മഞ്ഞുമ്മല്‍ ബോയ്‌സിന്റെ ക്ലൈമാക്‌സില്‍ ഒരു കോംപ്ലിക്കേറ്റഡ് സീനുണ്ടായിരുന്നു; ഒടുവില്‍ വേണ്ടെന്ന് വെച്ചു: ചിദംബരം
Entertainment
മഞ്ഞുമ്മല്‍ ബോയ്‌സിന്റെ ക്ലൈമാക്‌സില്‍ ഒരു കോംപ്ലിക്കേറ്റഡ് സീനുണ്ടായിരുന്നു; ഒടുവില്‍ വേണ്ടെന്ന് വെച്ചു: ചിദംബരം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 13th January 2025, 8:09 am

2024ല്‍ മലയാള സിനിമയില്‍ ഏറ്റവും വലിയ വിജയമായ ചിത്രമായിരുന്നു മഞ്ഞുമ്മല്‍ ബോയ്‌സ്. 2004ല്‍ നടന്ന യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി ചിദംബരം സംവിധാനം ചെയ്ത ചിത്രമായിരുന്നു ഇത്. എറണാകുളത്തെ മഞ്ഞുമ്മലില്‍ നിന്ന് കൊടൈക്കനാലിലേക്ക് യാത്ര പോകുന്ന ഒരുകൂട്ടം യുവാക്കളുടെ കഥയാണ് മഞ്ഞുമ്മല്‍ ബോയ്‌സ് പറഞ്ഞത്.

സിനിമയുടെ അവസാനം വേറെയും ചില കോംപ്ലിക്കേറ്റഡ് പരിപാടികള്‍ ഉണ്ടായിരുന്നെന്നും പിന്നെ അത് വേണ്ടെന്ന് വെക്കുകയായിരുന്നെന്നും പറയുകയാണ് സംവിധായകന്‍ ചിദംബരം. ആ സീന്‍ കൂടെ ചെയ്താല്‍ സിനിമ ഇപ്പോഴൊന്നും അവസാനിക്കില്ലെന്ന് തോന്നുകയായിരുന്നെന്നും അദ്ദേഹം പറയുന്നു. ക്യൂ സ്റ്റുഡിയോയുടെ ഡയറക്ടേഴ്‌സ് റൗണ്ട് ടേബിളില്‍ സംസാരിക്കുകയായിരുന്നു ചിദംബരം.

‘മഞ്ഞുമ്മല്‍ ബോയ്‌സിന്റെ അവസാനം വേറെയും ചില കോംപ്ലിക്കേറ്റഡ് പരിപാടികള്‍ ഉണ്ടായിരുന്നു. പിന്നെ അത് വേണ്ടെന്ന് വെക്കുകയായിരുന്നു. സുഭാഷിനെയും കൊണ്ട് കുട്ടന്‍ കുഴിയില്‍ നിന്ന് മുകളിലേക്ക് കയറുമ്പോള്‍ അടിയില്‍ നിന്ന് ഫോഗ് കയറുന്ന ഒരു സീന്‍ കൂടെ ഉണ്ടായിരുന്നു.

ഇതിന്റെ അകത്ത് കുറേ ഹോളുകളുണ്ട്. അത് വഴി ഫോഗ് വരും. സത്യത്തില്‍ അങ്ങനെയാണ് ആ കേവിന് ‘ഡെവിള്‍സ് കിച്ചണ്‍’ എന്ന പേര് വരുന്നത്. അതായത് അകത്ത് നിന്ന് ആരോ പാചകം ചെയ്യുന്നത് പോലെ തോന്നിയിട്ടാണ്. സിനിമയില്‍ അവസാനം ഗുഹയില്‍ നിന്ന് പുറത്തേക്ക് ഫോഗ് വരുന്ന ഒരു സീന്‍ ചെയ്തത് അതുകൊണ്ടായിരുന്നു.

ക്ലൈമാക്‌സ് ബില്‍ഡ് ചെയ്യാനായി ആ ഫോഗ് കൊണ്ടുവന്നാലോ എന്ന് ആലോചിച്ചിരുന്നു. അവിടെ ആകെ ഫോഗ് കയറുകയും ആ സ്ഥലം മുഴുവന്‍ ബ്ലര്‍ ആകുകയും ചെയ്യുന്ന സീന്‍ ആയിരുന്നു ഉദ്ദേശിച്ചത്. ക്ലൈമാക്‌സില്‍ ഒരു എക്‌സ്ട്രാ ലെയര്‍ കൊണ്ടുവരാന്‍ വേണ്ടിയായിരുന്നു അത്.

പക്ഷെ ആ സീന്‍ കൂടെ ചെയ്താല്‍ സിനിമ ഇപ്പോഴൊന്നും അവസാനിക്കില്ലെന്ന് തോന്നി. അവസാനം ‘അല്ലെങ്കില്‍ വേണ്ട. ഇത്ര മതി’ എന്ന് തീരുമാനിച്ചു. അതല്ലായിരുന്നെങ്കില്‍ ക്ലൈമാക്‌സില്‍ കുറച്ച് കൂടെ ടെന്‍ഷന്‍ ബില്‍ഡ് ചെയ്യാന്‍ പറ്റിയേനേ. എന്തായാലും അടുത്തതില്‍ ആകാം (ചിരി),’ ചിദംബരം പറഞ്ഞു.

Content Highlight: Director Chidambaram Talks About Manjummel Boys Climax