ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയം എന്നതിലുപരി മലയാളത്തിലെ ഏറ്റവുമുയര്‍ന്ന കളക്ഷന്‍ റെക്കോഡും സ്വന്തം പേരിലാക്കിയ ചിത്രമാണ് ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്ര. കല്യാണി പ്രിയദര്‍ശനെ കേന്ദ്ര കഥാപാത്രമാക്കി ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത ചിത്രം പാന്‍ ഇന്ത്യന്‍ തലത്തില്‍ ചര്‍ച്ചയായി മാറി. ചിത്രത്തില്‍ സംവിധായകന്‍ ഒളിപ്പിച്ചുവെച്ച ചില ബ്രില്യന്‍സുകളും ചര്‍ച്ചചെയ്യപ്പെട്ടിരുന്നു.
ചിത്രം റിലീസായി മൂന്ന് മാസം പിന്നിടുമ്പോള്‍ പുതിയ ബ്രില്യന്‍സ് കണ്ടുപിടിച്ചിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ലോകഃയില്‍ പ്രധാന കഥാപാത്രങ്ങളിലൊന്നായ, ചന്തു സലിംകുമാര്‍ അവതരിപ്പിച്ച വേണുവിനെക്കുറിച്ചാണ് ഇപ്പോള്‍ ചര്‍ച്ച. നായകനായ സണ്ണിയുടെ കൂട്ടുകാരന്‍ എന്നതിനപ്പുറത്തേക്ക് ഒരുപാട് മിസ്റ്ററികള്‍ ഈ കഥാപാത്രത്തിനുണ്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ ചൂണ്ടിക്കാണിക്കുന്നത്.
ഫേസ്ബുക്കിലെ ഷഹീന്‍ ഉമ്മാലില്‍ എന്ന ഐ.ഡിയാണ് എന്ന ഗ്രൂപ്പാണ് ഈ ബ്രില്യന്‍സ് കണ്ടുപിടിച്ചത്. ചിത്രത്തില്‍ വേണു എന്ന കഥാപാത്രത്തെക്കുറിച്ച് സൂചനകളൊന്നും സംവിധായകന്‍ നല്‍കുന്നില്ലെന്നും അത് സംശയത്തിന് ഇടവെക്കുന്നുണ്ടെന്നും ഈ ഗ്രൂപ്പ് ചൂണ്ടിക്കാണിക്കുന്നു. ഡോക്ടറാകാന്‍ പഠിച്ച വേണു എന്തിനാണ് വാനനിരീക്ഷണത്തിലേക്ക് തിരിഞ്ഞതെന്നും ചോര കണ്ടാല്‍ തല കറങ്ങുന്നത് ശരിക്കും ഉള്ള കാര്യമാണോയെന്നും പോസ്റ്റില്‍ ചോദിക്കുന്നുണ്ട്.
ചന്ദ്രയുടെ ഫ്‌ളാറ്റില്‍ നിന്ന് സണ്ണിയുടെ പഴയ ഫോട്ടോ കിട്ടുമ്പോഴും അതിനെക്കുറിച്ച് വേണു ചോദിക്കാത്തത് സംശയമുണര്‍ത്തുന്നുണ്ടെന്നും ചൂണ്ടിക്കാണിക്കുന്നു. മൈക്കിളിന്റെ ഹൈഡ് ഔട്ട് സ്ഥലത്ത് വെച്ച് ചന്ദ്ര തന്റെ ഫ്‌ളാഷ്ബാക്ക് പറയുമ്പോള്‍ വേണു അത് സീരിയസായി കേള്‍ക്കാതെ ഇരിക്കുന്നതും സംശയം ഇരട്ടിപ്പിക്കുന്നുണ്ട്. ഫ്‌ളാറ്റില്‍ വെച്ച് വേണു കാണുന്ന സിനിമയും വായിക്കുന്ന പുസ്തകവും യക്ഷിയുമായും നീലിയുമായും ബന്ധമുള്ളതാണെന്നും പോസ്റ്റില്‍ പറയുന്നുണ്ട്.
ക്ലൈമാക്‌സില്‍ സണ്ണിക്ക് പകരം നാച്ചിയപ്പയുടെ കുത്ത് വേണു ഏറ്റുവാങ്ങുന്നത് വെറുതേയല്ലെന്നും അതിന് കാരണമുണ്ടാകുമെന്നും പോസ്റ്റില്‍ പറയുന്നു. ചാത്തന്‍ പോകാന്‍ നേരം കാറിന്റെ ചാവി വേണുവിന് നല്‍കുന്നതിന്റെ പിന്നിലും എന്തോ കാരണമുണ്ടെന്നും പോസ്റ്റില്‍ അഭിപ്രായപ്പെടുന്നു. ‘ദി ക്യൂരിയസ് കേസ് ഓഫ് വേണു’ എന്ന ക്യാപ്ഷനോടെയാണ് പോസ്റ്റ് പങ്കുവെച്ചത്.
സണ്ണി എന്ന കഥാപാത്രത്തെ സംരക്ഷിച്ച് നിര്‍ത്താന്‍ മൂത്തോന്‍ ഏര്‍പ്പാടാക്കിയ കഥാപാത്രമാണ് വേണുവെന്നാണ് പോസ്റ്റില്‍ അഭിപ്രായപ്പെടുന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ ഈ കഥാപാത്രത്തെ കൂടുതല്‍ എക്‌സ്‌പ്ലോര്‍ ചെയ്യാന്‍ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാണിക്കുന്നു. ഇത്രയും ഡീറ്റെയ്‌ലിങ് അടുത്തൊന്നും ഒരു മലയാള സിനിമക്ക് ലഭിച്ചിട്ടില്ല. ലോകഃയുടെ വരും ഭാഗങ്ങള്‍ സിനിമാപ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയാകുമെന്ന് ഉറപ്പാണ്.