അടി കപ്യാരെ കൂട്ടമണി രണ്ടാം ഭാഗത്തിന് ലീഡ് കിട്ടിയിട്ടുണ്ട്; ആദ്യ ഭാഗം എന്റെ കോളേജ് ഹോസ്റ്റലില്‍ നടന്നത്: എ.ജെ. വര്‍ഗീസ്
Malayalam Cinema
അടി കപ്യാരെ കൂട്ടമണി രണ്ടാം ഭാഗത്തിന് ലീഡ് കിട്ടിയിട്ടുണ്ട്; ആദ്യ ഭാഗം എന്റെ കോളേജ് ഹോസ്റ്റലില്‍ നടന്നത്: എ.ജെ. വര്‍ഗീസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 11th December 2025, 7:56 am

റിലീസിന് ശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇപ്പോഴും പ്രേക്ഷകരുടെ ചര്‍ച്ചാ വിഷയമാകുന്ന ചിത്രമാണ് എ.ജെ വര്‍ഗീസിന്റെ സംവിധാനത്തില്‍ പിറന്ന അടി കപ്യാരെ കൂട്ടമണി. ചിത്രത്തിന് ഒരു രണ്ടാം ഭാഗമുണ്ടാകുമോ എന്ന ചോദ്യവും പ്രേക്ഷകര്‍ക്കിടയില്‍ സജീവമാണ്. രണ്ടാം ഭാഗത്തിലേക്ക് ലീഡ് ലഭിച്ചിച്ചുണ്ടെന്നും നല്ല രീതിയില്‍ ഇതിനെ ഡെവലപ് ചെയ്‌തെടുക്കാമെന്നുമാണ് പ്രതീക്ഷയെന്നും പറയുകയാണ് സംവിധായകന്‍ എ.ജെ. വര്‍ഗീസ് ക്ലബ് എഫ്. എമ്മിന് നല്‍കിയ അഭിമുഖത്തില്‍.

അടി കപ്യാരെ കൂട്ടമണി. Photo: theatrical poster/ imdb

‘സത്യം പറഞ്ഞാല്‍ രണ്ടാം ഭാഗം എന്ന ആലോചന എനിക്കാദ്യം ഇല്ലായിരുന്നു. ടെയില്‍ എന്‍ഡില്‍ വെറുതെ അങ്ങനെയൊരു സാധനം വെച്ചുവെന്നെ ഉള്ളൂ. സ്വീക്വല്‍സ് ചെയ്യുവാണെങ്കില്‍ ആദ്യ ഭാഗത്തിനൊപ്പമോ അതിനെക്കാള്‍ മുകളിലോ നില്‍ക്കുന്ന ചിത്രങ്ങള്‍ ചെയ്യണം. അതിന് നല്ലൊരു സബ്ജക്ട് വേണം. കപ്യാര്‍ നിര്‍ത്തിയിടത്തു നിന്ന് നമുക്കൊരു സെക്കന്‍ഡ് പാര്‍ട്ട് ചെയ്യാന്‍ പറ്റില്ല.

കാരണം അധിഷ്ട ലക്ഷ്മിയുടെ വീട്ടില്‍ ധ്യാന്‍ പെട്ട് പോകുന്നതാണ് ക്ലൈമാക്‌സ്. അവിടെ നിന്ന് ഒരാണ്‍കുട്ടിക്ക് പുറത്തുകടക്കാന്‍ ബുദ്ധിമുട്ടുണ്ടാവില്ല. പിന്നെ പത്ത് വര്‍ഷമായില്ലേ അവരുടെ പ്രായവും ഫിസിക്കും മാറി. വേറെ എന്തെങ്കിലും സബ്ജക്ട് കിട്ടണം. നിലവില്‍ ചെറിയൊരു ലീഡ് കിട്ടിയിട്ടുണ്ട്. നല്ല രീതിയില്‍ പ്രൊഡക്ഷനും കാര്യങ്ങളുമെല്ലാം നടന്നാല്‍ രണ്ടാം ഭാഗമുണ്ടാകാം. വ്യക്തി പരമായി എനിക്ക് സ്വീക്വല്‍സിനോട് താത്പര്യമില്ല,’ സംവിധായകന്‍ പറഞ്ഞു.

സിനിമയിലെ ഹൊറര്‍ രംഗങ്ങള്‍ സ്വന്തം ജീവിതത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ചെയ്തതെന്നും എ.ജെ. വര്‍ഗീസ് പറഞ്ഞു.

‘കോളേജില്‍ പഠിക്കുന്ന സമയത്ത് ഞങ്ങള്‍ നാലഞ്ചു പേര്‍ ചേര്‍ന്ന് മറ്റുള്ളവരെ പേടിപ്പിച്ചിരുന്നു. ഒരാള്‍ മറ്റുള്ളവര്‍ക്ക് മുമ്പില്‍ ഓജോ ബോര്‍ഡ് കളിക്കുമ്പോള്‍ ബാക്കിയുള്ളവര്‍ ഓരോ റൂമിലും ചെന്ന് ചോര തെറിപ്പിക്കുക, തീ കത്തിക്കുക, തൊട്ടടുത്ത വാഴത്തോട്ടത്തില്‍ നിന്നും വാഴ വെട്ടിയിടുകയെല്ലാം ചെയ്തിരുന്നു. ഇതെല്ലാം ഞങ്ങള്‍ ഫസ്റ്റ് ഇയറില്‍ പഠിക്കുമ്പോള്‍ ചെയ്ത കാര്യങ്ങളാണ്. പക്ഷേ ചിത്രത്തിലുള്ള പോലെ പെണ്ണിനെയൊന്നും ഹോസ്റ്റലില്‍ കയറ്റിയിട്ടില്ല.

‘അടിനാശം വെള്ളപ്പൊക്കം’. Photo: theatrical poster/ book my show

ഇങ്ങനെ ഒരു മുക്കാല്‍ ഭാഗത്തോളം ഹോസ്റ്റല്‍ കാലത്ത് ഞങ്ങള്‍ ചെയ്ത കാര്യങ്ങളാണ് സിനിമയില്‍ കാണിച്ചിട്ടുള്ളത്. ഹോസ്റ്റലില്‍ വച്ചാണ് സിനിമയുടെ ഐഡിയ കിട്ടുന്നതും’ എ.ജെ. വര്‍ഗീസ് പറഞ്ഞു.

ഷൈന്‍ ടോം ചാക്കോ, മഞ്ജു പിള്ള, അജു വര്‍ഗീസ് തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്ന ‘അടിനാശം വെള്ളപ്പൊക്ക’ മാണ് എ.ജെ. വര്‍ഗീസിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങാനിരിക്കുന്ന പുതിയ സിനിമ.  ഡിസംബര്‍ 12 ന് ചിത്രം തിയേറ്റേറുകളിലെത്തും.

Content Highlight: director aj Varghese talks about adi kapyare koottamani and his upcoming project