സൃഷ്ടികളോടുള്ള ബഹുമാനം നിലനിര്‍ത്തിപ്പെടുത്തിക്കൊണ്ട് പറയുകയാണ് സത്യന്‍ അന്തിക്കാടിന്റെ നാടോടിക്കാറ്റ്, സന്മനസുള്ളവര്‍ക്ക് സമാധാനം സിനിമകള്‍ എന്നെ അസൂയപ്പെടുത്തിയിരുന്നു.

പ്രിയദര്‍ശന്റെ പൂച്ചക്കൊരു മൂക്കുത്തി, കിലുക്കം, ചിത്രം ഇതൊക്ക എന്നെ അസൂയപ്പെടുത്തിയിരുന്നു. എന്നാല്‍ സിബിയുടെ ചില സിനിമകള്‍ എന്നെ വിസ്മയിപ്പിച്ചു.

തനിയാവര്‍ത്തനം, കിരീടം, ദശരഥം എന്നീ സിനിമകള്‍ കണ്ട് ഞാന്‍ വല്ലാതായി. ഈ റിയലിസ്റ്റിക് സിനിമകളുടേയും എന്റര്‍ടൈന്‍മെന്റ് സിനിമകളുടേയും ഇടയില്‍ കിടന്ന് വീര്‍പ്പുമുട്ടിയ ഒരു സംവിധായകനേ മലയാളത്തില്‍ ഉള്ളൂ. അത് സിബി മലയിലാണ്.

ഒന്ന് ഞാന്‍ പറയും, ഈ 2025 വരെ മലയാള സിനിമ കണ്ട ഏറ്റവും മികച്ച സംവിധായകരുടെ പട്ടികയില്‍ സിബി മലയില്‍ ഉണ്ടായിരിക്കും ഉണ്ടായിരിക്കണം. എല്ലാ നന്മകളും,’ഫാസില്‍ പറഞ്ഞു.

Content Highlight: Director Fazil about Sibi Malayil